'ചൂലെടുത്തിറങ്ങാൻ' കെജ്‌രിവാള്‍ ഒരുങ്ങുമ്പോൾ വിവിധ സംസ്ഥാനങ്ങളിൽ ആപ്പിനെ നയിക്കാൻ 10 വിശ്വസ്തർ
text_fieldsന്യൂഡൽഹി: പഞ്ചാബിലെ മിന്നുംജയത്തിൽ തിളങ്ങിനിൽക്കുകയാണ് ആം ആദ്മി പാർട്ടിയും ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളും. ഡൽഹിയെ കൂടാതെ മറ്റൊരു പ്രധാന സംസ്ഥാനം കൂടി ആപ്പ് ഭരണത്തിന് കീഴിലെത്തിയത് പാർട്ടിക്ക് നൽകുന്ന പ്രതീക്ഷകൾ ചെറുതല്ല. ഇതോടെ, കൂടുതൽ സംസ്ഥാനങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ ലക്ഷ്യമിടുകയാണ് ആപ്പ് ദേശീയ നേതൃത്വം. ബി.ജെ.പിയുടെ ഭരണപരാജയങ്ങൾ ആയുധമാക്കാൻ കോൺഗ്രസിനോ മറ്റ് പ്രതിപക്ഷ കക്ഷികൾക്കോ സാധിക്കാത്ത സാഹചര്യത്തിൽ തങ്ങൾക്ക് നേട്ടംകൊയ്യാനാകുമെന്നാണ് ആപ്പിന്‍റെ നിഗമനം. പഞ്ചാബിലെ തെരഞ്ഞെടുപ്പ് ഫലത്തെ ഇതിന്‍റെ ഏറ്റവും നല്ല സൂചനയായാണ് ദേശീയ നേതൃത്വം കാണുന്നത്. കൂടുതൽ സംസ്ഥാനങ്ങളിലേക്ക് പാർട്ടിയെ വ്യാപിപ്പിക്കാനൊരുങ്ങുമ്പോൾ അരവിന്ദ് കെജ്‌രിവാൾ പടനായകരായി പരിഗണിക്കുന്നത് 10 നേതാക്കളെയാണെന്ന് നേതൃത്വവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. കെജ്‌രിവാളിന്‍റെ വിശ്വസ്തരും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരുമായ 10 പേർ.
1. ദുർഗേഷ് പതക് (ഹിമാചൽ പ്രദേശ്)
പാർട്ടിക്കുള്ളിൽ കെജ്‌രിവാളിന്‍റെ കണ്ണും കാതും എന്നറിയപ്പെടുന്ന നേതാവാണ് 31കാരനായ ദുർഗേഷ് പതക്. ദേശീയ കൺവീനറുടെ ഏറ്റവുമടുത്ത അനുയായികളിലൊരാളായ പതക് പഞ്ചാബ് തെരഞ്ഞെടുപ്പിന് മുമ്പേ പാർട്ടിയുടെ വിപുലീകരണ പദ്ധതികളിൽ സജീവമായിരുന്നു. പാർട്ടിയുടെ പ്രായംകുറഞ്ഞ ദേശീയ എക്സിക്യൂട്ടിവ് അംഗമാണ്. 2011ൽ അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ ഇന്ത്യ എഗയിൻസ്റ്റ് കറപ്ഷൻ സമരം നടന്നപ്പോൾ ദുർഗേഷ് പങ്കാളിയായിരുന്നു. 2017ലെ പഞ്ചാബ് തെരഞ്ഞെടുപ്പിലും നിർണായക ചുമതല വഹിച്ചു. ഇക്കഴിഞ്ഞ ഗോവ തെരഞ്ഞെടുപ്പിലും ചുമതലയുണ്ടായിരുന്നു.
2. സന്ദീപ് പതക് (ഗുജറാത്ത്)
ആപ്പിന്‍റെ മുൻനിരയിലെ മറ്റൊരു പതക് ആണ് സന്ദീപ് പതക്. ഡൽഹി ഐ.ഐ.ടിയിലെ അസോ. പ്രഫസറായിരുന്ന സന്ദീപ് പതകിന് ഗുജറാത്ത് ജോ. സെക്രട്ടറി ചുമതലയാണ് നൽകിയിരിക്കുന്നത്. പഞ്ചാബിൽ നിന്ന് രാജ്യസഭയിലേക്കെത്തുമെന്നും സൂചനയുണ്ട്.
