ആർക്കും കേവല ഭൂരിപക്ഷമില്ലാതെ മേഘാലയ; വീണ്ടും വരുമോ ബി.ജെ.പി സഖ്യ സർക്കാർ
text_fieldsഷില്ലോങ്: മേഘാലയ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ പുരോഗമിക്കവേ ഒറ്റക്ക് കേവല ഭൂരിപക്ഷം പിന്നിടാനാകാതെ പാർട്ടികൾ. 60 അംഗ നിയമസഭയിൽ 31 സീറ്റാണ് ഭരണത്തിനാവശ്യം. അതേസമയം, കഴിഞ്ഞ തവണ ഭരണത്തിലിരുന്ന എൻ.പി.പി-ബി.ജെ.പി-യു.ഡി.പി സഖ്യത്തിന് (മേഘാലയ ഡെമോക്രാറ്റിക് അലയന്‍സ് -എം.ഡി.എ) ഇക്കുറിയും സാധ്യതയേറെയാണ്.
എൻ.പി.പി -25, ബി.ജെ.പി -5, യു.ഡി.പി -8 എന്നിങ്ങനെയാണ് നിലവിലെ ലീഡ് നില. മറുവശത്ത് കോൺഗ്രസ് -5, തൃണമൂൽ കോൺഗ്രസ് -5, വി.ഒ.പി.പി -4, സ്വതന്ത്രർ -3 എന്നിങ്ങനെയും മുന്നിലാണ്.
2018ലെ തെരഞ്ഞെടുപ്പിൽ 21 സീറ്റ് നേടിയ കോൺഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. കോൺറാഡ് സാങ്മയുടെ എൻ.പി.പിക്ക് 20 സീറ്റും. രണ്ട് സീറ്റ് മാത്രമായിരുന്നു ബി.ജെ.പിക്ക്. കോൺഗ്രസിനെ അധികാരത്തിൽ നിന്നകറ്റുക ലക്ഷ്യമിട്ട് ബി.ജെ.പി, എൻ.പി.പിയെയും യു.ഡി.പിയെയും ചേർത്ത് സഖ്യമുണ്ടാക്കുകയായിരുന്നു.
ബി.ജെ.പി സഖ്യമായിരുന്നെങ്കിലും കേന്ദ്ര സർക്കാറിന് മുന്നിൽ സംസ്ഥാനത്തിന്‍റെ താൽപര്യങ്ങൾ ബലികഴിക്കാൻ മുഖ്യമന്ത്രി കോൺറാഡ് സാങ്മ തയാറായിരുന്നില്ല. തെരഞ്ഞെടുപ്പിന് മുന്നേ അകൽച്ച വ്യാപകമായതോടെ എൻ.പി.പിയും ബി.ജെ.പിയും സഖ്യം വിട്ട് ഒറ്റക്ക് തെരഞ്ഞെടുപ്പിനെ നേരിടാൻ തീരുമാനിക്കുകയായിരുന്നു.
എന്നാൽ, പഴയ സഖ്യത്തെ വീണ്ടും കൊണ്ടുവരാൻ ബി.ജെ.പി തിരക്കിട്ട നീക്കങ്ങളാണ് നടത്തുന്നത്. എൻ.പി.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് സൂചിപ്പിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ അസം മുഖ്യമന്ത്രിയും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ബി.ജെ.പി രാഷ്ട്രീയ നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നയാളുമായ ഹിമന്ത ബിശ്വ ശർമ കോൺറാഡ് സാങ്മയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മേഘാലയയിൽ തൂക്കുസഭ ഉണ്ടാവില്ലെന്നും എൻ.ഡി.എയുടെ ഒരു സഖ്യകക്ഷിയും കോൺഗ്രസുമായോ തൃണമൂലുമായോ സഖ്യമുണ്ടാക്കില്ലെന്നുമാണ് ഹിമന്ത ബിശ്വ ശർമ പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.