എമിനെ ഉർദുഗാനുമായി കൂടിക്കാഴ്ച: ആമിർ ഖാനെതിരെ ആർ.എസ്.എസ് മാസിക
text_fieldsന്യൂഡൽഹി: ബോളിവുഡ് താരം ആമിർ ഖാനെതിരെ ആർ.എസ്.എസ് മാസികയായ പാഞ്ചജന്യം. പാഞ്ചജന്യത്തിൻെറ പുതിയ പതിപ്പിെല കവർ സ്റ്റോറിയിലാണ് താരത്തിനെതിരായ രൂക്ഷ വിമർശനം. നിലവിൽ ആമിർ ഖാൻ ഒരു ദേശീയവാദിയല്ലെന്നാണ് ആർ.എസ്.എസ് നിരീക്ഷണം. ലഗാൻ, സർഫറോഷ്, 1857- ദ റൈസിങ് തുടങ്ങിയ ചിത്രങ്ങൾ സമ്മാനിച്ച ആമിർ ഖാൻെറ ഇപ്പോഴത്തെ പ്രവൃത്തികൾ ദേശീയതയുടെ നിറം കെടുത്തുന്നുവെന്ന് മാഗസിൻ എഡിറ്റർ ഹിതേഷ് ശങ്കർ 'ദ ഹിന്ദു' ദിനപത്രത്തോട് പറഞ്ഞു.
തുർക്കി പ്രഥമ വനിതയും പ്രസിഡൻറ് ഉർദുഗാൻെറ ഭാര്യയുമായ എമിനെ ഉർദുഗാനുമായി കൂടിക്കാഴ്ച നടത്തിയതിനെ തുടർന്ന് ആമിറിനെതിരെ ആർ.എസ്.എസ് സംഘടനകൾ പരസ്യമായി രംഗത്തു വന്നിരുന്നു. തുർക്കി ഇന്ത്യയുടെ ശത്രുപക്ഷത്തുള്ള രാജ്യമാണെന്നും പാകിസ്താൻ അനുകൂലമാണെന്നുമായിരുന്നു ആർ.എസ്.എസിൻെറ പ്രതികരണം.
'എമിനെ ഉർദുഗാനും ആമിർഖാനുമായുള്ള കൂടിക്കാഴ്ച ഇന്ത്യയെ മുറിവേൽപ്പിച്ചു. ജമ്മു കശ്മിരിൽ ആർട്ടിക്ക്ൾ 370 റദ്ദാക്കിയ ഇന്ത്യയുടെ നടപടിക്കെതിരെ തുർക്കി രംഗത്തെത്തിയിരുന്നു. മറ്റേതു ഇന്ത്യൻ സിനിമ താരങ്ങളെക്കാളും ആമിർ ഖാന് എന്തുകൊണ്ട് ചൈനയിൽ ഇത്രയുമധികം പ്രചാരം ലഭിച്ചു. ഒരേ ഉള്ളടക്കം കൈകാര്യം ചെയ്യുന്ന സൽമാൻഖാൻ നായകനായ സുൽത്താനെക്കാൾ വിജയം എന്തുകൊണ്ട് ദംഗലിന് ലഭിച്ചു. ഇതിനെല്ലാം പുറമെ ആമിർ ചില ചൈനീസ് ബ്രാൻഡുകളെ പ്രോത്സാഹിപ്പിക്കുകയും െചയ്യുന്നു. ചൈനീസ് ഭരണകൂടത്തിൻെറ പിന്തുണയില്ലാതെ ആർക്കും ചൈനയിൽ തഴച്ചുവളരാൻ സാധിക്കില്ല' - ഹിതേഷ് ശങ്കർ പറഞ്ഞു.
'ഡ്രാഗൺ കാ പ്യാരാ ഖാൻ' (ഡ്രാഗണിന് പ്രിയപ്പെട്ട ഖാൻ) എന്ന തലക്കെട്ടോടെയാണ് ലേഖനം. ദേശീയ വികാരം ഉയർത്തികൊണ്ടുവരുന്ന സിനിമകൾ ചെയ്യാൻ തയാറാകുന്നുവെന്ന് ഉയർത്തിക്കാട്ടി അക്ഷയ് കുമാർ, കങ്കണ റണൗട്ട്, അജയ് ദേവ്ഗൺ എന്നിവരെ ലേഖനം പ്രകീർത്തിക്കുകയും ചെയ്യുന്നു. ദേശീയ താൽപര്യം പ്രകടിപ്പിക്കുന്ന സിനിമ പാരമ്പര്യം നശിച്ചുകൊണ്ടിരിക്കുേമ്പാൾ അവ ഉയർത്തിക്കൊണ്ടുവരാൻ ഇവർ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രശംസ.
