'ഇതാണോ കശ്മീരിലെ ശാന്തത?'; താൻ വീട്ടുതടങ്കലിലെന്ന് മെഹ്ബൂബ മുഫ്തി
text_fieldsശ്രീനഗർ: താൻ വീണ്ടും വീട്ടുതടങ്കലിലാണെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പി.ഡി.പി അധ്യക്ഷയുമായ മെഹ്ബൂബ മുഫ്തി. കശ്മീർ ശാന്തത കൈവരിച്ചെന്ന സർക്കാർ അവകാശവാദം വ്യാജമാണെന്ന് തെളിയിക്കുന്നതാണിതെന്നും മുഫ്തി ട്വീറ്റ് ചെയ്തു.
'അഫ്ഗാനിലെ ജനങ്ങളുടെ അവകാശങ്ങളെ കുറിച്ച് ആശങ്ക പ്രകടിപ്പിക്കുന്ന കേന്ദ്ര സർക്കാർ കശ്മീരികളുടെ കാര്യത്തിൽ ഇത് മന:പൂർവം നിഷേധിക്കുകയാണ്. ഞാൻ ഇന്ന് വീട്ടുതടങ്കലിലാണ്. കശ്മീരിലെ സാഹചര്യങ്ങൾ സാധാരണയിൽ നിന്ന് ഏറെ അകലെയാണെന്ന് പറഞ്ഞാണ് ഭരണകൂടം ഇത് ചെയ്തത്. കശ്മീർ ശാന്തത കൈവരിച്ചെന്ന വ്യാജ അവകാശവാദം പൊളിക്കുന്നതാണിത്' -മുഫ്തി ട്വീറ്റ് ചെയ്തു. തന്‍റെ വീട്ടിന് മുന്നിലെ ചിത്രങ്ങളും മുഫ്തി ട്വീറ്റ് ചെയ്തു.
വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗീലാനിയുടെ മരണത്തെ തുടർന്ന് ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾ കശ്മീരിൽ തുടരുകയാണ്. അതേസമയം, ഗീലാനിയുടെ മൃതശരീരത്തിൽ പാകിസ്താൻ പതാക പുതപ്പിക്കുകയും ദേശവിരുദ്ധ മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്തെന്നു കാട്ടി കുടുംബാംഗങ്ങൾക്കെതിരെ പൊലീസ് കേസെടുത്തിരിക്കുകയാണ്.
ഗീലാനിയുടെ കുടുംബാംഗങ്ങൾക്കെതിരെ കേസെടുത്ത നടപടിയെ വിമർശിച്ച് മെഹ്ബൂബ മുഫ്തി രംഗത്തെത്തിയിരുന്നു. കശ്മീരിനെ ഒരു തുറന്ന ജയിലാക്കി മാറ്റിയതിനാലാണ് മരണവിവരം പുറത്തറിയാതിരുന്നത്. ഒരു കുടുംബത്തിന് അവരുടെ ആഗ്രഹപ്രകാരം വിലപിക്കാനും അന്തിമ വിടവാങ്ങൽ നൽകാനും അനുവാദമില്ല. ഗീലാനിയുടെ കുടുംബത്തിനെതിരെ യു.എ.പി.എ ചുമത്തിയത് വഴി വ്യക്തമായത് കേന്ദ്ര സർക്കാറിന്‍റെ നിഷ്കരുണവും ക്രൂരവുമായ നടപടിയാണ്. ഇതാണ് പുതിയ ഇന്ത്യയിലെ പുതിയ കശ്മീരെന്നും മെഹ്ബൂബ ട്വീറ്റ് ചെയ്തിരുന്നു.
ഗീലാനിയുടെ മൃതശരീരം ഭാര്യയെയും മക്കളെയും തള്ളിമാറ്റി ബലം പ്രയോഗിച്ച് പൊലീസ് സംസ്കരിച്ചതായും ബന്ധുക്കൾക്കും അനുയായികൾക്കും അന്ത്യോപചാരമർപ്പിക്കാൻ അവസരം പോലും നൽകിയില്ലെന്നും പരാതി ഉയർന്നിരുന്നു. മൃതശരീരം ബലം പ്രയോഗിച്ച് കൊണ്ടു പോയെന്നും അന്ത്യകർമം ചെയ്യാൻ അനുവദിച്ചില്ലെന്നും ഗിലാനിയുടെ ബന്ധുക്കൾ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.