നിരോധിത സംഘടനകളിലെ അംഗത്വംപോലും കുറ്റകരം; യു.എ.പി.എ പ്രകാരം കേസെടുക്കാമെന്ന് സുപ്രീം കോടതി
text_fieldsന്യൂഡല്‍ഹി: നിരോധിത സംഘടനകളിലെ അംഗത്വം നിയമ വിരുദ്ധ പ്രവര്‍ത്തന നിരോധന നിയമപ്രകാരം (യു.എ.പി.എ) കേസെടുക്കാവുന്ന കുറ്റമാണെന്ന് സുപ്രീം കോടതി. 2011ലെ വിധി തിരുത്തിക്കൊണ്ടാണ് മൂന്നംഗ ബെഞ്ചിന്റെ ഉത്തരവ്. അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതെ, നിരോധിത സംഘടനകളില്‍ വെറും അംഗമായിരിക്കുന്നത് യു.എ.പി.എയോ ടാഡയോ ചുമത്താവുന്ന കുറ്റമല്ലെന്നായിരുന്നു 2011ലെ വിധി. ഈ ഉത്തരവാണ് മൂന്നംഗ ബഞ്ച് തിരുത്തിയത്
ജസ്റ്റിസുമാരായ എം.ആര്‍. ഷാ, സി.ടി. രവികുമാര്‍, സഞ്ജയ് കരോള്‍ എന്നിവരാണ് ഉത്തരവ് പുറപ്പെടുവിച്ചത്. നിരോധിത സംഘടനകളിലെ അംഗത്വം കുറ്റകരമാക്കുന്ന യു.എ.പി.എ 10 എ (1) വകുപ്പ് ബെഞ്ച് ശരിവച്ചു. നേരത്തെ വിധി പറഞ്ഞ രണ്ടംഗബെഞ്ച് ഗുരുതരമായ തെറ്റ് വരുത്തിയെന്നു കോടതി നീരീക്ഷിച്ചു. മുൻഉത്തരവ് കേന്ദ്രസർക്കാരിനെ കേൾക്കാതെയാണ് നല്കിയതെന്നും കോടതി നീരീക്ഷിച്ചു.
ഉള്‍ഫയില്‍ അംഗമായിരുന്ന ആള്‍ക്കെതിരെ ടാഡ പ്രകാരം എടുത്ത കേസിലെ ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞുകൊണ്ടാണ്, 2011ല്‍ ജസ്റ്റിസുമാരായ മാര്‍ക്കണ്ഡേയ കട്ജുവും ജ്ഞാന്‍ സുധാ മിശ്രയും വിധി പറഞ്ഞത്. അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ ആളുകളെ അതിനു പ്രേരിപ്പിക്കുകയോ ക്രമസമാധാന നില തകര്‍ക്കുന്ന വിധം പെരുമാറുകയോ ചെയ്യാത്ത പക്ഷം, നിരോധിത സംഘടനയില്‍ അംഗമായിരുന്നു എന്നതു കൊണ്ടുമാത്രം ഒരാള്‍ കുറ്റവാളിയാവുന്നില്ലെന്നായിരുന്നു വിധി. കേന്ദ്ര സര്‍ക്കാരിന്റെ വാദം കേള്‍ക്കാതെയാണ് വിധിയെന്നു ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി 2014ല്‍ രണ്ടംഗ ബെഞ്ച് വിശാല ബെഞ്ചിന്റെ പരിഗണനയ്ക്കുവിട്ടു. ഇതിലാണ് ഇപ്പോൾ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
മൂന്നംഗ ബെഞ്ചിന്റെ വിധി ചരിത്രപരമെന്ന് സോളിസിറ്റർ ജനറൽതുഷാർ മേത്ത സുപ്രീം കോടതിയിൽ പറഞ്ഞു. പോപ്പുലർ ഫ്രണ്ട് ഉൾപ്പടെ നിരോധിത സംഘടനകളിലെ അംഗത്വം തുടരുന്നതായി ആരോപണം നേരിടുന്നവർക്കെതിരെ പുതിയ സാഹചര്യത്തിൽ യു.എ.പി.എ ചുമത്താം. മാവോയിസ്റ്റ് അനുകൂല നിലപാട് ചൂണ്ടിക്കാട്ടി പൊലീസ് അറസ്റ്റുചെയ്യുന്നവരുടെ കാര്യത്തിലും വിധി വലിയ പ്രത്യാഘാതം ഉണ്ടാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.