'ഗാൽവാൻ താഴ്വരയിലുണ്ടായ ഇന്ത്യ -ചൈനീസ് സംഘർഷം സിനിമയാക്കാൻ ഒരുങ്ങി അജയ് ദേവ്ഗൺ രംഗത്തെത്തിയിരുന്നു. ഇതിനെതിരെ ഇംഗ്ലീഷ് സംസാരിക്കുന്ന ചില ബുദ്ധിജീവികൾ അക്ഷയ് കുമാറിന് ശേഷം ദേശീയത കാണാൻ സാധിക്കുന്നത് അജയ് ദേവ്ഗണിലാണെന്ന പരാമർശവുമായി രംഗത്തെത്തിയിരുന്നു. ഇത് അജയ് ദേവ്ഗണിൻെറ നീക്കം ചില നിക്ഷിപ്ത താൽപര്യക്കാരിൽ തീപ്പൊരിയുണ്ടാക്കിയെന്നതിന് തെളിവാണ്' ആർ.എസ്.എസ് പറയുന്നു.
ആമസോൺ പ്രൈം വെബ് സീരീസായ ദ ഫാമിലി മാനിനെതിരെ നേരത്തേ ആർ.എസ്.എസ് മാസിക രംഗത്തെത്തിയിരുന്നു. ഭീകരരോട് അനുകമ്പ കാണിക്കുന്നുവെന്നും തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നുവെന്നും ദേശ വിരുദ്ധതയാണെന്നും ആരോപിച്ചായിരുന്നു വിമർശനം. പരമ്പരയിലെ ചില രംഗങ്ങൾ എടുത്തുകാട്ടി പാഞ്ചജന്യത്തിൻെറ ഓൺൈലൻ പതിപ്പിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെയായിരുന്നു വിമർശനം. അഫ്സ്പ പോലുള്ള നിയമങ്ങൾ കശ്മീർ ജനതയെ അടിച്ചമർത്തുകയാണെന്ന് സീരീസിലെ എൻ.ഐ.എ ഉദ്യോഗസ്ഥയായ കഥാപാത്രം പറയുന്നുണ്ടെന്നും ഇതിലൂടെ യുവാക്കൾ ഭീകരവാദികളാകുന്നതിനെ പരമ്പര മഹത്വവത്കരിക്കുകയാണെന്നുമാണ് ലേഖനത്തിലെ പ്രധാനപ്പെട്ട ആരോപണം.
2015ൽ ആമിർഖാൻ ഒരു അവാർഡ് ദാന ചടങ്ങിൽ നടത്തിയ പരാമർശം വലിയ രീതിയിൽ ചർച്ചയായിരുന്നു. ഒരു വ്യക്തിയെന്ന നിലയില്‍, ഈ രാജ്യത്തെ ഒരു പൗരനെന്ന നിലയില്‍ എന്താണ് സംഭവിക്കുന്നതെന്ന് താൻ മനസിലാക്കുന്നു. ഭാര്യയുമായി സംസാരിച്ചപ്പോൾ ഭയമുണ്ടെന്ന് പറഞ്ഞു. ഇന്ത്യ വിട്ട് പോകണോ എന്നും ചിന്തിച്ചിരുന്നു. കുട്ടിയെകുറിച്ച് ഓർത്ത് ഭയപ്പെടുന്നു. ചുറ്റുമുള്ള അന്തരീക്ഷം എന്തായിരിക്കുമെന്ന് ഭയക്കുന്നുവെന്നുമായിരുന്നു ആമിർ ഖാൻെറ പരാമർശം. ഇതും ആർ.എസ്.എസ് ലേഖനത്തിൽ ആമിർ ഖാനെതിരായ ആയുധമായി ഉയർത്തിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.