3. സൗരഭ് ഭരദ്വാജ് (ഹരിയാന)
ഡൽഹി ഗ്രേറ്റർ കൈലാഷിൽ നിന്ന് മൂന്നാംവട്ടവും എം.എൽ.എയായ 42കാരനായ സൗരഭ് ഭരദ്വാജ് കംപ്യൂട്ടർ എൻജിനീയറാണ്. പാർട്ടിയുടെ ചില മൃദുഹിന്ദുത്വ സമീപനങ്ങൾ സൗരഭിന്‍റെ നീക്കമായിരുന്നെന്നാണ് പറയപ്പെടുന്നത്. ബി.ജെ.പിയെ അവരുടെ ആയുധം വെച്ചുതന്നെ നേരിടുകയായിരുന്നു ലക്ഷ്യം. ഡൽഹിയിലെ ആദ്യ ആപ്പ് സർക്കാറിൽ ഗതാഗത-ഭക്ഷ്യവകുപ്പ് മന്ത്രിയായിരുന്നു.
4. സഞ്ജീവ് ഝാ (ഛത്തീസ്ഗഢ്)
ഡൽഹിയിൽ നിന്ന് മൂന്നാംവട്ടവും എം.എൽ.എയായ 42കാരനായ സഞ്ജീവ് ഝാ യു.പിയിൽ നിന്നും ബിഹാറിൽ നിന്നും കുടിയേറിയെത്തിയവരുടെ മുഖമാണ്. ബിഹാറിൽ ജനിച്ചുവളർന്ന ഝാ ആപ്പിന്‍റെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. വിദ്യാർഥി വിഭാഗത്തെ സംഘടിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിക്കുകയും ചെയ്തു. അണ്ണാ ഹസാരെയുടെ സമരവേളയിലാണ് ഝാ കെജരിവാളുമായി അടുക്കുന്നത്.
5. ദിലീപ് പാണ്ഡേ (കർണാടക)
41കാരനായ ദിലീപ് പാണ്ഡേ ആപ്പിന്‍റെ ക്രൈസിസ് മാനേജ്മെന്‍റ് വിദഗ്ധനെന്നാണ് അറിയപ്പെടുന്നത്. കോവിഡ് വ്യാപന കാലത്ത് ഹെൽപ് സെന്‍ററുകൾ ഉൾപ്പെടെയുള്ള സഹായ പ്രവർത്തനങ്ങൾ ഇദ്ദേഹത്തിന്‍റെ നേതൃത്വത്തിലാണ് ഏകോപിപ്പിച്ചത്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ നോർത്ത് ഈസ്റ്റ് ഡൽഹിയിൽ നിന്ന് മത്സരിച്ച് പരാജയപ്പെട്ട പാണ്ഡേ അടുത്ത വർഷം തിമാർപൂരിൽ നിന്ന് എം.എൽ.എയായി ജയിച്ചുകയറി.
എൻജിനീയറായി ജോലിചെയ്തുകൊണ്ടിരിക്കെയാണ് പാണ്ഡെ ആപ്പിലെത്തുന്നതും രാഷ്ട്രീയ മുഖ്യധാരയിൽ സജീവമാകുന്നതും.
6. വിനയ് മിശ്ര (രാജസ്ഥാൻ)
പടിഞ്ഞാറൻ ഡൽഹിയിൽ നിന്നുള്ള മുൻ എം.പിയും നാലു തവണ എം.എൽ.എയുമായ മുതിർന്ന കോൺഗ്രസ് നേതാവ് മഹാബൽ മിശ്രയുടെ മകനാണ് 39കാരനായ മിശ്ര. 2020ൽ പാർട്ടി സ്ഥാപകസമയം മുതലുള്ള നേതാവും മുൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയുടെ ചെറുമകനുമായ ആദർശ് ശാസ്ത്രിയെ മാറ്റിയാണ് മിശ്രക്ക് ആപ്പ് ദ്വാരക സീറ്റിൽ മത്സരിക്കാൻ അവസരം നൽകിയത്. നിലവിൽ പാർട്ടിയുടെ രാജസ്ഥാന്റെ ചുമതലയുള്ള നേതാവാണ് വിനയ് മിശ്ര.
7. അജേഷ് യാദവ് (ബിഹാർ)
സാധാരണക്കാർക്കിടയിൽ ജീവിക്കുന്ന ഡൽഹിയിലെ നിരവധി ആപ്പ് എം.എൽ.എമാരിലൊരാളാണ് അജേഷ് യാദവ്. ബദ്ലിയിൽ നിന്നുള്ള എം.എൽ.എയായ ഇദ്ദേഹം ടി.വി ചർച്ചകളിലോ വാർത്തസമ്മേളനങ്ങളിലോ പങ്കെടുക്കൽ അപൂർവാണ്. ബിസിനസ്മാൻ കൂടിയായ ഇദ്ദേഹം നിയമസഭയിലെ ചർച്ചകളിൽ പോലും പങ്കെടുക്കൽ കുറവാണ്. എന്നാൽ, ഡൽഹിയിലെ കോളനികളുടെ വികസനത്തിൽ 54കാരനായ അജേഷ് യാദവ് വഹിക്കുന്ന പങ്ക് പാർട്ടിക്ക് നന്നായി അറിയാം.
