ഇന്ത്യക്ക് ശാസ്ത്രദിശ പകര്‍ന്ന ഗോകു
text_fieldsസൗരയൂഥത്തില്‍ ‘ഗോകുമേനോന്‍’ എന്ന പേരില്‍ ഒരു ക്ഷുദ്രഗ്രഹമുണ്ട്. ചൊവ്വക്കും വ്യാഴത്തിനുമിടയില്‍ സൂര്യനെ പ്രദക്ഷിണം ചെയ്യുന്ന ഈ കുഞ്ഞുഗ്രഹത്തെ കണ്ടത്തെിയത് 1988ലാണ്. 2008ല്‍ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന ഇങ്ങനെയൊരു പേര് നല്‍കിയത് എം.ജി.കെ. മേനോനോടുള്ള ആദരസൂചകമായാണ്. എം.ജി.കെ. മേനോനെ ചെറുപ്പത്തില്‍ സുഹൃത്തുക്കളും അടുപ്പക്കാരും വിളിച്ചിരുന്നത് ‘ഗോകു’ എന്നായിരുന്നു. ആ പേര് അങ്ങനെതന്നെ ശാസ്ത്രലോകവും സ്വീകരിച്ചു. അദ്ദേഹത്തിന് അന്താരാഷ്ട്ര തലത്തില്‍ ലഭിച്ച നിരവധി അംഗീകാരങ്ങളില്‍ ഒന്നുമാത്രമാണ് ഇത്.
പ്രഗല്ഭനായ ഒരു ഭൗതികശാസ്ത്രജ്ഞന്‍ മാത്രമായിരുന്നില്ല വിടപറഞ്ഞ എം.ജി.കെ. മേനോന്‍. ഗവേഷണ മേഖലയില്‍ സ്വന്തമായി ഇടംകണ്ടത്തെുകയും അത് രാഷ്ട്രപുരോഗതിക്കായി ഉപയോഗപ്പെടുത്തുകയും ചെയ്ത പ്രതിഭ. അടിസ്ഥാന കണങ്ങളെക്കുറിച്ചുള്ള പഠനങ്ങളില്‍ എം.ജി.കെ. മേനോന്‍ തയാറാക്കിയ പ്രബന്ധങ്ങള്‍ക്ക് ശാസ്ത്രലോകത്തിന്‍െറ പ്രശംസ പലകുറി പിടിച്ചുപറ്റി. അതിന്‍െറ ആനുകൂല്യത്തില്‍ വിദേശരാജ്യങ്ങളിലെ ഗവേഷണ ശാലകളില്‍നിന്നും മറ്റുമായി ക്ഷണവും ലഭിച്ചു.
എന്നാല്‍, സ്വന്തം രാജ്യത്ത് ശാസ്ത്രസാങ്കേതിക മുന്നേറ്റങ്ങള്‍ക്ക് ദിശാബോധം നല്‍കുകയെന്ന ചരിത്രദൗത്യമാണ് അദ്ദേഹം നിര്‍വഹിച്ചത്. സി.വി. രാമന്‍ മാത്രമാണ് ഇതിനുമുമ്പുള്ള മാതൃക. ഇന്ത്യന്‍ പൗരനായിരിക്കെ ശാസ്ത്ര നൊബേല്‍ നേടിയ ഏകവ്യക്തിയാണ് രാമന്‍.
സി.വി. രാമനുമായുള്ള ഈ സാമ്യത്തില്‍ മറ്റൊരു യാദൃച്ഛികതകൂടിയുണ്ട്. ജസ്വന്ത് കോളജിലെ ബിരുദപഠന കാലത്ത് മെഡിസിനു പോകാനായിരുന്നു ഗോകുവിനും പിതാവ് ശങ്കരമേനോനും താല്‍പര്യം. പക്ഷേ, ഗോകുവിന് അടിസ്ഥാന ഭൗതികത്തിലും അഭിരുചിയുണ്ടായിരുന്നു. ഇത് മനസ്സിലാക്കിയത് സി.വി. രാമനാണ്. ഒരിക്കല്‍ ശങ്കരമേനോന്‍െറ അതിഥിയായ രാമനാണ്, ഗോകു ബിരുദത്തിനുശേഷം ഭൗതിക ശാസ്ത്രം തന്നെ പഠിക്കട്ടെയെന്ന് നിര്‍ദേശിച്ചത്. അദ്ദേഹം തന്നെയാണ് പ്രമുഖ ശാസ്ത്രജ്ഞനായ ഡോ. എന്‍.ആര്‍. തോഡെയുടെ കീഴില്‍ ബോംബെയിലെ റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠനസൗകര്യമൊരുക്കിയതും. ഇതായിരുന്നു എം.ജി.കെ. മേനോന്‍ എന്ന ശാസ്ത്രകാരനെ സൃഷ്ടിച്ചതെന്ന് പിന്നീട് അദ്ദേഹംതന്നെ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.
