ബി.ജെ.പി അംഗങ്ങൾ ‘ദുര്യോധനനെ’ പോലെ ആസ്വദിക്കുമ്പോൾ ചെയർമാൻ ‘ധൃതരാഷ്ട്രരെ’ പോലെ ഇരിക്കുന്നു; മഹുവയെ ചോദ്യം ചെയ്ത രീതിയെ വിമർശിച്ച് തൃണമൂൽ മന്ത്രി
text_fieldsകൊൽക്കത്ത: ചോദ്യക്കോഴ പരാതിയിൽ എം.പി മഹുവ മൊയ്ത്രയോട് ലോക്സഭ എത്തിക്‌സ് കമ്മിറ്റി വിശദീകരണം തേടിയ രീതിയെ രൂക്ഷമായി വിമർശിച്ച് തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മന്ത്രിയുമായ ശാശി പാഞ്ച. എത്തിക്‌സ് കമ്മിറ്റി അംഗങ്ങൾ ‘ദുര്യോധനനെ’ പോലെ ആസ്വദിക്കുമ്പോൾ ചെയർമാൻ ‘ധൃതരാഷ്ട്രരെ’ പോലെ ഇരിക്കുകയായിരുന്നുവെന്ന് മഹാഭാരത കഥ പരാമർശിച്ച് ശാശി പാഞ്ച കുറ്റപ്പെടുത്തി.
സ്ത്രീ ശാക്തീകരണത്തെ കുറിച്ചും സ്ത്രീകളുടെ സുരക്ഷയെ കുറിച്ചും ബി.ജെ.പി വലിയ പ്രഭാഷണങ്ങൾ നടത്തുന്നു. എന്നാൽ, എത്തിക്‌സ് കമ്മിറ്റിയിലെ ബി.ജെ.പി അംഗങ്ങളും കേന്ദ്ര മന്ത്രിമാരും ദുര്യോധനനെ പോലെയും ചെയർമാൻ അന്ധനായ ധൃതരാഷ്ട്രരെ പോലെയും ഇരിക്കുകയായിരുന്നു. മഹുവ മൊയ്ത്രയോട് വ്യക്തിപരമായ ചോദ്യങ്ങളാണ് ചോദിച്ചതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുക്കപ്പെട്ട വനിത എം.പിയെ ബി.ജെ.പി അപമാനിച്ചു. ഇത് ബി.ജെ.പിയുടെ ഇടുങ്ങിയ മാനസികാവസ്ഥയെ ഉയർത്തിക്കാട്ടുന്നു. ഇതൊരു എത്തിക്‌സ് പാനലാണോ അതോ നോൺ-എത്തിക്‌സ് പാനലാണോ -ശാശി പാഞ്ച ചോദിച്ചു. ഇസ്രയേലിന്‍റെ പെഗാസസ് സോഫ്റ്റ് വെയർ ഉപയോഗിച്ച് നിരവധി വ്യക്തികളിലേക്ക് ഒളിഞ്ഞു നോക്കിയെന്ന് ആരോപണം ഉയർന്ന ബി.ജെ.പി എങ്ങനെയാണ് ദേശീയ സുരക്ഷയെ കുറിച്ച് സംസാരിക്കുന്നതെന്നും മന്ത്രി വിമർശിച്ചു.
'പരാതിക്കാരനായ നിഷികാന്ത് ദുബെ രാജ്യസുരക്ഷയെ കുറിച്ചാണ് സംസാരിക്കുന്നത്. ബി.ജെ.പിക്ക് എങ്ങനെയാണ് രാജ്യസുരക്ഷയെ കുറിച്ച് സംസാരിക്കാൻ കഴിയുക? ഇന്ത്യയിലെ ജനങ്ങൾക്ക് പെഗാസസിൽ ഉത്തരം ലഭിച്ചിട്ടില്ല. ഇത് രാജ്യസുരക്ഷയുടെ പ്രശ്നമല്ലേ? മാധ്യമപ്രവർത്തകരെയും ജഡ്ജിമാരെയും എം.പിമാരെയും നേതാക്കളെയും നിങ്ങൾ ചോർത്തി. ഈ വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണ്' -മന്ത്രി വ്യക്തമാക്കി.
ഏതാനും ദിവസം മുമ്പാണ് പ്രതിപക്ഷ നേതാക്കളുടെ ഫോൺ, ഇമെയിൽ വിവരങ്ങൾ ചോർത്താൻ ശ്രമം നടക്കുന്നുവെന്ന മുന്നറിയിപ്പ് ആപ്പിൾ നൽകിയത്. ഇന്ന് ദേശീയ സുരക്ഷയെ കുറിച്ച് ബി.ജെ.പി പറയുന്നു -ശശി പാഞ്ച കൂട്ടിച്ചേർത്തു.
ബി.ജെ.പി എം.പി നിഷികാന്ത് ദുബെ, മഹുവയുടെ മുൻപങ്കാളി കൂടിയായ അഭിഭാഷകൻ ജയ് ആനന്ദ് ദെഹദ്രായ്, ദുബൈയിലുള്ള വ്യവസായി ദർശൻ ഹീരാനന്ദാനി എന്നിവരുടെ പരാതി മുൻനിർത്തിയാണ് എത്തിക്‌സ് കമ്മിറ്റി ചെയർമാൻ വിനോദ് സോങ്കർ മഹുവ മൊയ്ത്രയെ വിളിച്ചു വരുത്തിയത്.
എത്തിക്‌സ് കമ്മിറ്റിയിൽ നൈതികതക്ക് നിരക്കാത്ത വ്യക്തിപരമായ ചോദ്യങ്ങൾ ഉയർന്നതിനാൽ സഹകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി മഹുവയും സമിതിയിലെ പ്രതിപക്ഷ അംഗങ്ങളും ഇറങ്ങിപ്പോയിരുന്നു. വനിത എം.പിയോടു ചോദിക്കാൻ പാടില്ലാത്ത വ്യക്തിപരമായ കാര്യങ്ങളും യോഗത്തിൽ ഉയർന്നുവന്നത് അധിക്ഷേപകരമാണെന്ന് ഇറങ്ങിപ്പോയ ബി.എസ്.പിയിലെ ഡാനിഷ് അലി, കോൺഗ്രസിലെ ഉത്തംകുമാർ റെഡി തുടങ്ങിയവർ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.