8. അജയ് ദത്ത് (ഹിമാചൽ)
അംബേദ്കർ ഗനർ കോളനിയിൽ നിന്നുള്ള എം.എൽ.എയാണ് 46കാരനായ അജയ് ദത്ത്. ദലിത് വിഭാഗങ്ങളുമായി കൂടുതൽ അടുപ്പമുള്ള നേതാവായാണ് ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. 2019ൽ ഡൽഹിയിലെ രവിദാസ് ക്ഷേത്രം പൊളിക്കുന്നതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നു. ആരാധനക്കായി ഏറെ ദലിതർ എത്തുന്ന ക്ഷേത്രമായിരുന്നു ഇത്. അന്ന്, ക്ഷേത്രം പൊളിക്കുന്നതിനെതിരെ നടന്ന പ്രക്ഷോഭത്തിൽ പങ്കെടുത്ത് നിയമസഭക്കു മുന്നിൽ ഇദ്ദേഹം ഷർട്ട് വലിച്ചുകീറി പ്രതിഷേധിച്ചത് വലിയ വാർത്താപ്രധാന്യം നേടി. വളരെ കഷ്ടതകൾ നിറഞ്ഞ ബാല്യകാലം പിന്നിട്ടാണ് വളർന്നത്. ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്ന് ഡിഗ്രീയും ബിസിനസ് മാനേജ്മെന്‍റിൽ പി.ജിയും സ്വന്തമാക്കി. നിരവധി നിയമസഭ കമ്മിറ്റികളിലും അജയ് ദത്ത് അംഗമാണ്.
9. ഗുലാബ് സിങ് യാദവ് (ഗുജറാത്ത്)
ഡൽഹി മട്ട്യാല മണ്ഡലത്തിൽ നിന്ന് തുടർച്ചയായി രണ്ടാംതവണയും എം.എൽ.എയായ നേതാവാണ് 43കാരനായ ഗുലാബ് സിങ് യാദവ്. തിരശീലക്ക് പിന്നിൽ പ്രവർത്തിക്കുന്ന നേതാവെന്നാണ് വിശേഷണം. ഏപ്രിൽ രണ്ടിന് കെജരിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും അഹമ്മദാബാദിൽ റാലിയിൽ പങ്കെടുത്തപ്പോൾ പരിപാടിക്ക് ചുക്കാൻ പിടിച്ചത് ഗുലാബ് സിങ്ങായിരുന്നു. 2015 മുതൽ ഗുജറാത്തിൽ പ്രവർത്തിക്കുന്നുണ്ട്.
10. സോംനാഥ് ഭാരതി (തെലങ്കാന)
മാളവ്യ നഗറിൽ നിന്നുള്ള മൂന്നാംവട്ട എം.എൽ.എയും മുൻ മന്ത്രിയുമാണ് 47കാരനായ സോംനാഥ് ഭാരതി. ആപ്പ് നേതൃനിരയിലെ ഏറ്റവും പരിചിത മുഖങ്ങളിലൊന്ന്. നിയമകാര്യങ്ങളിലും പൊതുഭരണത്തിലുമുള്ള ഇദ്ദേഹത്തിന്‍റെ പ്രാഗത്ഭ്യം പ്രശംസിക്കപ്പെട്ടിട്ടുള്ളതാണ്. ബിഹാറിൽ നിന്നുള്ള ഇദ്ദേഹം ഐ.ഐ.ടി ഡൽഹിയിൽ നിന്ന് എം.എസ്.സി പൂർത്തിയാക്കിയതാണ്. പിന്നീട് സോഫ്റ്റ് വെയർ ബിസിനസിലേക്ക് കടന്നു. ശേഷം നിയമപഠനം നടത്തി സുപ്രീംകോടതിയിൽ പ്രാക്ടീസ് ആരംഭിച്ചു. 2010ലാണ് കെജരിവാളും സോംനാഥ് ഭാരതിയും കണ്ടുമുട്ടുന്നത്. ആപ്പിന്‍റെ സ്ഥാപക അംഗങ്ങളിലൊരാളായി ഇദ്ദേഹം മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.