നഡ്ഡയുടെ കാറിന് കല്ലേറ്: ഐ.പി.എസ് ഉദ്യോഗസ്ഥരെ തിരികെ വിളിച്ച് കേന്ദ്രം
text_fieldsന്യൂഡൽഹി: ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണമുണ്ടായ സംഭവത്തിൽ 3 ഐ.പി.എസ് ഉദ്യോഗസ്ഥരെ കേന്ദ്ര ഡെപ്യൂട്ടഷനിലേക്ക് തിരികെ വിളിച്ചു. മിനിസ്ട്രി ഓഫ് ഹോം അഫയേഴ്സ് (എം.എച്ച്.എ) ശനിയാഴ്ച ഉദ്യോഗസ്ഥർക്ക് നോട്ടീസ് അയച്ചു. അഖിലേന്ത്യാ സർവീസ് ചട്ടമനുസരിച്ചാണ് തീരുമാനം.
നോട്ടീസ് ലഭിച്ച 3 ഉദ്യോഗസ്ഥരാണ് സുരക്ഷ വീഴചക്ക് കാരണക്കാരെന്നും അവർക്കായിരുന്നു നദ്ദയുടെ സുരക്ഷ ചുമതലയെന്നുമാണ് സൂചന. കഴിഞ്ഞ 10ന് സൗത്ത് 24 പർഗാനയിലെ ഡയമണ്ട് ഹാർബറിനടുത്തുള്ള സിറാക്കലിൽ വെച്ചായിരുന്നു നദ്ദയുടെ വാഹനവ്യൂഹത്തിനുനേരെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ കാറിന്‍റെ ചില്ല് തകർന്നിരുന്നു.
സാധാരണ അതാതു സംസ്ഥാന സർക്കാറുകളുടെ അനുമതിയോടെയാണ് കേന്ദ്രം ഡെപ്യൂട്ടഷനിലേക്ക് ഐ.പി.എസ് ഉദ്യോഗസ്ഥരെ വിളിക്കാറുള്ളത്. എന്നാൽ മമത സർക്കാറിന്‍റെ അനുമതിയില്ലാതെയാണ് കേന്ദ്രത്തിന്‍റെ പുതിയ നീക്കം.ഇതോടെ ഈ നടപടി പശ്ചിമ ബംഗാളിലെ മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് സർക്കാരും ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരും തമ്മിലുള്ള വാക്പോര് കൂടുതൽ രൂക്ഷമാകാനാണ് സാധ്യത.
രണ്ട് ദിവസത്തെ സന്ദർശനത്തിനായി ബംഗാളിലെത്തിയതായിരുന്നു നദ്ദ. ബുള്ളറ്റ്പ്രൂഫ് കാറിലായിരുന്ന കല്ലേറിൽ നദ്ദക്ക് പരിക്കേറ്റിരുന്നില്ല. ആക്രമണത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസാണെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു.അതേസമയം, ആരോപണം തൃണമൂൽ കോൺഗ്രസ് നിഷേധിച്ചു. പാർട്ടിക്ക് പങ്കില്ലെന്നും ബി.ജെ.പിയുടെ ഗുണ്ടകളാണ് അക്രമണത്തിന് പിന്നിലെന്നും ടി.എം.സി നേതാവ് മദൻ മിത്ര പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.