ശ്രീനഗർ ഏറ്റുമുട്ടൽ: കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോട് ഗവർണർ മാപ്പ് പറയണം -മഹ്ബൂബ മുഫ്തി
text_fieldsശ്രീനഗർ: ഹൈദർപോറയിൽ സുരക്ഷസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോട് ജമ്മു-കശ്മീർ ലെഫ്റ്റനൻറ് ഗവർണർ മനോജ് സിൻഹ മാപ്പുപറയണമെന്ന് പി.ഡി.പി അധ്യക്ഷ മഹ്ബൂബ മുഫ്തി. സംഭവത്തിന് പിന്നിലുള്ളവർക്ക് കർശന ശിക്ഷ നൽകണമെന്നും അവർ ആവശ്യപ്പെട്ടു.
ഗുപ്കർ റോഡിലെ ഫെയർവ്യൂ വസതിയിൽനിന്ന് രാജ്ഭവനിലേക്ക് നടത്തിയ പ്രതിഷേധമാർച്ചിന് നേതൃത്വം നൽകിയ അവർ, ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട റംബാൻ സ്വദേശി അമീർ മാഗ്രെയുടെ മൃതദേഹം കുടുംബത്തിന് തിരികെ നൽകണമെന്നാവശ്യപ്പെട്ടു. എല്ലാ സേനകളുടെയും ചുമതലയുള്ള ആളെന്ന നിലയിൽ കൊല്ലപ്പെട്ട വ്യക്തികളുടെ ബന്ധുക്കളോട് ലെഫ്. ഗവർണർ മാപ്പു പറയണം. കൊല്ലപ്പെട്ടവർ തീവ്രവാദികളെ സഹായിച്ചവരാണെന്ന ആരോപണം പിൻവലിക്കുകയും നഷ്ടപരിഹാരം നൽകുകയും വേണം. കൊല്ലപ്പെട്ടതായി പൊലീസ് അവകാശപ്പെടുന്ന തീവ്രവാദി യഥാർഥത്തിൽ അവിടെയുണ്ടായിരുന്നോ എന്ന് സംശയിക്കുന്നതായി മഹ്ബൂബ പറഞ്ഞു.
തീവ്രവാദിയെന്ന് മുദ്രകുത്തിയ നാലാമത്തെ വ്യക്തിയുടെ ശരീരമോ, മുഖമോ ഞങ്ങൾ കണ്ടിട്ടില്ല. മൂന്നു സാധാരണക്കാരെ അനാവശ്യമായി കൊലപ്പെടുത്തുകയായിരുന്നോ എന്ന് സംശയമുണ്ട്. ന്യൂനപക്ഷങ്ങളെ തകർക്കുക എന്ന ബി.ജെ.പി- ആർ.എസ്.എസ് അജണ്ടയാണ് ജമ്മു-കശ്മീരിൽ നടപ്പാക്കുന്നത് -അവർ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.