മെഹബൂബ ജിഹാദി മുഖ്യമന്ത്രിയാണെന്ന് കഠ് വ കേസ് പ്രതിഭാഗം അഭിഭാഷകൻ
text_fieldsന്യൂഡൽഹി: മെഹബൂബ മുഫ്തി ജിഹാദി മുഖ്യമന്ത്രിയാണെന്ന് കഠ്വ കേസ് പ്രതിഭാഗം അഭിഭാഷകൻ. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് അഭിഭാഷകൻ അങ്കുർ ശർമ ഇക്കാര്യം പറഞ്ഞത്.
മെഹബൂബ മുഫ്തി ജിഹാദിയാണ്. ഗോവധത്തിനും കന്നുകാലി കടത്തിനും നിയമപരമായ പരിരക്ഷ നൽകുകയാണ് അവർ. ജമ്മു കശ്മീരിലെ ഹിന്ദുക്കൾ കൂടുതലുള്ള പ്രദേശങ്ങൾ മുസ്ലിം ഭൂരിപക്ഷ പ്രദേശമാക്കാനായി ഇസ്ലാമോ-ഫാസിസ്റ്റ് അജണ്ട നടപ്പാക്കാൻ ശ്രമിക്കുകയാണ് കശ്മീർ മുഖ്യമന്ത്രി. ഹിന്ദുക്കൾ കൂടുതൽ വസിച്ചിരുന്ന ജമ്മു പ്രവിശ്യയിൽ ചില മതവിഭാഗക്കാർക്ക് കുടിയേറാനായി അവസരം നൽകുകയാണ് മെഹബൂബയെന്നും എന്നും അഭിഭാഷകൻ കുറ്റപ്പെടുത്തി.
കഠ്വ ബലാൽസംഗക്കേസിലെ മുഖ്യപ്രതിയും സൂത്രധാരനുമായ സഞ്ജി രാമിന്‍റെ അഭിഭാഷകനാണ് അങ്കുർ ശർമ. സഞ്ജിരാമിന്‍റെ പുത്രനായ വിശാൽ ജംഗോത്ര, പൊലീസ് ഓഫീസർ ദീപക് ഖജൂരിയ എന്നിവർക്കുവേണ്ടിയും അങ്കുർ ശർമയാണ് ഹാജരാകുന്നുത്.
ആദിവാസി പോളിസി നടപ്പാക്കുന്നതുവരെ വനത്തിൽ താമസിക്കുന്ന ഗോത്രവർഗക്കാരെ പുറത്താക്കരുതെന്ന മുഖ്യമന്ത്രിയുടെ ഉത്തരവ് ബക്കർവാലുകളെ സഹായിക്കാനായിരുന്നു. ഈ ഉത്തരവിന്‍റെ മറവിൽ ഏക്കറുകണക്കിന് വനഭൂമി പിടിച്ചെടുക്കുകയായിരുന്നു ബക്കർവാലുകൾ. പുറത്തുനിന്നു വരുന്ന അവർ ഭൂമി അനധികൃതമായി കൈവശം വെക്കുകയായിരുന്നുവെന്നും ഹിന്ദു ഏക്ത മഞ്ചിന്‍റെ പ്രവർത്തകനായ അങ്കുർ ശർമ അഭിപ്രായപ്പെട്ടു.
ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളിൽ ഭൂമി വാങ്ങിക്കുകയും ഇത് മുസ്ലിംകൾക്ക് മറിച്ചുവിൽക്കുകയും ചെയ്യുന്നതിന് എൻ.ജി.ഒകളും കൂട്ടുനിൽക്കുകയാണ്. ഇത്തരത്തിൽ അധിക വിലക്ക് ഭൂമി വാങ്ങിക്കുന്നതിന് വേണ്ടി പാൻ ഇസ്ലാമിക് സാമ്പത്തിക സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും അങ്കുർ ശർമ പറഞ്ഞു.
ബക്കർവാലുകളും ഗുജ്ജാറുകളും നിഷ്കളങ്കരാണെങ്കിലും സാവധാനം ഇവരിൽ വിഷം കുത്തിവെക്കപ്പെടുകയാണെന്നും ഹിന്ദുക്കൾക്കെതിരെ ഗൂഢാലോചന നടത്താൻ ഇവരെ പ്രാപ്തരാക്കുകയാണെന്നും ശർമ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.