പാക് ജയിലിൽ കിടന്നത് 23 വർഷം; അബദ്ധത്തിൽ അതിർത്തി കടന്ന മധ്യപ്രദേശ് സ്വദേശിക്ക് ഒടുവിൽ മോചനം
text_fieldsഅമൃത്സർ: മധ്യപ്രദേശ് സ്വദേശിയായ പ്രഹ്ലാദ് സിങ് രാജ്പുത് 33ാം വയസ്സിലാണ് അബദ്ധത്തിൽ അതിർത്തി കടന്ന് പാകിസ്താനിലെത്തുന്നത്. അവിടെ പിടിയിലായതോടെ ജയിലിൽ കഴിഞ്ഞത് 23 വർഷം. ഇപ്പോൾ, 56ാം വയസ്സിൽ തിരികെ ജന്മനാട്ടിൽ കാലുകുത്തുേമ്പാൾ കഴിഞ്ഞതെല്ലാം സിനിമാക്കഥയെ വെല്ലുന്ന അനുഭവങ്ങളാവുകയാണ് പ്രഹ്ലാദിന്.
മധ്യപ്രദേശിലെ സാഗറിലെ ഘോസിപട്ടി ഗ്രാമത്തിലാണ് പ്രഹ്ലാദിന്‍റെ വീട്. മാനസിക വൈകല്യമുള്ള പ്രഹ്ലാദ് വീടുവിട്ടിറങ്ങുകയും അതിർത്തി കടന്ന് പാകിസ്താനിലെത്തുകയുമായിരുന്നു. ഇപ്പോൾ സഹോദരൻ വീർ സിങ് രാജ്പുത്തിന്റെയും കുടുംബാംഗങ്ങളുടെയും നിരന്തര പരിശ്രമം മൂലമാണ് ജന്മനാട്ടിലേക്കുള്ള തിരിച്ചുവരവ് സാധ്യമായത്. 1998ലാണ് പെട്ടെന്നൊരു ദിവസം പ്രഹ്ലാദ് വീട്ടില്‍ നിന്ന് അപ്രത്യക്ഷനാകുന്നത്. വീട്ടുകാർ പലയിടത്ത് തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പൊലീസില്‍ പരാതിപ്പെട്ടെങ്കിലും അവരുടെ അന്വേഷണത്തിലും കണ്ടെത്താനായില്ല.
2014ലാണ് പ്രഹ്ലാദ് പാകിസ്താനിലെ ഏതോ ജയിലിലുണ്ടെന്ന വിവരം ഗൗർഝമാര്‍ പൊലീസിന് ലഭിക്കുന്നത്. പിന്നീട് പ്രഹ്ലാദിനെ മോചിപ്പിക്കുന്നതിനുള്ള ശ്രമത്തിലായി കുടുംബം. വിദേശകാര്യ മന്ത്രാലയത്തിൽ നിരവധി അപേക്ഷകള്‍ സമര്‍പ്പിച്ചും അധികൃതരെ നിരന്തരം കണ്ടും എഴ് വര്‍ഷമായി തുടരുന്ന കുടുംബത്തിന്‍റെ പരിശ്രമങ്ങളാണ് ഇപ്പോൾ വിജയത്തിലെത്തിയിരിക്കുന്നത്. സാഗര്‍ പൊലീസും പ്രഹ്ലാദിന്‍റെ കാര്യത്തിൽ ന്യൂഡല്‍ഹിയിലെ അധികാരികള്‍ക്കു മുന്നില്‍ ഇടപെടൽ നടത്തി.
പ്രഹ്ലാദ് സിങ് രാജ്പുത്തിനെ തിങ്കളാഴ്ച അമൃത്സറിലെ അഠാരി അതിര്‍ത്തിയില്‍ വെച്ച് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് പാകിസ്താന്‍ കൈമാറി. സഹോദരന്‍ വീര്‍ സിങ് രാജ്പുത് ആണ് മധ്യപ്രദേശ് പൊലീസിനൊപ്പം പ്രഹ്ലാദിനെ സ്വീകരിക്കാൻ അതിര്‍ത്തിയില്‍ എത്തിയത്. രണ്ട് പതിറ്റാണ്ടിന് ശേഷമുള്ള സഹോദരങ്ങളുടെ സമാഗമം ഏറെ വികാരഭരിതമായി. സഹോദരങ്ങള്‍ കണ്ണീരോടെ പരസ്പരം ആലിംഗനം ചെയ്ത് ആഹ്ലാദം പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.