മേഘാലയ: വീണ്ടും സഖ്യ സർക്കാർ; എൻ.പി.പി ഏറ്റവും വലിയ കക്ഷി
text_fieldsഷില്ലോങ്: അഞ്ചു വർഷം ഒരുമിച്ച് ഭരിച്ചവർ അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് തെരഞ്ഞെടുപ്പിൽ ഒറ്റക്ക് പൊരുതാൻ തീരുമാനിക്കുന്നു. തെരഞ്ഞെടുപ്പിനുശേഷം പ്രമുഖ കക്ഷിക്ക് കേവലഭൂരിപക്ഷമില്ലാതായതോടെ വീണ്ടും ഒരുമിക്കാൻ ആലോചിക്കുന്നു. മേഘാലയയുടെ കുന്നുകളിൽ പ്രത്യേകതരം രാഷ്ട്രീയമാണ് തെരഞ്ഞെടുപ്പ് ഫലത്തിനുശേഷം പ്രകടമാകുന്നത്. കോൺഗ്രസിന്റെയും എൻ.പി.പിയുടെയും വടക്കുകിഴക്കൻ മുഖമായിരുന്ന പി.എ. സാങ്മയുടെ മകൻ കോൺറാഡ് സാങ്മ മേഘാലയയിൽ വീണ്ടും മുഖ്യമന്ത്രിയാകാനാണ് സാധ്യത തെളിയുന്നത്.
പി.എ. സാങ്മ സ്ഥാപിച്ച നാഷനൽ പീപ്ൾസ് പാർട്ടി(എൻ.പി.പി)യാണ് 21 സീറ്റുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. തെരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പിയുമായി അനിഷ്ടമുണ്ടായിരുന്നെങ്കിലും എക്സിറ്റ്പോൾ ഫലങ്ങൾ പുറത്തുവന്നതിനു പിന്നാലെ കോൺറാഡിന്റെ മനമിളകി. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുമായി ചർച്ച നടത്താൻ കോൺറാഡ് കഴിഞ്ഞ ദിവസം മലയിറങ്ങി ഗുവാഹതിയിലെത്തി.
കഴിഞ്ഞകാലത്തെ സഖ്യംപോലെ യുനൈറ്റഡ് ഡമോക്രാറ്റിക് പാർട്ടിയും ചേർന്നാൽ ഭരണത്തുടർച്ച ഉറപ്പായി. യുനൈറ്റഡിന് 11ഉം ബി.ജെ.പിക്ക് മൂന്നും സീറ്റുണ്ട്. ചിത്രം വ്യക്തമായശേഷം ഭാവികാര്യങ്ങൾ തീരുമാനിക്കുമെന്നായിരുന്നു കോൺറാഡ് സാങ്മ വ്യാഴാഴ്ച രാവിലെ മാധ്യമങ്ങളോട് പറഞ്ഞത്. വൈകീട്ട് ബി.ജെ.പി നേതാവ് അമിത് ഷായുമായി സംസാരിച്ച് കാര്യങ്ങൾ അനുകൂലമാക്കി.
കഴിഞ്ഞ തവണ 21 സീറ്റുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസ് അധികാരത്തിലെത്തുന്നത് തടയാനായിരുന്നു സാങ്മ ബി.ജെ.പിയെ അടക്കം കൂട്ടുപിടിച്ചത്. എൻ.പി.പിയും ബി.ജെ.പിയും തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കാൻ തീരുമാനിച്ചത് ‘സൈക്കോളജിക്കൽ മൂവ്’ ആണെന്ന വിലയിരുത്തലുമുണ്ട്. ബി.ജെ.പി ഭരിക്കുന്ന അസമുമായുള്ള അതിർത്തി തർക്കങ്ങൾ മറ്റു പാർട്ടികൾ മുതലെടുക്കാതിരിക്കാനായിരുന്നു ഈ നീക്കം.
2008ൽ ആദ്യമായി എം.എൽ.എയായ കോൺറാഡ് സാങ്മ എം.ബി.എ ബിരുദധാരിയാണ്. കുറച്ചുകാലം ധനകാര്യമന്ത്രിയും 2013വരെ പ്രതിപക്ഷ നേതാവുമായിരുന്നു. 2016ൽ പിതാവിന്റെ മരണത്തെ തുടർന്ന് ടുറയിൽ ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ ജയിച്ചെങ്കിലും പിന്നീട് സംസ്ഥാന രാഷ്ട്രീയത്തിൽ തിരിച്ചെത്തി. അമേരിക്കയിൽ നിന്ന് ബി.ബി.എയും ലണ്ടനിൽനിന്ന് എം.ബി.എയും നേടി.
അതേസമയം, കഴിഞ്ഞ തവണ 21 സീറ്റുകൾ നേടുകയും കാലുമാറ്റത്തെ തുടർന്ന് പിന്നീട് സീറ്റുകൾ കുറയുകയും ചെയ്ത കോൺഗ്രസിന്റെ അവസ്ഥ പരിതാപകരമായി. 60 സീറ്റിലും പാർട്ടി മത്സരിച്ചിരുന്നു. ജയിച്ചത് അഞ്ചിടത്തു മാത്രം. രാഹുൽ ഗാന്ധി പ്രചാരണത്തിനെത്തിയിട്ടും കാര്യമായി വോട്ടർമാരെ സ്വാധീനിക്കാനായില്ല. കോൺഗ്രസിന്റെ വോട്ടുകൾ പലതും തൃണമൂൽ കോൺഗ്രസും കൈയിലാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.