കർഷക നേതാവ് രാകേഷ് ടികായതിന് നേരെ ബംഗളൂരുവിൽ മഷി ആക്രമണം
text_fieldsബംഗളൂരു: കർഷകനേതാവും ഭാരതീയ കിസാൻ യൂനിയൻ നേതാവുമായ രാകേഷ് ടികായത്തിനുനേരെ ബംഗളൂരുവിൽ കരിമഷിപ്രയോഗം. തനിക്കെതിരായ ഒളികാമറ റിപ്പോർട്ടിൽ വിശദീകരണം നൽകാൻ വിളിച്ചുചേർത്ത വാർത്തസമ്മേളന വേദിയിലാണ് സംഭവം.
വേദിയിലേക്ക് വന്ന ഒരാൾ ആദ്യം ടികായത്തിനെ മുന്നിലുണ്ടായിരുന്ന മൈക്ക്കൊണ്ട് തട്ടിയിട്ടു. ഈ സമയം മറ്റൊരാൾ കറുത്ത മഷി മുഖത്തേക്ക് ഒഴിക്കുകയായിരുന്നു. ചടങ്ങ് അലങ്കോലമായതോടെ അനുയായികൾ ടികായത്തിന് സംരക്ഷണവലയം തീർത്തു. തുടർന്ന് വേദിയിൽ ഇരുവിഭാഗവും തമ്മിൽ കസേരകൾകൊണ്ടും മറ്റും കൂട്ടത്തല്ല് നടന്നു.
പ്രാദേശിക കർഷക നേതാവായ കോടിഹള്ളി ചന്ദ്രശേഖറിന്റെ അനുയായികളാണ് ആക്രമണത്തിന് പിന്നിൽ.
ബസ് സമരം പിൻവലിക്കാൻ തങ്ങൾ പണം ആവശ്യപ്പെട്ടെന്ന് ചന്ദ്രശേഖർ പറയുന്ന ഒളികാമറ റിപ്പോർട്ട് പ്രാദേശിക ചാനൽ പുറത്തുവിട്ടിരുന്നു. ടികായത്തിന്റേതടക്കം ദേശീയ കർഷകനേതാക്കളുടെ പേരുകളും പരാമർശിച്ചിരുന്നു. തങ്ങളുടെ പേര് പറഞ്ഞ ചന്ദ്രശേഖർ കള്ളനാണെന്ന് വാർത്തസമ്മേളനത്തിൽ ടികായത്ത് പറഞ്ഞതോടെയാണ് ആക്രമണം നടന്നത്. സംഭവത്തിൽ മൂന്നുപേർ പിടിയിലായിട്ടുണ്ട്.
മഷി ആക്രമണത്തെത്തുടർന്ന് സംസ്ഥാനത്തെ ബി.ജെ.പി സർക്കാർ തനിക്ക് സുരക്ഷ ഒരുക്കിയില്ലെന്ന് ടികായത് ആരോപിച്ചു. ലോക്കൽ പൊലീസ് തനിക്ക് സുരക്ഷ ഒരുക്കുന്നതിൽ വീഴ്ച വരുത്തി. സർക്കാരും ഇതിന് കൂട്ടുനിന്നെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കേന്ദ്ര സർക്കാർ അടുത്തിടെ അസാധുവാക്കിയ കർഷക നിയമങ്ങൾക്കെതിരായ രാജ്യവ്യാപക സമരത്തിന് നേതൃത്വം നൽകിയ ആളാണ് രാകേഷ് ടികായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.