മേഘാലയ തെരഞ്ഞെടുപ്പ് ചൂടിലേക്ക്
text_fieldsഷില്ലോങ്: ഈമാസം 27ന് വോട്ടെടുപ്പ് നടക്കുന്ന മേഘാലയ തെരഞ്ഞെടുപ്പ് ചൂടിലേക്ക്. ഭരണകക്ഷിയായ മേഘാലയ ജനാധിപത്യ മുന്നണിയിലെ സഖ്യകക്ഷികൾ സ്വതന്ത്രമായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ സഖ്യം പൊളിയുമെന്ന് ഉറപ്പായി. ഇതോടെ, ബി.ജെ.പി, കോൺഗ്രസ് കക്ഷികൾ സജീവമായി രംഗത്തുണ്ട്. കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ പ്രകടനപത്രികയുമായി രംഗത്തെത്തി. മേഘാലയയെ പഞ്ചനക്ഷത്ര സൗകര്യമുള്ള സംസ്ഥാനമാക്കാൻ അടിത്തറ പാകുന്നതാണ് കോൺഗ്രസ് പ്രകടനപത്രികയെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ട്വീറ്റ് ചെയ്തു.
അധികാരത്തിൽ വന്നാൽ ഓരോ വീട്ടിലും ഒരാൾക്ക് ജോലി, എല്ലാവർക്കും സൗജന്യ ചികിത്സ, പ്ലസ് ടു വരെയുള്ള പെൺകുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം, ബി.പി.എൽ കുടുംബങ്ങൾക്ക് സൗജന്യ മേൽക്കൂര സാമഗ്രികൾ, 200 യൂനിറ്റ് വരെ സൗജന്യ വൈദ്യുതി, മൂന്നു മാസത്തിൽ സൗജന്യ എൽ.പി.ജി സിലിണ്ടറുകൾ, കാർഷികോൽപന്നങ്ങൾക്ക് താങ്ങുവില തുടങ്ങി 14 പ്രധാന വാഗ്ദാനങ്ങളാണ് കോൺഗ്രസ് മുന്നോട്ടുവെക്കുന്നത്. കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേഷാണ് പ്രകടനപത്രിക പുറത്തിറക്കിയത്.
മേഘാലയയിലെ എൻ.പി.പി, യു.ഡി.പി, ടി.എം.സി എന്നിവ ബി.ജെ.പിയുടെ പാവകളാണെന്ന് ജയ്റാം രമേഷ് പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിൽ ബി.ജെ.പിക്ക് ഇത്തരം കളിപ്പാവകളുണ്ട്. ഇവിടെ, എൻ.പി.പി ബി.ജെ.പിയുടെ എ ടീമും യു.ഡി.പി ബി ടീമും ടി.എം.സി സി ടീമുമാണ്. അതിനാൽ, യുവാക്കളെ അണിനിരത്തിയാണ് കോൺഗ്രസ് മത്സരരംഗത്തുള്ളത്. 60 പേരിൽ 47 പേരും 45 വയസ്സിന് താഴെയുള്ളവരാണ്. ഇത്രയധികം യുവപ്രാതിനിധ്യം ഒരു സംസ്ഥാനത്തിനും അവകാശപ്പെടാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുൻ മുഖ്യമന്ത്രി മുകുൾ സാങ്മ, മുൻ സ്പീക്കർ ചാൾസ് പിങ്ഗ്രോപ്, മറ്റ് 10 കോൺഗ്രസ് നിയമസഭാംഗങ്ങൾ എന്നിവർ 2021ൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള ടി.എം.സിയിലേക്ക് കൂറുമാറിയിരുന്നു. 2018ൽ തെരഞ്ഞെടുക്കപ്പെട്ട 17 എം.എൽ.എമാരിൽ ഇപ്പോൾ ആരും പാർട്ടിക്കൊപ്പമില്ല. ഇവരിൽ 12 പേർ 2021ൽ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. ബാക്കി അഞ്ചുപേർ എൻ.പി.പി, യു.ഡി.പി ടിക്കറ്റിലാണ് ഇക്കുറി മത്സരിക്കുന്നത്. മാർച്ച് രണ്ടിനാണ് വോട്ടെണ്ണൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.