നാവിക കരുത്തുകൂട്ടി ഇന്ത്യ; എം.എച്ച് 60 ആർ ഹെലികോപ്റ്ററുകൾ യു.എസ് കൈമാറി
text_fieldsവാഷിങ്ടൺ: അമേരിക്ക നാവികസേന ഉപയോഗിക്കുന്ന രണ്ട് അത്യാധുനിക എം.എച്ച് 60 ആർ സീഹോക് മാരിടൈം ഹെലികോപ്റ്ററുകൾ ഇന്ത്യക്ക് സ്വന്തം. ഇന്ത്യ വാങ്ങുന്ന 24 എം.എച്ച് 60 ആർ സീഹോക് ഹെലികോപ്റ്ററുകളിലെ ആദ്യ ബാച്ചിലെ രണ്ട് ഹെലികോപ്റ്ററാണ് സാന്‍റിയാഗോ നോർത്ത് ഐലൻഡിലെ യു.എസ്. നേവൽ എയർ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ കൈമാറിയത്. കൂടാതെ, പി-8 പോസിഡൻ മാരിടൈം സർവൈലൻസ് വിമാനവും കൈമാറിയിട്ടുണ്ട്.
ഒന്നിലധികം ദൗത്യങ്ങൾക്ക് ഏത് കാലാവസ്ഥയിലും ഉപയോഗിക്കാൻ സാധിക്കുന്നതാണ് എം.എച്ച് 60 ആർ സീഹോക് ഹെലികോപ്റ്ററുകൾ. ഇന്ത്യ നാവികസേനക്ക് ആവശ്യമുള്ള അധിക ഉപകരണങ്ങളും ആയുധങ്ങളും ഹെലികോപ്റ്ററിൽ ഘടിപ്പിക്കും. ഹെലികോപ്റ്റർ പ്രവർത്തിപ്പിക്കുന്നതിന് ഇന്ത്യയിൽ നിന്നുള്ള ആദ്യ ബാച്ചിന്‍റെ പരിശീലനം അമേരിക്കയിൽ പുരോഗമിക്കുകയാണ്.
യു.എസ്. പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായി 2020 ഫെബ്രുവരിയിലാണ് 24 എം.എച്ച് 60 ആർ സീഹോക് ഹെലികോപ്റ്ററുകൾ വാങ്ങാൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത്. 240 കോടി രൂപയുടെ സൈനിക സഹകരണ കരാറാണ് ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്. ലോക്ഹീഡ് മാർട്ടിനാണ് കോപ്റ്റർ നിർമിച്ച് കൈമാറുന്നത്.
ചൈന അടക്കമുള്ള അയൽ രാജ്യങ്ങളുടെ ഇന്ത്യൻ മഹാസമുദ്രത്തിലെ നീക്കങ്ങൾ നിരീക്ഷിക്കാനും ആക്രമണം നടത്താനും ഇന്ത്യൻ നാവികസേനക്ക് സാധിക്കും. ബ്രിട്ടീഷ് നിർമിത സീകിങ് ഹെലികോപ്റ്ററുകളാണ് നിലവിൽ ഈ ദൗത്യത്തിന് ഉപയോഗിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.