ഫേസ്ബുക് പോസ്റ്റിന്‍റെ പേരിൽ മാധ്യമപ്രവർത്തകക്ക് ക്രിമിനൽ കേസ്; റദ്ദാക്കില്ലെന്ന് മേഘാലയ ഹൈകോടതി
text_fieldsഷില്ലോങ്: ഫേസ്ബുക് പോസ്റ്റിന്‍റെ പേരിൽ മാധ്യമപ്രവർത്തകക്കെതിരെ ചുമത്തിയ ക്രിമിനൽ കേസ് റദ്ദാക്കാനാകില്ലെന്ന് മേഘാലയ ഹൈകോടതി. പദ്മശ്രീ പുരസ്കാര ജേതാവും 'ദി ഷില്ലോങ് ടൈംസ്' എഡിറ്ററുമായ പട്രീഷ്യ മുഖിംനെതിരെയാണ് കഴിഞ്ഞ ജൂലൈയിൽ കേസെടുത്തത്. ഗോത്രവിഭാഗക്കാരല്ലാത്ത അഞ്ച് യുവാക്കൾക്ക് നേരെ ഗോത്രവിഭാഗക്കാരെന്ന് ആരോപിക്കുന്നവർ നടത്തിയ മുഖംമൂടി ആക്രമണവുമായി ബന്ധപ്പെട്ട് സർക്കാറിനെ വിമർശിച്ച് ഇവർ ഫേസ്ബുക് പോസ്റ്റിട്ടിരുന്നു. തുടർന്നാണ് പട്രീഷ്യക്കെതിരെ ക്രിമിനൽ കേസ് ചുമത്തിയത്.
കേസ് ഒഴിവാക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി ചൊവ്വാഴ്ചയാണ് കോടതി തള്ളിയത്. സംസ്ഥാനത്ത് ഗോത്രവർഗക്കാരും അല്ലാത്തവരും തമ്മിൽ ഭിന്നതയുണ്ടാക്കാൻ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ദിങ്ദോയി ഹരജി തള്ളിയത്. ഗോത്രവർഗക്കാരുടെയും അല്ലാത്തവരുടെയും അവകാശങ്ങളും സുരക്ഷയും തമ്മിൽ താരതമ്യപ്പെടുത്തി ഒരു സമുദായത്തിന് അനുകൂലമായി നിലപാടെടുത്തുവെന്നും കോടതി നിരീക്ഷിച്ചു.
ജൂലൈ മൂന്നിന് ലോഹ്സോട്ടൻ ഗ്രാമത്തിൽ വെച്ച് അഞ്ച് യുവാക്കളെ മുഖംമൂടി സംഘം ആക്രമിച്ചിരുന്നു. ഇതിൽ ഒരാളെ പോലും അറസ്റ്റ് ചെയ്തിട്ടില്ല. ഇതുസംബന്ധിച്ച് വില്ലേജ് അധികൃതർക്കെതിരെ പട്രീഷ്യ രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. അക്രമികൾക്കെതിരെ നടപടിയെടുക്കാൻ ഇവർ ഫേസ്ബുക് പോസ്റ്റിലൂടെ മുഖ്യമന്ത്രി കോൺറാഡ് സാങ്മയോടും പ്രാദേശിക ഭരണകൂടത്തോടും ആവശ്യപ്പെട്ടിരുന്നു.
ഗോത്രവിഭാഗക്കാരല്ലാത്തവർക്ക് നേരെ നിരന്തരം ആക്രമണം നടക്കുന്നതായും എന്നാൽ, ഇവരും പൂർവികരുടെ കാലം മുതൽ ഇവിടെ താമസിച്ചുവരുന്നവരാണെന്നും പട്രീഷ്യ പറയുന്നു. 1979 മുതൽ ഇത്തരം അക്രമികളെ അറസ്റ്റ് ചെയ്യുന്നില്ല. അറസ്റ്റ് ചെയ്യുന്നവരെ നിയമപരമായി ശിക്ഷിക്കുന്നില്ല. അതിനാൽ മേഘാലയ ഏറെക്കാലമായി ഒരു പരാജയപ്പെട്ട സംസ്ഥാനമാണെന്നും ഇവർ പോസ്റ്റിൽ പറഞ്ഞിരുന്നു.
തുടർന്ന് വില്ലേജ് കൗൺസിൽ നൽകിയ പരാതിയിലാണ് ക്രിമിനൽ കേസെടുത്തത്. എന്നാൽ, അക്രമങ്ങളിലുള്ള ആശങ്കയറിയിക്കുകയാണ് താൻ ചെയ്തതെന്ന് പട്രീഷ്യ വ്യക്തമാക്കിയിരുന്നു.
ആക്ടിവിസ്റ്റ് കൂടിയായ പട്രീഷ്യക്കെതിരെ നേരത്തെ കോടതിയലക്ഷ്യക്കുറ്റത്തിന് മേഘാലയ ഹൈക്കോടതി രണ്ട് ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. വിരമിച്ച ജഡ്ജിമാർക്കും കുടുംബത്തിനും മികച്ച സൗകര്യങ്ങൾ വേണമെന്ന് സംബന്ധിച്ച ഒരു കോടതി ഉത്തരവുമായി ബന്ധപ്പെട്ട് ഷില്ലോങ് ടൈംസിൽ രണ്ട് റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിരുന്നു. ഈ റിപ്പോർട്ടിനെതിരെയാണ് കോടതിയലക്ഷ്യ നടപടി ഉണ്ടായത്. 1945 ൽ പ്രസിദ്ധീകരണം ആരംഭിച്ച ഷില്ലോങ് ടൈംസ് വടക്കു കിഴക്കൻ മേഖലയിലെ ഏറ്റവും പഴക്കമേറിയ പത്രങ്ങളിലൊന്നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.