കാണാൻ സുന്ദരിയാണല്ലോ, എനിക്ക് ഇഷ്ടമായി, വിവാഹം കഴിഞ്ഞതാണോ; അർധരാത്രിയിൽ ഈ രീതിയിൽ പരിചയമില്ലാത്ത സ്ത്രീകൾക്ക് മെസേജ് അയച്ചാൽ അകത്താകുമെന്ന് മുംബൈ കോടതി
text_fieldsസ്ത്രീകളുടെ മൊബൈലിലേക്ക് അജ്ഞാത ഫോൺ സന്ദേശങ്ങൾ ലഭിക്കുന്നത് പതിവാണ്. ചിലർ അത്തരം കോളുകളിൽ ചതിക്കപ്പെട്ട സംഭവങ്ങളുമുണ്ട്. നിങ്ങൾ കാണാൻ വളരെ സുന്ദരിയാണ്. സ്മാർടാണ്, എനിക്ക് നിങ്ങളെ ഇഷ്ടപ്പെട്ടു തുടങ്ങിയത് പോലുള്ള സന്ദേശങ്ങൾ അർധരാത്രിയിൽ പരിചയമില്ലാത്ത സ്ത്രീകളുടെ മൊബൈലിലേക്ക് അയക്കുന്നവർ അകത്താകുമെന്ന മുന്നറിയിപ്പു നൽകിയിരിക്കുകയാണ് മുംബൈ കോടതി.
ഇത്തരത്തിലുള്ള സന്ദേശങ്ങൾ വാട്സ് ആപ് വഴി അയച്ചയാളെ ശിക്ഷിച്ചുകൊണ്ടുള്ള വിധി ശരിവെച്ചാണ് കോടതിയുടെ നിർദേശം. മുൻ കോർപറേറ്റർക്കാണ് അജ്ഞാതനിൽ നിന്ന് വാട്സ് ആപ് വഴി സന്ദേശങ്ങൾ ലഭിച്ചത്.
രാത്രി 11നും 12.30നുമിടയിൽ ഇയാൾ പരാതിക്കാരി ഇത്തരത്തിലുള്ള നിരവധി സന്ദേശങ്ങളും സഭ്യമല്ലാത്ത രീതിയിലുള്ള ഫോട്ടോകളും അയച്ചയായി കോടതി കണ്ടെത്തി. മാത്രമല്ല, പരാതിക്കാരിയും സന്ദേശം അയച്ച ആളും തമ്മിൽ ഒരു ബന്ധവുമില്ലെന്നതും കോടതി നിരീക്ഷിച്ചു.
കാണാൻ സുന്ദരിയാണെന്നും വിവാഹിതയാണോയെന്നും പരാതിക്കാരിയോട് ഇയാൾ മെസേജിലൂടെ നിരന്തരം ചോദിക്കുന്നുമുണ്ട്. ഒരു സ്ത്രീയും പ്രത്യേകിച്ച് പ്രധാന പദവിയിലിരുന്ന ഒരാൾ ഇത്തരത്തിലുള്ള സന്ദേശങ്ങൾ സഹിക്കില്ലെന്ന് അഡീഷനൽ സെഷൻസ് ജഡ്ജി ഡി.ജി. ധോബ്ലെ നിരീക്ഷിച്ചു.
2022 നാണ് മജിസ്ട്രേറ്റ് കോടതി സന്ദേശം അയച്ചയാളെ മൂന്നുമാസം തടവിനും പിഴയടക്കാനും ശിക്ഷിച്ചത്. വിധിക്കെതിരെ ഇയാൾ സെഷൻസ് കോടതിയെ സമീപിക്കുകയായിരുന്നു. രാഷ്ട്രീയ വൈരം തീർക്കാനായി കെട്ടിച്ചമച്ച കേസാണിതെന്നായിരുന്നു ആരോപണം. ഈ വാദം തള്ളിയ സെഷൻസ് കോടതി മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് ശരിവെക്കുകയായിരുന്നു. ഒരു സ്ത്രീയും തന്റെ അന്തസ്സിനെ കളങ്കപ്പെടുത്തുന്ന തരത്തിലുള്ള വ്യാജ പരാതികൾ നൽകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.