Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇത് സുനിൽ കനുഗോലു...

ഇത് സുനിൽ കനുഗോലു മാജിക്...; കോൺഗ്രസ് വിജയത്തിനു പിന്നിലെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനെ അറിയാം...

text_fields
bookmark_border
ഇത് സുനിൽ കനുഗോലു മാജിക്...; കോൺഗ്രസ് വിജയത്തിനു പിന്നിലെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനെ അറിയാം...
cancel

രണ്ടു മാസം മുമ്പ്, ബംഗളൂരു നഗരത്തിലെ പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലായ താജ് വെസ്റ്റ് എൻഡിലെ ലോബിയിൽ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള മോഹവുമായി പന്ത്രണ്ടോളം കോൺഗ്രസ് നേതാക്കൾ ഇരിക്കുന്നു. കർണാടകയുടെ ചുമതല വഹിക്കുന്ന എ.ഐ.സി.സി ജനറൽ സെക്രട്ടറി റൺദീപ് സിങ് സുർജേവാല ഇവിടെയാണ് തങ്ങുന്നത്. ഇതിനിടെ തന്‍റെ പഴയ കാർ ഹോട്ടലിനു മുന്നിൽ നിർത്തി, കണ്ണടയും കുറ്റി താടിയുമുള്ള 40 വയസ്സ് തോന്നിക്കുന്ന, ചീകാത്ത മുടിയുമായി ഒരാൾ ഹോട്ടലിന്റെ ലോബിയിൽ കാത്തുനിന്നവരുടെ ഇടയിലൂടെ സുർജേവാലയെ കാണാനെത്തുന്നു. അതാണ് സുനിൽ കനുഗോലു, സംസ്ഥാനത്ത് കോൺഗ്രസിന്‍റെ അട്ടിമറി ജയം ഉറപ്പാക്കുന്നതിൽ വലിയ പങ്കുവഹിച്ച മുഖ്യ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ.

എന്നും തിരശ്ശീലയുടെ പിന്നിൽ നിൽക്കാനായിരുന്നു അദ്ദേഹത്തിന് ഇഷ്ടം. അധികം സംസാരിക്കാത്ത, കേൾക്കാൻ കൂടുതൽ ഇഷ്ടപ്പെടുന്ന, പബ്ലിസിറ്റിയോ, ബഹുമതികളോ ആഗ്രഹിക്കാത്ത അന്തർമുഖനായ വ്യക്തി. പലരും ആദ്യമായിട്ടായിരിക്കും ഇദ്ദേഹത്തെ കേൾക്കുന്നതും അറിയുന്നതും. തെരഞ്ഞെടുപ്പു കാര്യങ്ങളിൽ രാഹുൽ ഗാന്ധിയെ നേരിട്ട് ഉപദേശിക്കുന്ന കോൺഗ്രസിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒരാളാണ് ഇന്ന് സുനിൽ കനുഗോലു. കർണാടകയിൽ കോൺഗ്രസ് നേടിയ വൻവിജയത്തിനു പിന്നിൽ, കർണാടക പി.സി.സി അധ്യക്ഷനോടൊപ്പം കനുഗോലുവിനോടും പാർട്ടി കടപ്പെട്ടിരിക്കുന്നു. കഴിഞ്ഞവർഷമാണ് ന്യൂഡൽഹിയിലെ ബി.ജെ.പി നേതൃത്വത്തെ ഞെട്ടിച്ച് അദ്ദേഹം കോൺഗ്രസിനൊപ്പം ചേരുന്നത്. സ്ട്രാറ്റജി വകുപ്പിന്‍റെ മേധാവിയായി ചുമതലയേറ്റതിനു പിന്നാലെ കർണാടകയിൽ 2023 നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളും തുടങ്ങി. കനുഗോലു കോൺഗ്രസിനൊപ്പം ചേരുമ്പോൾ, സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ തുടങ്ങിയിരുന്നു, പക്ഷേ, അതിനൊരു ദിശയില്ലായിരുന്നു.

രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും പൂർണ പിന്തുണയോടെ എത്തിയ അദ്ദേഹം, തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഏകോപനം ഏറ്റെടുക്കുകയും ബി.ജെ.പി സർക്കാറിനെ താഴെയിറക്കാൻ ലക്ഷ്യമിട്ട് വിദഗ്ധരുടെ പ്രത്യേക സംഘത്തെ ഉൾപ്പെടുത്തി ഒരു ടീം ഉണ്ടാക്കുകയും ചെയ്തു. അപകടം മണത്തറിഞ്ഞ, കനുഗോലുവുമായി മുൻ പരിചയമുണ്ടായിരുന്ന മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, അദ്ദേഹത്തെ ബി.ജെ.പി പാളയത്തിലെക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും ഫലം കണ്ടില്ല. അഭ്യർഥന നിരസിച്ച കനുഗോലു, കോൺഗ്രസ് പ്രത്യയശാസ്ത്രത്തിലാണ് തനിക്ക് വിശ്വാസമെന്നും വ്യക്തമാക്കി. രാഹുൽ ഗാന്ധി കന്യാകുമാരിയിൽനിന്ന് കശ്മീരിലേക്ക് നടത്തിയ ഭാരത് ജോഡോ യാത്രയുടെ തന്ത്രങ്ങൾ മെനയുന്നതിലും അദ്ദേഹത്തിന് നിർണായക പങ്കുണ്ടായിരുന്നു.

കർണാടകയിൽ കോൺഗ്രസിന്‍റെ തിരിച്ചുവരവിനായി മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും ഡി.കെ. ശിവകുമാറിന്റെയും നേതൃത്വത്തിലുള്ള വിഭാഗങ്ങളെ ഒരുമിച്ച് നിർത്താൻ അദ്ദേഹത്തിന്‍റെ തന്ത്രങ്ങൾക്ക് കഴിഞ്ഞു.

ദിവസം 20 മണിക്കൂർ ജോലി

ദിവസം 20 മണിക്കൂറാണ് കോൺഗ്രസിന്‍റെ വിജയത്തിനായി കനുഗോലു പണിയെടുത്തത്. ഒരുദിവസം പോലും അവധിയെടുത്തില്ല. പലപ്പോഴും അന്തർമുഖനായി ഇരിക്കാനായിരുന്നു കനുഗോലുവിന് ഇഷ്ടം. പൊതുസ്ഥലത്തെ ചർച്ചകളും അഭിപ്രായപ്രകടനങ്ങളൊന്നും അദ്ദേഹത്തെ ബാധിച്ചില്ല. ‘അത് എപ്പോഴും എന്നെ സഹായിച്ചിട്ടുണ്ട്. എന്റെ ശൈലി ലളിതമാണ്. നമുക്ക് ജയിക്കണം. എനിക്ക് പബ്ലിസിറ്റിയോ, ബഹുമതികളോ ആവശ്യമില്ല. ഞാൻ ആരാണെന്ന് കാര്യമുള്ളവർക്ക് അറിയാം. മറ്റുള്ളവരെക്കുറിച്ച് എനിക്ക് ആശങ്കയില്ല’ -കനഗോലു പറയുന്നു.

സംസ്ഥാനത്ത് കോൺഗ്രസ് നേടിയ അട്ടിമറി ജയത്തോടെ കനഗോലു, പാർട്ടിയിൽ തന്‍റെ സ്ഥാനം കൂടുതൽ അരക്കിട്ടുറപ്പിക്കുകയാണ്. ഈ വർഷം തെലങ്കാന, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാൻ നിയമസഭകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിലും പാർട്ടി ഇദ്ദേഹത്തിന്‍റെ തന്ത്രങ്ങളെ തന്നെ ആശ്രയിക്കാനാണ് സാധ്യത കൂടുതൽ. കർണാടകയിലെ ബെള്ളാരി സ്വദേശിയാണ് കനുഗോലു. വളർന്നതും പഠിച്ചതും ചെന്നൈയിലാണ്. യു.എസിലാണ് ഉന്നത പഠനം പൂർത്തിയാക്കിയത്. ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ അദ്ദേഹം, ഗുജറാത്തിൽ രാഷ്ട്രീയ തന്ത്രങ്ങളിൽ ഏർപ്പെടുകയും അസോസിയേഷൻ ഓഫ് ബില്യൺ മൈൻഡ്സിന്‍റെ (എ.ബി.എം) നേതൃസ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രധാന തന്ത്രജ്ഞരിൽ ഒരാളായിരുന്നു. 2017ന്റെ തുടക്കത്തിൽ നടന്ന യു.പി നിയമസഭ തെരഞ്ഞെടുപ്പിൽ കനുഗോലുവാണ് ബി.ജെ.പിയുടെ പ്രചാരണ വിഭാഗം കൈകാര്യം ചെയ്തത്. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഡി.എം.കെയുടെ പ്രചാരണത്തിന് മേൽനോട്ടം വഹിച്ചു. ആ തെരഞ്ഞെടുപ്പിൽ ഡി.എം.കെ നേതൃത്വത്തിലുള്ള സഖ്യം 39 സീറ്റുകളിൽ 38 എണ്ണവും നേടി. പ്രമുഖ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:election strategistkarnataka assembly election 2023Sunil Kanugolu
News Summary - Meet the Reclusive Election Strategist Who Ensured Victory for Congress
Next Story