പള്ളിയിൽ അതിക്രമിച്ച് കയറി 'ജയ് ശ്രീറാം' വിളിച്ചു; മേഘാലയയിൽ ഒരാൾക്കെതിരെ കേസ്
text_fieldsന്യൂഡൽഹി: പള്ളിയിൽ അതിക്രമിച്ച് കയറുകയും അൾത്താരക്ക് സമീപം നിന്ന് 'ജയ് ശ്രീറാം' വിളിക്കുകയും ചെയ്തതിന് ഒരാൾക്കെതിരെ മേഘാലയ പൊലീസ് കേസെടുത്തു. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് കേസ് എടുത്തത്. ഈസ്റ്റ് ഖാസി ഹിൽസ് ജില്ലയിലെ മൗലിനോങ് ഗ്രാമത്തിലാണ് സംഭവം.
ഇയാൾ പള്ളിയിൽ കയറി 'ജയ് ശ്രീറാം' വിളിച്ച് അത് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മേഘാലയ മുഖ്യമന്ത്രി കോൺറാഡ് കെ. സാങ്മ ഈ പ്രവൃത്തിയെ അപലപിക്കുകയും ജനങ്ങളുടെ സമാധാനപരമായ സഹവർത്തിത്വത്തിന് വിള്ളൽ സൃഷ്ടിക്കാൻ ലക്ഷ്യമിട്ട വിഷയത്തിൽ നിയമനടപടികൾ തുടരുകയാണെന്നും പറഞ്ഞു.
പരാതി ലഭിച്ചതിനെ തുടർന്ന് ഇൻസ്റ്റാഗ്രാമിൽ ആകാശ് സാഗർ എന്ന പ്രൊഫൈലുള്ള വ്യക്തിക്കെതിരെ കേസെടുത്തതായി പൈനുർസ്‌ല പൊലീസ് പറഞ്ഞു. അന്വേഷണം നടക്കുകയാണെന്നും പ്രതിയെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ നിയമനടപടി ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തക ആഞ്ചല രങ്ങാടാണ് പൊലീസിൽ പരാതി നൽകിയത്. സാമുദായിക അസ്വാരസ്യം സൃഷ്ടിക്കാൻ ബോധപൂർവമാണ് സാഗർ പള്ളിയിൽ അതിക്രമിച്ച് കയറി ജയ്ശ്രീറാം വിളിച്ചതെന്ന് അവർ പറഞ്ഞു.
ഹിന്ദു സംഘടനയായ സെൻട്രൽ പൂജാ കമ്മിറ്റിയും നടപടിയെ അപലപിച്ചു. പള്ളിയിൽ അതിക്രമിച്ച് കയറിയ വ്യക്തിക്കെതിരെ നിയമപ്രകാരം കർശനവും മാതൃകാപരവുമായ നടപടി സ്വീകരിക്കാൻ പൊലീസിനോട് സംഘടന ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.