ഏക സിവിൽ കോഡിനെതിരെ മേഘാലയ ബി.ജെ.പി
text_fieldsഷില്ലോങ്: ഏക സിവിൽ കോഡ് നടപ്പാക്കുന്നത് സംസ്ഥാനത്തെ പട്ടികമേഖലകളിൽ വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന മുന്നറിയിപ്പുമായി മേഘാലയ ബി.ജെ.പി നേതാവ്.
സംസ്ഥാനത്ത് മാതൃദായക്രമമുള്ള സമുദായങ്ങളിൽ ഇത് അപകടകരമായ ഇടപെടൽ ഉണ്ടാക്കുമെന്നും അതുകൊണ്ട് ഇവരെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് മുതിർന്ന ബി.ജെ.പി നേതാവ് സൻബോർ ഷുല്ലൈ ദേശീയ നിയമ കമീഷൻ അധ്യക്ഷന് കത്തയച്ചു. പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നപ്പോൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഗോത്രമേഖലകളെ ഇതിൽനിന്ന് ഒഴിവാക്കാൻ കേന്ദ്ര സർക്കാർ സൻമനസ്സു കാണിച്ചിരുന്നുവെന്ന് എടുത്തുപറഞ്ഞ കത്തിൽ, മേഘാലയയിലെ ഗോത്രസമൂഹത്തിന്റെ പരമ്പരാഗത സമ്പ്രദായങ്ങൾ സംരക്ഷിക്കാൻ ശ്രദ്ധവേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
‘‘ഏതു നിയമം നടപ്പാക്കുമ്പോഴും ന്യൂനപക്ഷങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കപ്പെടണം. ഒപ്പം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ സമൂഹങ്ങളിലെ ഗോത്രവർഗക്കാരുടെ പാരമ്പര്യത്തനിമ നിലനിർത്തുകയും വേണം’’-കത്ത് ചൂണ്ടിക്കാട്ടുന്നു.
മേഘാലയ മുഖ്യമന്ത്രി കോൺറാഡ് കെ. സാംഗ്മ നേരത്തെതന്നെ ഏക സിവിൽ കോഡിനെ എതിർത്ത് രംഗത്തുവന്നിരുന്നു. നിലവിലെ രൂപത്തിലുള്ള ഏക സിവിൽ കോഡ് ഇന്ത്യയെന്ന ആശയത്തിനുതന്നെ എതിരാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.