ഷാളിൽ പിടിച്ചുവലിച്ച് വിദ്യാർഥിനിയുടെ മരണത്തിനിടയാക്കിയ സംഭവം: ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ ഏറ്റുമുട്ടലിൽ വെടിവെച്ച് പൊലീസ്
text_fieldsലഖ്നോ: സൈക്കിളിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ വിദ്യാർഥിനിയുടെ ഷാൾ പിടിച്ചുവലിച്ച് വീഴ്ത്തി കുട്ടിയുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ പ്രതികളെ ഏറ്റുമുട്ടലിലൂടെ വെടിവെച്ച് പൊലീസ്. നിയന്ത്രണം തെറ്റി സൈക്കിളിൽ നിന്നും വീണ പെൺകുട്ടി പിന്നാലെ ദേഹത്ത് ബൈക്ക് പാഞ്ഞുകയറി കൊല്ലപ്പെട്ടിരുന്നു. യു.പിയിലെ അംബേദ്കർ നഗറിലായിരുന്നു സംഭവം. ആക്രമണത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പൊലീസ് പ്രതികളെ ഏറ്റുമുട്ടലിലൂടെ കാലിന് വെടിവെച്ച് വീഴ്ത്തിയത്.
പെൺകുട്ടിയുടെ കൊലപാതകത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മെഡിക്കൽ പരിശോധനക്കിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചതോടെയാണ് പ്രതികളെ വെടിവെച്ചതെന്നാണ് പൊലീസിന്‍റെ വാദം. പ്രതികളായ ഫൈസൽ, ഷഹബാസ് എന്നിവരെയാണ് പൊലീസ് വെടിവെച്ചത്. പ്രായപൂർത്തിയാകാത്ത മൂന്നാം പ്രതിക്ക് ഓടുന്നതിനിടെ കാലിന് പരിക്കേറ്റിട്ടുണ്ട്. അതേസമയം ജോലി സമയത്തെ അശ്രദ്ധ ചൂണ്ടിക്കാട്ടി ഹൻസ്വാർ പൊലീസ് എസ്.എച്ച്.ഒയെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
വെള്ളിയാഴ്ചയായിരുന്നു പെൺകുട്ടിയുടെ മരണത്തിനിടയാക്കിയ സംഭവം.
ബൈക്കിലെത്തിയ രണ്ടംഗ സംഘം സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന കുട്ടിയുടെ ഷാളിൽ പിടിച്ചുവലിക്കുകയായിരുന്നു. നിയന്ത്രണം വിട്ട് താഴെവീണ പെൺകുട്ടിയുടെ ദേഹത്തേക്ക് പ്രതികളുടെ സുഹൃത്തുക്കൾ ബൈക്ക് പാഞ്ഞുകയറുകയായിരുന്നു. പെൺകുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും യാത്രാമധ്യേ മരണപ്പെടുകയായിരുന്നു. കുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.