ലൈംഗിക പീഡനത്തിൽനിന്ന് രക്ഷപ്പെടാൻ പെച്ചിയമ്മാൾ 'ആണാ'യി; 36 വർഷം പുരുഷ വേഷമണിഞ്ഞു
text_fieldsചെന്നൈ: പെച്ചിയമ്മാൾ 'ആണായി' ജീവിച്ചത് നീണ്ട 36 വർഷം. ഭർത്താവിന്‍റെ മരണാനന്തരം ജോലി സ്ഥലങ്ങളിൽ ലൈംഗിക പീഡനം നേരിടേണ്ടി വന്നപ്പോഴാണ്, തമിഴ്‌നാട്ടിലെ തൂത്തുക്കുടി സ്വദേശി പെച്ചിയമ്മാൾ 36 കൊല്ലം പുരുഷവേഷം കെട്ടി ജീവിച്ചത്. തന്‍റെ മകളുടെ സുരക്ഷ ഓർത്ത് കൂടിയാണ് താൻ ആൺ വേഷമണിഞ്ഞതെന്ന് ഇവർ പറയുന്നു.
വിവാഹം കഴിഞ്ഞ് 15 ദിവസത്തിനുള്ളിൽ തന്നെ പെച്ചിയമ്മാളിന്‍റെ ഭർത്താവ് മരണപ്പെട്ടു. മാസങ്ങൾക്ക് ശേഷം മകൾ ഷൺമുഖസുന്ദരിക്ക് ജന്മം നൽകിയ പെച്ചിയമ്മാൾ മറ്റൊരു വിവാഹം വേണ്ടെന്നു തീരുമാനിക്കുകയായിരുന്നു. അന്ന് തനിക്ക് 20 വയസായിരുന്നെന്നും കുറച്ചു കാലം നന്നായി ബുദ്ധിമുട്ടിയിരുന്നുവെന്നും പെച്ചിയമ്മാൾ ഓർത്തെടുത്തു.
ഉപജീവനത്തിനായി കെട്ടിട നിർമാണ ശാലകളിലും ഹോട്ടലുകളിലും ചായക്കടകളിലുമെല്ലാം ജോലി ചെയ്തിരുന്നുവെന്നും എന്നാൽ അവിടെ നിന്നെല്ലാം പീഡനങ്ങൾ നേരിടേണ്ടി വന്നതിനാലാണ് തന്‍റെ സ്ത്രീത്വം എന്നെന്നേക്കുമായി ഒളിച്ചു വെക്കാമെന്ന തീരുമാനത്തിലെത്തിയതെന്നും അവർ വ്യക്തമാക്കി. വേഷം മാറ്റി ഷർട്ടും ലുങ്കിയും ധരിച്ച് മുത്തു എന്ന് സ്വയം നാമകരണം ചെയ്യുകയായിരുന്നെന്നും പെച്ചിയമ്മാൾ പറഞ്ഞു.
20 വർഷം മുമ്പാണ് ഇവർ കാട്ടുനായ്ക്കൻപട്ടിയിൽ താമസമാക്കിയത്. മകൾക്കും നാട്ടിലുള്ള അടുത്ത ബന്ധുക്കൾക്കും മാത്രമെ ഇവർ ഒരു സ്ത്രീയാണെന്ന് അറിയാമായിരുന്നുള്ളൂ.
ഷൺമുഖസുന്ദരി ഇപ്പോൾ വിവാഹിതയായി കുടുംബത്തോടൊപ്പം താമസിക്കുകയാണ്. എന്നാൽ തന്‍റെ വേഷമോ വ്യക്തിത്വമോ വെടിയാൻ പെച്ചിയമ്മാൾ ഇതുവരെ തയ്യാറായിട്ടില്ല. തന്‍റെ വേഷപ്പകർച്ച മകൾക്ക് സുരക്ഷ ഉറപ്പുവരുത്തിയിരുന്നെന്നും ഇനിയുള്ള കാലം 'മുത്തു' ആയി തന്നെ തുടരാനാണ് തീരുമാനമെന്നും പെച്ചിയമ്മാൾ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.