100 അടി അകലത്തിൽ വിമാനങ്ങൾ; ആകാശദുരന്തം ഒഴിവായി
text_fieldsമുംബൈ: 100 അടി മാത്രം അകലത്തിൽ വിമാനങ്ങൾ നേർക്കുനേർ എത്തിയതിനെതുടർന്ന് മുംബൈയിലുണ്ടാകുമായിരുന്ന വൻ ആകാശ ദുരന്തം ഒഴിവായി. എയർ ഇന്ത്യ, വിസ്താര വിമാനങ്ങളാണ് മുംബൈയുടെ ആകാശത്ത് കൂട്ടിയിടിക്കുന്ന സാഹചര്യമുണ്ടായത്. എയർ ഇന്ത്യ വനിത പൈലറ്റിെൻറ അവസരോചിത പരിശ്രമമാണ് ദുരന്തം തടഞ്ഞത്.
എതിർദിശയിലുള്ള വിമാനങ്ങൾ ഒരേസമയം ഇത്രയടുത്തുവന്ന അപകടസമാനമായ സാഹചര്യം അടുത്തെങ്ങും ഇന്ത്യൻ വ്യോമപാതയിലുണ്ടായിട്ടില്ല. ബുധനാഴ്ച രാത്രി എട്ടിനായിരുന്നു സംഭവം. 152 യാത്രക്കാരുമായി ഡൽഹിയിൽനിന്ന് പുണെയിലേക്ക് പോകുകയായിരുന്ന വിസ്താരയുടെ യു.കെ 997 വിമാനവും 109 പേരുമായി മുംബൈയിൽനിന്ന് ഭോപാലിലേക്ക് പറന്ന എയർ ഇന്ത്യയുടെ എ.െഎ 631 വിമാനവുമാണ് മുഖാമുഖം എത്തിയത്.
എയർ ഇന്ത്യയുടെ വിശദീകരണപ്രകാരം, അവരുടെ വിമാനം എയർ ട്രാഫിക് കൺട്രോൾ (എ.ടി.സി) നിർദേശങ്ങൾ കൃത്യമായി പാലിച്ചാണ് പറന്നത്. ‘‘ഇൗ സമയത്ത് വിസ്താര വിമാനം മുകളിൽനിന്ന് താഴേക്കുവരുകയായിരുന്നു. എ.ടി.സി മറ്റൊരു നിർദേശമാണ് നൽകിയത്. വിസ്താര പൈലറ്റും എ.ടി.സിയും തമ്മിൽ ഭിന്നാഭിപ്രായമുണ്ടാവുകയും ചെയ്തു. വിസ്താര വിമാനം കൂടുതൽ താഴേക്ക് വരുകയും എയർ ഇന്ത്യ വിമാനത്തിലെ പൈലറ്റിന് കൂട്ടിയിടി ഒഴിവാക്കാനുള്ള സംവിധാനത്തിൽനിന്ന് അപകടസൂചന മുന്നറിയിപ്പ് ലഭിക്കുകയും ചെയ്തതോടെ അവർ വിമാനം മറ്റൊരു ദിശയിലേക്ക് മാറ്റുകയായിരുന്നു’’-എയർ ഇന്ത്യ ഉദ്യോഗസ്ഥൻ പറഞ്ഞു.
വിസ്താരയോട് 29,000 അടിയും എയര്‍ ഇന്ത്യയോട് 27,000 അടിയും ഉയരത്തിൽ പറക്കാനാണ് എ.ടി.സി നിര്‍ദേശിച്ചിരുന്നത്. സംഭവം അന്വേഷിച്ച എയർ ഇന്ത്യ, തങ്ങളുടെ പൈലറ്റിെൻറ ഭാഗത്ത് പിഴവില്ലെന്ന് കണ്ടെത്തി. എന്നാൽ, വിസ്താര പൈലറ്റുമാരെ ഡ്യൂട്ടിയിൽനിന്ന് മാറ്റിനിർത്തി. രണ്ടു വിമാനങ്ങളുടെയും പൈലറ്റുമാരോട് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വിശദീകരണം തേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.