ഡൽഹി ആശുപത്രിയിലെത്തി സത്യേന്ദർ ജെയിനിനെ കണ്ട് അരവിന്ദ് കെജ്‍രിവാൾ
text_fieldsന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ മുൻ മന്ത്രി സത്യേന്ദർ ജെയിനിനെ ലോക് നായിക് ആശുപത്രിയിൽ സന്ദർശിച്ചു. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ കെജ്രിവാൾ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. ''ധീരനായ മനുഷ്യനൊപ്പം....ഹീറോ"-എന്ന അടിക്കുറിപ്പിലാണ് ചിത്രം പങ്കുവെച്ചത്. ചിത്രങ്ങളിൽ ജെയിനിന്റെ തലക്ക് ബാൻഡേജും ഇടതുകൈക്ക് പ്ലാസ്റ്ററും ഇട്ടിരിക്കുന്നതു കാണാം. തിഹാർ ജയിലിലെ ശുചിമുറിയിൽ കുഴഞ്ഞു വീണതിനെ തുടർന്നാണ് ജെയിനിന്റെ തലക്ക് ക്ഷതമേറ്റത്.
കള്ളപ്പണം വെളുപ്പിച്ച കേസിൽ എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്ത ജെയിനിന് ഒരു വർഷത്തെ ജയിൽ ശിക്ഷക്കു ശേഷം ഇടക്കാല ജാമ്യം ലഭിച്ചിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ കണക്കിലെടുത്താണ് ജെയിനിന് സുപ്രീംകോടതി ആറാഴ്ചത്തെ ജാമ്യം അനുവദിച്ചത്. ജാമ്യക്കാലയളവിൽ സംസ്ഥാനം വിട്ടുപോകരുതെന്നും മാധ്യമങ്ങളോട് സംസാരിക്കരുതെന്നും സുപ്രീംകോടതി കർശന നിർദേശം നൽകിയിരുന്നു.
2015 നും 2017നുമിടെ സത്യേന്ദർ ജെയിൻ അനധികൃതമായി സ്വത്തുക്കൾ സമ്പാദിച്ചുവെന്നാണ് അന്വേഷണ ഏജൻസികളുടെ ആരോപണം. സി.ബി.ഐയുടെ പരാതിയിലാണ് അദ്ദേഹത്തിനെതിരെ ഇ.ഡി കേസെടുത്തത്. കഴിഞ്ഞ ഫെബ്രുവരിയിൽ ജെയിൻ മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.