പൊലീസും ആൾക്കൂട്ടവും ചേർന്ന് ഇറച്ചിക്കച്ചവടക്കാരെ മർദിച്ചു, കൊള്ളയടിച്ചു; ദേഹത്ത് മൂത്രമൊഴിച്ചു
text_fieldsകിഴക്കൻ ഡൽഹിയിലെ ഷഹ്ദാരയിൽ മൂന്ന് ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ ഏഴുപേർ ചേർന്ന് രണ്ട് ഇറച്ചി കച്ചവടക്കാരെ മർദിക്കുകയും കൊള്ളയടിക്കുകയും ചെയ്തതായി പരാതി. മാർച്ച് ഏഴിന് ആനന്ദ് വിഹാർ പ്രദേശത്ത് രണ്ട് ഇറച്ചി കച്ചവടക്കാർ സഞ്ചരിച്ചിരുന്ന കാർ സ്കൂട്ടറിൽ ഇടിച്ചതാണ് സംഭവങ്ങളുടെ തുടക്കം. പശു ഗുണ്ടകൾ ആയ പ്രതികൾ ഇറച്ചി വിൽപനക്കാരുടെ മുഖത്ത് മൂത്രമൊഴിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പൊലീസ് പറഞ്ഞു. സംഭവത്തിന് തൊട്ടുപിന്നാലെ പൊലീസിനെ സമീപിച്ചെങ്കിലും നാല് ദിവസത്തിന് ശേഷം മാത്രമാണ് കേസ് രജിസ്റ്റർ ചെയ്തതെന്നും പറയുന്നു.
സംഭവത്തിൽ ഉൾപ്പെട്ട ഏഴ് പേർക്കെതിരെയും കേസെടുത്തതായും മൂന്ന് പൊലീസുകാരെ സസ്പെൻഡ് ചെയ്തതായും പൊലീസ് അറിയിച്ചു. ഗാസിപൂർ അറവുശാലയിലേക്ക് മാംസം വിതരണം ചെയ്യുന്ന നവാബ്, മുസ്തഫാബാദിലെ താമസക്കാരനും ബന്ധുവുമായ ഷോയിബുമായി കാറിൽ വീട്ടിലേക്ക് പോകുമ്പോൾ ആനന്ദ് വിഹാറിന് സമീപം സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. എഫ്.ഐ.ആറിൽ പറയുന്നതനുസരിച്ച് ഇവർ കാറിൽ മാംസം കൊണ്ടുപോവുകയായിരുന്നു. ഇവരോട് 4000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് സ്കൂട്ടർ ഉടമ ആവശ്യപ്പെട്ടു. അപ്പോൾ പൊലീസ് വാൻ അതുവഴി വന്നു. ഇറച്ചിവിൽപനക്കാരിൽനിന്ന് 2,500 രൂപ വാങ്ങി പൊലീസ് സ്കൂട്ടർ ഉടമക്ക് നൽകി.
തുടർന്ന് 15,000 രൂപ ആവശ്യപ്പെട്ട പൊലീസുകാരൻ പണം നൽകിയില്ലെങ്കിൽ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തിയതായും പറയുന്നു. പൊലീസ് വാനിലുണ്ടായിരുന്ന മറ്റ് പൊലീസുകാർ സമീപത്തുണ്ടായിരുന്ന ചില ആളുകളെയും കൂട്ടി ഇവരെ മർദിക്കുകയായിരുന്നു. പൊലീസ് അടക്കമുള്ളവർ ഇറച്ചിവിൽപനക്കാരുടെ മുഖത്ത് മൂത്രമൊഴിച്ചതായും പണം കൊള്ളയിച്ചതായും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.