'തിരികെ പോയി പൂർവികരെ തിരഞ്ഞാൽ ആസാദിന് ചിലപ്പോൾ കുരങ്ങന്മാരെ കണ്ടെത്താനാകും'; വിവാദപരാമർശത്തിൽ ഗുലാം നബി ആസാദിനോട് മെഹ്ബൂബ മുഫ്തി
text_fieldsശ്രീനഗർ: രാജ്യത്തെ മുസ്‌ലിംങ്ങളിൽ ഭൂരിഭാഗവും ഹിന്ദു മതത്തിൽ നിന്നും പരിവർത്തനം ചെയ്തവരാണെന്ന ഗുലാം നബി ആസാദിന്‍റെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി നേതാവ് മെഹ്ബൂബ മുഫ്തി. ആസാദ് എത്രകാലം പിറകോട്ട് പോയെന്ന് അറിയില്ലെന്നും പൂർവികരെ തിരഞ്ഞാൽ ഒരുപക്ഷേ അദ്ദേഹത്തിന് കുരങ്ങന്മാരെ കണ്ടെത്താനാകുമെന്നും മുഫ്തി പറഞ്ഞു.
"അദ്ദേഹം എത്രദൂരം പിറകോട്ട് പോയെന്ന് എനിക്കറിയില്ല. അദ്ദേഹത്തിന് പൂർവികരെ കുറിച്ച് എന്ത് അറിവാണുള്ളതെന്നും എനിക്കറിയില്ല. പോയദൂരമത്രയും തിരികെ പോകാൻ ഞാൻ അദ്ദേഹത്തെ ഉപദേശിക്കുന്നു. ഒരുപക്ഷേ ആ യാത്രയിൽ പൂർവികരിൽ കുരങ്ങന്മാരെ കണ്ടേക്കാം" - മെഹ്ബൂബ മുഫ്തി പറഞ്ഞു.
അതേസമയം ആസാദിന്‍റെ പരാമർശത്തെ അനുകൂലിച്ച് ഹിന്ദുത്വ സംഘടനകൾ രംഗത്തെത്തിയിരുന്നു. അദ്ദേഹത്തിന്‍റെ പരാമർശം കാലങ്ങളായി തങ്ങൾ നടത്തുന്ന വാദത്തോട് യോജിക്കുന്നതാണെന്നാണ് ഹിന്ദുത്വസംഘടനകളുടെ പ്രതികരണം. ആസാദിന്‍റെ പരാമർശം ശരിയാണെന്നും രാജ്യത്ത് 'ആക്രമികൾ' അതിക്രമിച്ചു കയറുന്നതിന് മുമ്പ് വരെ എല്ലാവരും ഹിന്ദുമതത്തിൽ മാത്രം വിശ്വസിച്ചിരുന്നവരാണ് എന്നായിരുന്നു ബി.ജെ.പി മുതിർന്ന നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായിരുന്ന കവിന്തർ ഗുപ്തയുടെ പരാമർശം.
കഴിഞ്ഞ ദിവസമായിരുന്നു വിവാദപരാമർശവുമായി ഡെമോക്രാറ്റിക് പീപ്പിൾസ് ആസാദ് പാർട്ടി നേതാവും മുൻ മുഖ്യമന്ത്രിയുമായ ഗുലാം നബി ആസാദ് രംഗത്തെത്തിയത്. രാജ്യത്ത് മുസ്‌ലിം മതം രൂപപ്പെട്ടിട്ട് 1500 വർഷം മാത്രമാണ് പിന്നിട്ടത്. ഹിന്ദുമതം ഏറെ പഴക്കമുള്ളതാണെന്നും രാജ്യത്തെ എല്ലാ മുസ്‌ലിംങ്ങളും ഹിന്ദുമതത്തിൽ നിന്നും പരിവർത്തനം ചെയ്തവരാണെന്നുമായിരുന്നു ആസാദിന്‍റെ പരാമർശം. ‘ചില ബി.ജെ.പി നേതാക്കൾ പറയുന്നത് മുസ്‌ലിംകളിൽ കുറച്ച് പേർ പുറത്തുനിന്ന് വന്നവരാണ് എന്നാണ്. ആരും പുറത്തുനിന്നോ അകത്തുനിന്നോ വന്നിട്ടില്ല. ഇസ്‍ലാം മതം രൂപപ്പെട്ടിട്ട് 1500 വർഷം മാത്രമേ ആയിട്ടുള്ളൂ. എന്നാൽ ഹിന്ദുമതം ഏറെ പഴക്കമുള്ളതാണ്. പത്തോ ഇരുപതോ പേർ പുറത്തുനിന്ന് വന്നവരുണ്ടാകാം. ഇന്ത്യയിലെ മറ്റെല്ലാ മുസ്‌ലിംങ്ങളും ഹിന്ദുമതത്തിൽ നിന്നും മതം മാറിയവരാണ്. ഇതിന്‍റെ ഉദാഹരണം കശ്മീർ താഴ്വരകളിൽ തന്നെ കാണാം. 600 വർഷങ്ങൾക്ക് മുമ്പ് കശ്മീരിൽ ആരായിരുന്നു മുസ്‌ലിം? ആരുമുണ്ടായിരുന്നില്ല. എല്ലാവരും കശ്മീരി പണ്ഡിറ്റുകളായിരുന്നു.അവരെല്ലാം പിന്നീട് ഇസ്‍ലാമിലേക്ക് മതം മാറിയവരാണ്. എല്ലാവരും ജനിച്ചത് ഹിന്ദുക്കളായാണ്" - ആസാദ് പറഞ്ഞു.
രാജ്യത്തെ എല്ലാ മതവിഭാഗങ്ങളും ഇന്ത്യയെ വീട് പോലെ കണക്കാക്കുകയാണ്. ഹിന്ദുക്കൾ മരണപ്പെടുമ്പോൾ അവരെ ദഹിപ്പിക്കുകയാണ് രീതി. അവരുടെ ചാരം നദികളിൽ ഒഴുക്കും. ആ ജലം നമ്മൾ കുടിക്കും. മുസ്‌ലിംങ്ങൾ മരണപ്പെട്ടാൽ അവരെ മണ്ണിലേക്ക് ആഴത്തിൽ മറവ് ചെയ്യും. അതോടെ അവരുടെ എല്ലും മാംസവും ഭാരതമാതാവിന്‍റെ മണ്ണിൽ അലിഞ്ഞുചേരും. ഹിന്ദുക്കളും മുസ്‌ലിംങ്ങളും ഈ മണ്ണിൽ അലിഞ്ഞുചേരുന്നവരാണെന്നും അവർ തമ്മിൽ വ്യത്യാസമൊന്നുമില്ലെന്നും ആസാദ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.