''ലക്ഷ്യം ഹിന്ദുത്വ നേതാക്കളാവുക''; ഉവൈസിയെ ആക്രമിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി പ്രതികൾ
text_fieldsലഖ്നോ: കഴിഞ്ഞ ഫെബ്രുവരിയിലാണ് ഉത്തർപ്രദേശിലെ ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തിഹാദുൽ മുസ്‌ലിമീൻ തലവനും ലോക്‌സഭാ എം.പിയുമായ അസദുദ്ദീൻ ഉവൈസിയുടെ കാറിന് നേരെ രണ്ട് പേർ വെടിയുതിർത്തത്. സംഭവത്തിൽ സച്ചിൻ, ശുഭം എന്നീ പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ ഉവൈസിയെ ആക്രമിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് പ്രതികൾ.
മറ്റൊരു സമുദായത്തിലെ രാഷ്ട്രീയ നേതാവിനെ കൊലപ്പെടുത്തി ഹിന്ദുത്വ നേതാക്കളാവുക എന്നതായിരുന്നു ആക്രമണത്തിന് പിന്നിലെ ലക്ഷ്യമെന്ന് പ്രതികൾ വെളിപ്പെടുത്തി. സമ്പൂർണ തയാറെടുപ്പോടെയാണ് പ്രതികൾ ഉവൈസിയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. ആക്രമണത്തിൽ ആർക്കെങ്കിലും പരിക്കേറ്റിരുന്നെങ്കിൽ സംസ്ഥാനത്തെ ക്രമസമാധാന നില തകരുമായിരുന്നെന്നും തന്മൂലം ചില സാമൂഹിക വിരുദ്ധർ സ്ഥിതി കൂടുതൽ വഷളാക്കുമായിരുന്നെന്നും കുറ്റപത്രത്തിൽ പറയുന്നു.
ആക്രമണത്തിന്റെ സി.സി.ടിവി ദൃശ്യങ്ങളും ഫോറൻസിക് പരിശോധനക്ക് വിധേയമാക്കിയ വാഹനത്തിന്‍റെ വിവരങ്ങളും കുറ്റപത്രത്തിൽ ഹാജരാക്കിയിട്ടുണ്ട്. ഉവൈസിയുടെയും പ്രതികൾക്ക് ആയുധങ്ങൾ കൈമാറിയയാളുടെയുമടക്കം 61 പേരുടെ മൊഴികളാണ് തെളിവായി കുറ്റപത്രത്തിൽ ഹാജരാക്കിയിട്ടുള്ളത്.
ഉത്തർപ്രദേശിലെ മീററ്റിൽ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി കഴിഞ്ഞ് ഡൽഹിയിലേക്ക് മടങ്ങുന്നതിനിടെ ഛജാർസി ടോൾ പ്ലാസക്ക് സമീപമാണ് ഉവൈസിയുടെ വാഹനത്തിന് നേരെ ആക്രമണമുണ്ടായത്. സംഭവത്തിന് ശേഷം കേന്ദ്രം ഉവൈസിക്ക് ഇസഡ് കാറ്റഗറി സുരക്ഷ നൽകിയെങ്കിലും അദ്ദേഹം അത് നിരസിക്കുകയും നീതിയുക്തമായ അന്വേഷണം മാത്രമേ ആഗ്രഹിക്കുന്നുള്ളൂവെന്നും അറിയിക്കുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.