ആകാശത്ത് കണ്ടത് നിഗൂഢമായ തീജ്വാല; ഗ്രാമങ്ങളിൽ വീണത് ലോഹഗോളവും പൊള്ളുന്ന വളയവും -VIDEO
text_fieldsമുംബൈ: ആകാശത്ത് അപൂർവവും നിഗൂഢവുമായൊരു കാഴ്ചക്കാണ് ശനിയാഴ്ച രാത്രി മഹാരാഷ്ട്രയിലെ ഏതാനും ഗ്രാമങ്ങളിലെ ജനങ്ങൾ സാക്ഷികളായത്. കൂറ്റനൊരു തീജ്വാല ആകാശത്തെ കീറിമുറിച്ച് കുതിക്കുന്നതായിരുന്നു കാഴ്ച. ഉൽക്കാ പതനമാണോ വാൽനക്ഷത്രമാണോ അതോ മറ്റെന്തെങ്കിലും ആകാശവിസ്മയമാണോയെന്നറിയാതെ ജനങ്ങൾ ആശങ്കയിലായി. പലരും ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു.
ഇതിന് പിന്നാലെ രണ്ട് ഗ്രാമങ്ങളിലെ ജനങ്ങൾക്ക് അപൂർവമായ ചില വസ്തുക്കൾ കൃഷിയിടങ്ങളിൽ നിന്ന് ലഭിക്കുകയും ചെയ്തു. സിന്ദേവാഹിയിലെ ലാദ്ബോറി ഗ്രാമത്തിലെ ജനങ്ങൾ കണ്ടത് മൂന്ന് മീറ്റർ വ്യാസമുള്ള ഒരു ലോഹ വളയമായിരുന്നു. കൈകൊണ്ട് തൊടാനാവാത്ത രീതിയിൽ ചുട്ടുപൊള്ളുന്ന നിലയിലായിരുന്നു ഇത്. ഇതേസമയം തന്നെ പവൻപാർ ഗ്രാമത്തിൽ സമാനാവസ്ഥയിൽ വലിയൊരു ലോഹഗോളവും കണ്ടെത്തി. ഇതോടെ, അന്യഗ്രഹ ജീവികളുടെ പറക്കുംതളിക ആകാശത്തുവെച്ച് പൊട്ടിത്തെറിച്ചതാണെന്നുവരെ അഭ്യൂഹമുയർന്നു. ജില്ല അധികൃതരെ വിവരമറിയിച്ചതോടെ അവരും സ്ഥലത്തെത്തി വസ്തുക്കൾ പരിശോധിച്ചു.
ശനിയാഴ്ച രാത്രി 7.30നും എട്ടിനും ഇടയിലാണ് ഗ്രാമവാസികൾ ദൃശ്യം കണ്ടതെന്നും വസ്തുക്കൾ ലഭിച്ചതെന്നും ചന്ദ്രാപൂർ ജില്ല കലക്ടർ അജയ് ഗുലാനെ പറഞ്ഞു. പവൻപാദ് ഗ്രാമത്തിൽ നിന്ന് ഞായറാഴ്ച രാവിലെയും ലോഹ വസ്തു ലഭിച്ചതായി അദ്ദേഹം വ്യക്തമാക്കി. സംഭവത്തെ കുറിച്ച് അന്വേഷിക്കുകയാണെന്ന് പൊലീസ് എ.ഡി.ജി.പിയും വ്യക്തമാത്തി.
ആകാശത്ത് കണ്ടത് ഉൽക്കാപതനമല്ലെന്നും കൃത്രിമോപഗ്രഹത്തിന്‍റെ ഭാഗമാണെന്നുമാണ് ജ്യോതിശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നത്. തകർക്കപ്പെട്ട കൃത്രിമോപഗ്രഹ ഭാഗങ്ങൾ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ച് കത്തിത്തീരുന്ന ദൃശ്യങ്ങളാണ് ഗ്രാമവാസികൾ കണ്ടതെന്ന് ഇവർ പറയുന്നു. ചൈനീസ് റോക്കറ്റിന്‍റെ പുന:പ്രവേശമാണെന്നും അല്ലെങ്കിൽ മറ്റേതെങ്കിലും രാജ്യത്തിന്‍റെ ഉപഗ്രഹം തകർന്നതാകാമെന്നും ജ്യോതിശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. വിവിധയിടങ്ങളിൽ നിന്ന് ലഭിച്ച ലോഹഭാഗങ്ങൾ ഇത്തരമൊരു സാധ്യതയിലേക്ക് തന്നെയാണ് വിരൽചൂണ്ടുന്നത്.
മഹാരാഷ്ട്രയിൽ കണ്ടതിന് സമാനമായ ദൃശ്യങ്ങൾ മധ്യപ്രദേശിലും കഴിഞ്ഞദിവസം രാത്രിയുണ്ടായതായി പലരും സമൂഹമാധ്യമങ്ങളിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. സംഭവത്തെ കുറിച്ച് അധികൃതർ അന്വേഷണം നടത്തുന്നുണ്ട്. കൃത്യമായ മറുപടി വരുംദിവസങ്ങളിലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഗ്രാമവാസികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.