നേതാക്കൾ വീട്ടുതടങ്കലിൽ; നിഷേധിച്ച് ഗവർണർ
text_fieldsശ്രീനഗർ: ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടി ശരിവെച്ച സുപ്രീംകോടതി വിധിക്കു മുമ്പാകെ താഴ്വരയിൽ പ്രമുഖ രാഷ്ട്രീയ പാർട്ടി നേതാക്കളെ വീട്ടുതടങ്കലിലാക്കി. സംഭവം അധികൃതർ നിഷേധിക്കുന്നുണ്ടെങ്കിലും ചങ്ങലയിട്ടു പൂട്ടിയ തങ്ങളുടെ വീട്ടുഗേറ്റുകളുടെ ചിത്രം പങ്കുവെച്ച് മുൻ മുഖ്യമന്ത്രിമാരായ ഉമർ അബ്ദുല്ലയും മെഹബൂബ മുഫ്തിയും തിങ്കളാഴ്ച സർക്കാർ വാദം ഖണ്ഡിച്ചു.
ഹുർറിയത്ത് അധ്യക്ഷൻ മിർവായിസ് ഉമർ ഫാറൂഖിനെയും വീട്ടുതടങ്കലിൽ വെച്ചതായി പൊലീസ് വൃത്തങ്ങൾ പറയുന്നു. എന്നാൽ, ‘ജമ്മു കശ്മീരിലെ രാഷ്ട്രീയ കാരണങ്ങളാൽ’ ആരെയും വീട്ടുതടങ്കലിലാക്കുകയോ അറസ്റ്റു ചെയ്യുകയോ ഉണ്ടായിട്ടില്ലെന്നാണ് ലഫ്റ്റ്നന്റ് ഗവർണർ മനോജ് സിൻഹ അവകാശപ്പെടുന്നത്. അഭ്യൂഹങ്ങൾ പ്രചരിപ്പിക്കാനുള്ള ശ്രമങ്ങളാണിതെന്നും സിൻഹ പറഞ്ഞു.
ഇതിനു മറുപടിയായാണ്, പുറത്തുനിന്ന് ചങ്ങലയിട്ട് പൂട്ടിയ നിലയിലുള്ള തന്റെ വീടിന്റെ ഗേറ്റിന്റെ ദൃശ്യം നാഷനൽ കോൺഫറൻസ് നേതാവ് ഉമർ അബ്ദുല്ല സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത്. ‘പ്രിയപ്പെട്ട ഗവർണർ, എന്റെ ഗേറ്റിൽ ചങ്ങലകൾ ഞാനിട്ടതല്ല. പിന്നെന്തിന് താങ്കളുടെ പൊലീസ് സേന ചെയ്തതിനെ താങ്കൾ നിഷേധിക്കുന്നു.’ -ഉമർ ചോദിച്ചു. ഇതേ കാര്യംതന്നെയാണ് പി.ഡി.പി അധ്യക്ഷ മെഹബൂബ മുഫ്തിയും പങ്കുവെച്ചത്. ‘അതെ, എന്റെ വീടിന്റെ എല്ലാ ഗേറ്റുകളും പൂട്ടിയിരിക്കുന്നു’ -അവർ പറഞ്ഞു.
ആരെയും വീട്ടുതടങ്കലിലാക്കിയില്ലെന്ന് ശ്രീനഗർ പൊലീസ് ‘എക്സി’ൽ കുറിച്ചു. അതേസമയം, മേഖലയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയ ഭരണകൂടം കശ്മീർ സർവകലാശാല, ഇസ്ലാമിക് ശാസ്ത്ര, സാങ്കേതിക സർവകലാശാല എന്നിവ അടച്ചു.
ശ്രീനഗറിന്റെ വിവിധ ഭാഗങ്ങളിൽ എക്സിക്യൂട്ടിവ് മജിസ്ട്രേറ്റുമാരെ നിയോഗിച്ചിട്ടുണ്ട്. സുരക്ഷസേനാംഗങ്ങളെ വഹിച്ചുള്ള വാഹനവ്യൂഹങ്ങളുടെ സഞ്ചാരം താൽക്കാലികമായി നിർത്തിവെക്കാൻ കശ്മീർ ഐ.ജി നിർദേശം നൽകി.
സംഘർഷ സാധ്യതാ മേഖലകളിൽനിന്ന് വിട്ടുനിൽക്കാൻ, വി.ഐ.പി അകമ്പടി വാഹനങ്ങളോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.
അതേസമയം, ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യമോ ഇന്റർനെറ്റോ നിയന്ത്രിച്ചിട്ടില്ലെന്നും അധികൃതർ പറയുന്നു. സമൂഹമാധ്യമങ്ങളിൽ കൂടി ‘നിഷേധാത്മക പ്രചാരണം’ നടക്കുന്നുണ്ടോ എന്ന് രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.