യുറേനിയം വിഷമാലിന്യം ചോരൽ; അന്വേഷണം നടത്തുമെന്ന് മേഘാലയ സർക്കാർ
text_fieldsഷില്ലോങ്: മേഘാലയയിലെ തെക്ക് പടിഞ്ഞാറൻ ഖാസി ഹിൽസ് ജില്ലയിലെ യുറേനിയം മാലിന്യങ്ങൾ അടങ്ങിയ ടാങ്കുകളിൽ നിന്ന് വിഷപദാർഥങ്ങൾ ചോരുന്നുവെന്ന റിപ്പോർട്ടുകൾ അന്വേഷിക്കുമെന്ന് സംസ്ഥാന സർക്കാർ.
പശ്ചിമ ഖാസി മലനിരകളിലെ ഡൊമിയാസിയാറ്റിൽ നിന്ന് റേഡിയേഷൻ പുറത്തുവരുന്നുവെന്ന റിപ്പോർട്ടുകൾ അന്വേഷിക്കാൻ ഒരു വിദഗ്ധ സമിതി രൂപീകരിക്കാൻ തീരുമാനിച്ചതായി ഉപമുഖ്യമന്ത്രി പ്രിസ്റ്റോൺ തിൻസോങ് അറിയിച്ചു. വെള്ളിയാഴ്ച ചേർന്ന ഉന്നതതല അവലോകന യോഗത്തിലാണ് തീരുമാനമെടുത്തത്. പാനൽ രൂപീകരിക്കുന്നതിനുള്ള ചുമതല സംസ്ഥാന ചീഫ് സെക്രട്ടറി എം.എസ്. റാവുവിന് നൽകിയിട്ടുണ്ടെന്നും ഉപമുഖ്യമന്ത്രി അറിയിച്ചു.
യുറേനിയം മാലിന്യ സംഭരണ ടാങ്കുകൾക്ക് സമീപമുള്ള പ്രദേശങ്ങളിൽ ഉയർന്ന റേഡിയോ ആക്ടീവ് ഉദ്‌വമനം നടക്കുന്നതായി നിരവധി എൻ.ജി.ഒകളും സന്നദ്ധ സംഘടനകളും പ്രദേശവാസികളും റിപ്പോർട്ട് ചെയ്തിരുന്നു.
ഡൊമിയാസിയറ്റ്-നോങ്‌ബ-ജിൻറിൻ പ്രദേശത്ത് നാല് യുറേനിയം മലിനജല സംഭരണ ടാങ്കുകളും മറ്റ് രണ്ട് ജലസംഭരണികളുമുണ്ട്. അവയിൽ വിള്ളലുകളുണ്ടായിട്ടുണ്ടെന്നും വിഷമാലിന്യങ്ങൾ ചോരുന്നുവെന്നുമാണ് പ്രദേശവാസികളുടെ പരാതി.
യുറേനിയം നിക്ഷേപം കുഴിച്ചെടുക്കുന്നതിനിടെ വേർതിരിച്ചെടുത്ത മാലിന്യങ്ങൾ സംഭരിക്കുന്നതിനാണ് ഈ ടാങ്കുകൾ. ഇത് പതിറ്റാണ്ടുകൾക്ക് മുമ്പ് നിർമിച്ചതാണ്. യുറേനിയം സമ്പുഷ്ടമായ സ്ഥലങ്ങളിലും പര്യവേക്ഷണ ഡ്രില്ലിംഗ് നടത്തിയിട്ടുണ്ടെന്നും അതിനാൽ അത്തരം ടാങ്കുകൾ നിർമിച്ചിട്ടുണ്ടെന്നും അധികൃതർ പറയുന്നു.
രാജ്യത്തെ ഏറ്റവും മികച്ച യുറേനിയം റിസർവ് ഈ പ്രദേശത്താണ്. 9.22 ദശലക്ഷം ടൺ യുറേനിയം മധ്യ മേഘാലയയിലെ ഡൊമിയാസിയറ്റ്, ലോസ്റ്റോയിൻ, വാഹിൻ പ്രദേശങ്ങളിലാണ് ഉള്ളത്. മേഘാലയയിലെ യുറേനിയം ഉപയോഗപ്പെടുത്താനുള്ള മെഗാ പദ്ധതി ആറ്റോമിക് എനർജി വകുപ്പ് വളരെ മുമ്പുതന്നെ കൊണ്ടുവന്നിരുന്നു. യുറേനിയം കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിനാണ് (യു.സി.എൽ) ഇതിെൻറ ചുമതല. എന്നാൽ പ്രദേശവാസികളുടെ പ്രതിഷേധവും വലിയ പ്രക്ഷോഭങ്ങളും ഉയർന്നതിനാൽ പദ്ധതി തടസപ്പെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.