ഡോക്ടറുടെ കൊലപാതകം; കൊൽക്കത്തയിൽ രാത്രിയിലും വൻ പ്രതിഷേധം
text_fieldsകൊൽക്കത്ത: കൊൽക്കത്തയിലെ ആർ.ജി കർ ഗവ. മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി അതിക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ വ്യാപക പ്രതിഷേധം തുടരുന്നു. കൊൽക്കത്തയിൽ പാതിരാത്രിയിലും നൂറുകണക്കിന് ആളുകൾ നഗരത്തിലിറങ്ങി. ഇതോടെ, ഗതാഗതക്കുരുക്കിൽ നഗരം നിശ്ചലമായി.
രാജ്യതലസ്ഥാനമായ ഡൽഹിയിലും പ്രതിഷേധം നടന്നു. മെഡിക്കൽ അസോസിയേഷനടക്കമുള്ളവരുടെ നേതൃത്വത്തിലാണ് ഡൽഹിയിൽ മെഴുകുതിരി തെളിച്ച് പ്രതിഷേധം. പൊലീസ് വിലക്ക് ലംഘിച്ച് ഡൽഹി ലേഡി ഹാർഡിങ് ആശുപത്രിയിലെ ഡോക്ടർമാർ അടക്കം ആരോഗ്യപ്രവർത്തകർ ജന്തർമന്തറിൽ പ്രതിഷേധത്തിനെത്തി. മറ്റു ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരും പങ്കെടുത്തു.
ആർ.ജി കർ മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ ഡോ. സന്ദീപ് ഘോഷിനെ തുടർച്ചയായ രണ്ടാം ദിവസവും സി.ബി.ഐ ചോദ്യം ചെയ്തു. കൊൽക്കത്തയിലെ സി.ബി.ഐ ഓഫിസിൽവെച്ചായിരുന്നു ചോദ്യം ചെയ്യൽ. വെള്ളിയാഴ്ച രാത്രി 9.30ന് ആരംഭിച്ച ആദ്യഘട്ട ചോദ്യം ചെയ്യൽ ശനിയാഴ്ച പുലർച്ച 1.40 വരെ നീണ്ടു. തുടർന്ന്, ശനിയാഴ്ച രാവിലെ 10.30നാണ് ഇദ്ദേഹം രണ്ടാമതും ചോദ്യം ചെയ്യലിന് ഹാജരായത്.
ഡോക്ടറുടെ മരണ വിവരമറിഞ്ഞപ്പോഴുള്ള ആദ്യ പ്രതികരണം, കുടുംബത്തെ വിവരം അറിയിച്ചത് എങ്ങനെ, ആരാണ് പൊലീസിനെ ബന്ധപ്പെട്ടത് തുടങ്ങിയ കാര്യങ്ങൾ സി.ബി.ഐ സംഘം ചോദിച്ചറിഞ്ഞു. ചില ഉത്തരങ്ങൾ തൃപ്തികരമായിരുന്നില്ലെന്ന് ചോദ്യം ചെയ്യലിനുശേഷം സി.ബി.ഐ ഉദ്യോഗസ്ഥർ പറഞ്ഞു. കൊല്ലപ്പെട്ട ഡോക്ടറുടെ ഡ്യൂട്ടി സമയത്തെക്കുറിച്ചും ചോദിച്ചു. ചില ദിവസങ്ങളിൽ 36 മണിക്കൂറും ചിലപ്പോൾ 48 മണിക്കൂറും ഡോക്ടർക്ക് ഡ്യൂട്ടി നൽകിയിരുന്നതായും സി.ബി.ഐ കണ്ടെത്തി.
അതിനിടെ, ശനിയാഴ്ച ഉച്ചക്ക് ഒരു സംഘം സി.ബി.ഐ ഉദ്യോഗസ്ഥർ കർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി പരിശോധന നടത്തി. മറ്റൊരു സംഘം അറസ്റ്റിലായ സന്നദ്ധപ്രവർത്തകൻ സഞ്ജയ് റോയ് പതിവായി താമസിച്ചിരുന്ന കൊൽക്കത്ത പൊലീസിന്റെ നാലാം ബറ്റാലിയനിലെ ബാരക്കിലുമെത്തി അന്വേഷണം നടത്തി. സംഭവ ദിവസത്തെ പ്രതിയുടെ നീക്കങ്ങളെക്കുറിച്ച് സംഘം പൊലീസുകാരോട് അന്വേഷിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യുന്നതിന് ഡോക്ടർമാർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ 40 ഓളം പേരുടെ പട്ടിക സി.ബി.ഐ തയാറാക്കിയിട്ടുണ്ട്. ഇതുവരെ 13 പേരെയാണ് ചോദ്യം ചെയ്തത്.
കൊലപാതകത്തിൽ പ്രതിഷേധിച്ച് സമരം നടത്തുന്ന ജൂനിയർ ഡോക്ടർമാർക്കൊപ്പം സീനിയർ ഡോക്ടർമാരും ചേർന്നതോടെ പശ്ചിമ ബംഗാളിൽ ആശുപത്രികളുടെ പ്രവർത്തനം താറുമാറായി. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ആഹ്വാനപ്രകാരമാണ് സീനിയർ ഡോക്ടർമാരും ശനിയാഴ്ച പണിമുടക്കിയത്. സർക്കാർ, സ്വകാര്യ ആശുപത്രികളിലെ ഒ.പി വിഭാഗം പ്രവർത്തിച്ചില്ല. സർക്കാർ ഉടമസ്ഥതയിലുള്ള എസ്.എസ്.കെ.എം ആശുപത്രി, ശംഭുനാഥ് പണ്ഡിറ്റ് ആശുപത്രി, കൽക്കട്ട നാഷനൽ മെഡിക്കൽ കോളജ് ആൻഡ് ഹോസ്പിറ്റൽ എന്നിവയുടെ പ്രവർത്തനം മുടങ്ങി. സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലും സ്ഥിതി സമാനമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.