'എന്റെ സുഹൃത്തിന് ജന്മദിനാശംസകൾ'; നരേന്ദ്ര മോദിക്ക് ആശംസകളുമായി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി
text_fieldsന്യൂഡൽഹി: 76-ാം ജന്മദിനം ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശംസകളുമായി ലോകനേതാക്കളും ഇന്ത്യൻ രാഷ്ട്രീയ പ്രമുഖരും. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ, യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തുടങ്ങിയ ആഗോള നേതാക്കൾ പ്രധാനമന്ത്രിക്ക് ആശംസകൾ നേർന്നു.
"എന്റെ സുഹൃത്ത് നരേന്ദ്ര മോദിക്ക് ജന്മദിനാശംസകൾ. താങ്കൾക്ക് നല്ല ആരോഗ്യവും ഊർജ്ജവും വിജയവും ആശംസിക്കുന്നു," എന്ന് ജോർജിയ മെലോണി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ കുറിച്ചു. ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള സൗഹൃദബന്ധം കൂടുതൽ ശക്തമായി മുന്നോട്ടുപോകുമെന്നും രാജ്യങ്ങളുടെ സമൃദ്ധിക്കായി ഇരുരാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
മോദിയുടെ ഭരണമികവിനെയും ആഗോള തലത്തിലെ സ്വാധീനത്തെയും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പ്രശംസിച്ചു. ഇന്ത്യ-റഷ്യ തന്ത്രപ്രധാന പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിൽ മോദിയുടെ വ്യക്തിപരമായ സംഭാവന വളരെ വലുതാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ യു.എസ് എംബസി വഴി പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രധാനമന്ത്രിക്ക് ആശംസകൾ അറിയിച്ചു.
മോദിയുടെ നേതൃത്വം ഇന്ത്യയെ ഒരു ആഗോള ശക്തിയാക്കി മാറ്റിയെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാജ്യങ്ങൾ തമ്മിൽ അഭൂതപൂർവ്വമായ പങ്കാളിത്തമാണ് കെട്ടിപ്പടുത്തിട്ടുള്ളതെന്നും ഇനിയും മികച്ച ഉയരങ്ങളിലേക്ക് ഈ സൗഹൃദം വളരുമെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള ഇന്ത്യൻ രാഷ്ട്രീയ നേതാക്കളും പ്രധാനമന്ത്രിക്ക് ആശംസകൾ അറിയിച്ചു. "പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്ക് ജന്മദിനാശംസകൾ. താങ്കൾക്ക് ദീർഘായുസ്സും നല്ല ആരോഗ്യവും നേരുന്നു," എന്ന് രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു.
ശക്തമായ ഭാരതം കെട്ടിപ്പടുക്കാൻ പ്രയത്നിക്കുന്ന പ്രധാനമന്ത്രിക്ക് തമിഴ്നാട് മുഖ്യമന്ത്രി വിജയ് തൻ്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ അർപ്പിച്ചു.
കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ, പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു, ലോക്‌സഭാ സ്പീക്കർ ഓം ബിർള, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബി.ജെ.പി അധ്യക്ഷൻ നിതിൻ നബിൻ, എ.എ.പി എം.പി രാഘവ് ഛദ്ദ തുടങ്ങിയ പ്രമുഖ നേതാക്കളും പ്രധാനമന്ത്രിക്ക് ആശംസകൾ നേർന്നവരിൽ ഉൾപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

