മെഹബൂബ മുഫ്തിയടക്കമുള്ള പി.ഡി.പി നേതാക്കൾ വീട്ടുതടങ്കലിൽ
text_fieldsശ്രീനഗർ: ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയടക്കമുള്ള രാഷ്ട്രീയ നേതാക്കൾ വീട്ടുതടങ്കലിൽ. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന്റെ നാലാംവാർഷികത്തോടനുബന്ധിച്ചാണ് മുഫ്തിയടക്കമുള്ള രാഷ്ട്രീയ നേതാക്കളെ തടങ്കലിലാക്കിയത്. മെഹ്ബൂബ മുഫ്തി ട്വീറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
''പി.ഡി.പി നേതാക്കൾക്കൊപ്പം ഇന്ന് രാവിലെ എന്നെ വീട്ടുതടങ്കലിലാക്കിയിരിക്കുന്നു. കഴിഞ്ഞ ദിവസം അർധരാത്രി പാർട്ടി പ്രവർത്തകരുടെ വീടുകളിൽ അതിക്രമിച്ച് കയറി പൊലീസ് അവരെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയിരുന്നു. ജമ്മുകശ്മീർ സാധാരണ നില കൈവരിച്ചിട്ടുണ്ടെന്ന കേന്ദ്ര സർക്കാരിന്റെ അവകാശ വാദങ്ങൾ തെറ്റാണെന്ന് സുപ്രീംകോടതി മനസിലാക്കണം. ''-എന്നായിരുന്നു മെഹബൂബ മുഫ്തിയുടെ ട്വീറ്റ്.
''370ാം വകുപ്പ് നിയമവിരുദ്ധമായി റദ്ദാക്കിയത് ആഘോഷിക്കാൻ കശ്മീരികളോട് ആഹ്വാനം ചെയ്യുന്ന കൂറ്റൻ ഹോർഡിംഗുകൾ ശ്രീനഗറിലുടനീളം സ്ഥാപിച്ചിട്ടുണ്ട്. അത് ഒരു ഭാഗത്ത്. അതേസമയം, മറുഭാഗത്ത് ജനങ്ങളെ മൃഗീയമായി അടിച്ചമർത്താനുള്ള ശ്രമങ്ങൾ നടക്കുന്നു. 370 ാം വകുപ്പ് റദ്ദാക്കിയതിനെതിരെ സമർപ്പിച്ച ഹരജിയിൽ വാദം കേൾക്കാനിരിക്കുന്ന സമയത്ത് ബഹുമാനപ്പെട്ട സുപ്രീംകോടതി ഈ സംഭവവികാസങ്ങൾ മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു.''-അവർ കൂട്ടിച്ചേർത്തു.
കേന്ദ്രസർക്കാർ ജമ്മുകശ്മീരിന് പ്രത്യേക പദവി അനുവദിക്കുന്ന 370 ാം വകുപ്പ് മരവിപ്പിച്ചതിന്റെ നാലാംവാർഷികത്തോടനുബന്ധിച്ച് ശനിയാഴ്ച ജമ്മുവിൽ സെമിനാർ നടത്താൻ മുഫ്തിയുടെ ജമ്മു ആൻഡ് കശ്മീർ പീപ്ൾസ് ഡെമോക്രാറ്റിക് പാർട്ടി അനുമതി തേടിയിരുന്നു. എന്നാൽ അധികൃതർ സെമിനാറിന് അനുമതി നൽകിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.