ലണ്ടനിലെ ബ്രിസ്റ്റല്‍ സര്‍വകലാശാലയില്‍നിന്ന് പിഎച്ച്.ഡി നേടിയശേഷം 1949ല്‍ ഇന്ത്യയില്‍ മടങ്ങിയത്തെിയ എം.ജി.കെ. മേനോന്‍ പിന്നെ ചെലവഴിച്ചത് ഹോമി ജഹാംഗീര്‍ ഭാഭക്കൊപ്പമായിരുന്നു. ഭാഭ ആ സമയത്ത് ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്‍റല്‍ റിസര്‍ച്ചിനെ ഒരു മികച്ച സ്ഥാപനമാക്കി മാറ്റാനുള്ള ശ്രമത്തിലായിരുന്നു. ആ ദൗത്യത്തില്‍ എം.ജി.കെ. മേനോനും പങ്കാളിയായി. ആദ്യം സ്ഥാപനത്തില്‍ റീഡറായി. പിന്നെ, 38ാം വയസ്സില്‍ അതിന്‍െറ ഡയറക്ടറുമായി (1966).
ഈ കാലത്തു അദ്ദേഹം തന്‍െറ ഗവേഷണങ്ങള്‍ക്കും സമയം കണ്ടത്തെി. ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ടിലെ അധ്യാപന കാലത്തുതന്നെയാണ് അദ്ദേഹം തന്‍െറ പ്രശസ്തമായ ബലൂണ്‍ പരീക്ഷണങ്ങള്‍ നടത്തിയത്. ബഹിരാകാശ ഗവേഷണ രംഗത്തെ ഇന്ത്യയുടെ ആദ്യ പരീക്ഷണമായിരുന്നു ഇത്. ബലൂണുകളില്‍ നിരീക്ഷണോപകരണങ്ങള്‍ ഘടിപ്പിച്ച് സ്ട്രാറ്റോസ്ഫിയറിന്‍െറ ഉയരത്തില്‍ വിക്ഷേപിക്കുകയാണ് അദ്ദേഹം ചെയ്തത്. ഈ പരീക്ഷണം വിജയിച്ചതാണ് പിന്നീട് ഐ.എസ്.ആര്‍.ഒയുടെ രൂപവത്കരണത്തിലേക്ക് നയിച്ചത്. ശാസ്ത്രലോകത്തിന് ഇനിയും പൂര്‍ണമായും പിടിതരാത്ത ന്യൂട്രിനോകളെക്കുറിച്ച് ലോകത്ത് നിര്‍ണായക പരീക്ഷണങ്ങള്‍ നടത്തിയ ആദ്യ ശാസ്ത്രജ്ഞരുടെ പട്ടികയിലും എം.ജി.കെയുണ്ട്. ക
ര്‍ണാടകയിലെ കോലാര്‍ ഖനികളില്‍ അദ്ദേഹം സ്ഥാപിച്ച താല്‍ക്കാലിക ന്യൂട്രിനോ ഒബ്സര്‍വേറ്ററിയുടെ മാതൃകയില്‍ പിന്നീട് ലോകത്തിന്‍െറ പലഭാഗത്തും ന്യൂട്രിനോ നിരീക്ഷണാലയങ്ങള്‍ സ്ഥാപിച്ചു. പദാര്‍ഥങ്ങളുടെ അടിസ്ഥാന കണങ്ങളുടെ സവിശേഷതകള്‍ പഠിക്കാന്‍ കോസ്മിക് കിരണങ്ങള്‍ ഉപയോഗിച്ചുള്ള സാങ്കേതികവിദ്യ 60കളുടെ ഒടുക്കത്തില്‍ തന്നെ അദ്ദേഹം ഉപയോഗപ്പെടുത്തി.
ബഹിരാകാശ ഗവേഷണ മേഖലയിലെ സംഭാവനകള്‍ പരിഗണിച്ചാണ് കേന്ദ്രസര്‍ക്കാര്‍ അദ്ദേഹത്തെ ഐ.എസ്.ആര്‍.ഒ ചെയര്‍മാനായി നിയമിച്ചത്. ഏറ്റവും പ്രായംകുറഞ്ഞ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍കൂടിയാണ് അദ്ദേഹം. ശേഷം നിരവധി സ്ഥാനങ്ങള്‍ അദ്ദേഹത്തെ തേടിയത്തെി. ഡി.ആര്‍.ഡി.ഒ ഡയറക്ടര്‍, സി.എസ്.ഐ.ആര്‍ ഡയറക്ടര്‍, പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് തുടങ്ങി ഒടുവില്‍ ശാസ്ത്ര സാങ്കേതിക വകുപ്പിന്‍െറ ചുമതലയുള്ള കേന്ദ്രമന്ത്രി വരെയായി.
പത്മവിഭൂഷണ്‍ ഉള്‍പ്പെടെ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ശാന്തി സ്വരൂപ് ഭട്നാഗര്‍ അവാര്‍ഡ്, അബ്ദുസ്സലാം പ്രൈസ് തുടങ്ങിയവയാണ് അദ്ദേഹത്തിന് ലഭിച്ച മറ്റ് അംഗീകാരങ്ങള്‍. എം.ജി.കെയുടെ കുടുംബവേരുകള്‍ കേരളത്തിലാണ്. പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരത്തു മാമ്പള്ളിക്കളത്തില്‍ ശങ്കരമേനോന്‍െറയും നാരായണി അമ്മയുടെയും മകനാണ് എം.ജി.കെ. ഭാര്യ: ഗുജറാത്തി സ്വദേശി ഇന്ദുമതി പട്ടേല്‍. മക്കള്‍: ആനന്ദ് കുമാര്‍ മേനോന്‍, പ്രീതി മേനോന്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.