‘ലോകത്തെ ഏറ്റവും സമ്പന്നനായ യാചകൻ’...അതൊരു ഇന്ത്യക്കാരനാണ്
text_fieldsമുംബൈ: യാചകൻ എന്നുകേൾക്കുമ്പോൾ മുഷിഞ്ഞ വസ്ത്രവും വൃത്തിഹീനമായ ദേഹവും പട്ടിണിയും പരിവട്ടവും നിറഞ്ഞ പശ്ചാത്തലവുമൊക്കെയായി ഒരാളുടെ ചിത്രമാകും നമുക്കു മുന്നിൽ തെളിയുക. എന്നാൽ, കോടികൾ ആസ്തിയുള്ള, സാമ്പത്തികമായി ഔന്നത്യത്തിൽ വിരാജിക്കുന്നയാളാണ് ഒരു യാചകനെങ്കിലോ? അങ്ങനെയൊരാൾ നമ്മുടെ രാജ്യത്തുണ്ട്. ലോകത്തെ ഏറ്റവും സമ്പന്നനായ യാചകൻ.
ഏഴരക്കോടി രൂപയുടെ ആസ്തിയുള്ള ഭരത് ജെയ്ൻ ആണ് പദവിക്ക് ഉടമ. മുംബൈയാണ് ഭൂമിയിലെ സമ്പന്നനായ യാചകന്റെ തട്ടകം. മഹാനഗരത്തിന്റെ തെരുവുകളിൽ ഭിക്ഷ യാചിച്ചാണ് ജെയ്ൻ തന്റെ ‘സമ്രാജ്യം’ കെട്ടിപ്പൊക്കിയത്. യാചിച്ചു കിട്ടിയ പണംകൊണ്ട് 1.2 കോടി രൂപയുടെ രണ്ടു ബെഡ്റൂം ഫ്ലാറ്റ് നഗരത്തിലെ കണ്ണായ സ്ഥലത്ത് ഇയാൾ സ്വന്തമാക്കി. താനെയിൽ രണ്ടു കടമുറികളുമുണ്ട്.
ഇയാളുടെ മാസവരുമാനം 60000-75000 രൂപയാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നു. യാചിച്ചുകിട്ടുന്നതും ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ വാടകയുമൊക്കെ ചേർന്നാണിത്. വാടകയിനത്തിൽ 30000 രൂപ ലഭിക്കും. നഗരത്തിൽ ഛത്രപതി ശിവാജി ടെർമിനസ്, ആസാദ് മൈതാൻ എന്നിവ ചുറ്റിപ്പറ്റിയാണ് ഭിക്ഷ തേടുന്നത്.
ചെറുപ്പത്തിലെ ദാരിദ്ര്യം കാരണം ജെയിന് സ്കൂളിൽ പോകാനായില്ല. തുടർന്നാണ് ഭിക്ഷാടനത്തിലേക്ക് തിരിഞ്ഞത്. പണം കിട്ടിത്തുടങ്ങിയപ്പോൾ പിന്നെ ‘തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല’.
കുടുംബവുമൊത്ത് സന്തുഷ്ടജീവിതം നയിക്കുകയാണ് ജെയ്ൻ. രണ്ട് ആൺമക്കളും ഭാര്യയും തന്റെ ‘തൊഴിലിന്’ എല്ലാ പിന്തുണയും നൽകുന്നതായി ഇയാൾ പറയുന്നു. മക്കൾ രണ്ടുപേരും കോൺവെന്റ് സ്കൂളിൽ പഠിക്കുകയാണ്. പറേലിലെ ഒരു ബെഡ്റൂം അപാർട്മെന്റിലാണ് ഇപ്പോൾ ജെയ്നും കുടുംബവും താമസം. പിതാവും സഹോദരനും ഒപ്പമുണ്ട്. സഹോദരൻ ഒരു സ്റ്റേഷനറി കട നടത്തുകയാണ്. ഭിക്ഷ തേടൽ നിർത്താൻ കുടുംബം ആവശ്യപ്പെടുന്നുണ്ടെങ്കിൽ അതൊന്നും കേൾക്കാതെ ഭരത് തന്റെ ‘ജോലി’ തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.