പൗരത്വസമര നായികക്ക് വീട്ടില്‍ ലളിത വിവാഹം ; 10 ദിവസം കഴിഞ്ഞ് വീണ്ടും ജയിലിലേക്ക്
text_fieldsന്യൂഡല്‍ഹി: ‘‘ഈയൊരാഴ്ച അവള് സന്തുഷ്ടയായിരിക്കണം. ജയിലിലേക്ക് മടങ്ങും വരെ ഞാന്‍ തന്നെ പാചകം ചെയ്ത് അവളെ ഊട്ടും. എെൻറ ജീവിതമാണ് ഇശ്റത്ത്’’ -സ്വന്തം മംഗല്യത്തിനായി തിഹാര്‍ ജയിലില്‍ നിന്നിറങ്ങി വന്ന വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ പൗരത്വ സമര നായിക ഇശ്റത്ത് ജഹാനെ ജീവിത സഖിയാക്കിയ ഫര്ഹാന് ഹാശ്മിയുടേതാണ് വാക്കുകള്‍.
പൗരത്വ സമരത്തിന് നേതൃത്വം നല്‍കിയതിന് പ്രതികാരം തീര്‍ക്കാന്‍ ഡല്‍ഹി പൊലീസ് ഡല്‍ഹി വര്ഗീയാക്രമണക്കേസില് പ്രതിയാക്കി യു.എ.പി.എ ചുമത്തി ജയിലിലടച്ച ഇശ്റത്ത് ജഹാന് വിവാഹത്തിനും മധുവിധുവിനുമായി കോടതി കനിഞ്ഞു നല്‍കിയത് 10 ദിവസമാണ്. ഒരു മാസമാണ് അഭിഭാഷകന് ചോദിച്ചതെങ്കിലും അത് നല്കാന് ജഡ്ജി കൂട്ടാക്കിയില്ല. ജയിലിൽ നിന്നിറങ്ങിയതിെൻറ മൂന്നാം നാളിലായിരുന്നു വിവാഹം. വെള്ളിയാഴ്ച രാത്രി പ്രീതി വിഹാറിലെ ഇശ്റത്തിെൻറ വീട്ടിലായിരുന്നു ലളിതമായ വിവാഹ ചടങ്ങ്. വീട്ടുകാരും വളരെ വേണ്ടപ്പെട്ടവരും മാത്രം.
‘‘ഏഴര വര്‍ഷമായി ഈയൊരു ദിവസത്തിന് കാത്തിരിക്കുകയായിരുന്നു ഞാന്‍. അതിനാല്‍ എത്ര പേര് വിവാഹത്തില്‍ പങ്കെടുത്തുവെന്നതല്ല, ഇശ്റത്ത് എന്നോടൊപ്പമായതിെൻറ സന്തോഷത്തിലാണ് ഞാന്‍’’ -ഫര്ഹാന് തുടര്‍ന്നു. ബാക്കി പറഞ്ഞത് ഇശ്റത്താണ്. ‘‘വേദനാജനകമായ ജയില്‍ നാളുകളില്‍ എെൻറ കരുത്ത് ഈ മനുഷ്യനായിരുന്നു. എെൻറ അസാന്നിധ്യത്തിലും എനിക്കും എെൻറ കുടുംബത്തിനുമൊപ്പമുണ്ടായിരുന്ന ഇദ്ദേഹത്തെ നൽകി ദൈവം എന്നെ അനുഗ്രഹിച്ചിരിക്കുന്നു. എെൻറ ഭാവിയെന്താണെന്ന അനിശ്ചിതത്വത്തില്‍ നില്‍ക്കുമ്പോഴാണിത്’’.
ഡല്‍ഹിയിലെ 22 സ്ഥലങ്ങളില്‍ ശാഹീന്‍ ബാഗ് മാതൃകയില്‍ വനിതകള്‍ തുടങ്ങിയ പൗരത്വ സമരം അടിച്ചമര്‍ത്താന്‍ സംഘ് പരിവാര്‍ ആസൂത്രണം ചെയ്ത ഡല്‍ഹി വര്ഗീയാക്രമണത്തിെൻറ അവസാന നാളായ ഫെബ്രുവരി 26നാണ് ഖുറേജിഖാസിലെ സമരസ്ഥലത്ത് ഇശ്റത്ത് ജഹാൻ അറസ്റ്റിലായത്. ജനങ്ങളെ റോഡില്‍ പ്രക്ഷോഭത്തിന് വരുത്തിയെന്ന് പറഞ്ഞായിരുന്നു അറസ്റ്റ് എങ്കിലും പിന്നീട് യു.എ.പി.എ ചുമത്തി. കോണ്‍ഗ്രസ് നേതാവും മുന്‍ രാജ്യസഭ അംഗവുമായ ജാമിഅ നഗറിലെ പര്‍വേസ് ഹാഷ്മിയുടെ മകനാണ് ബിസിനസുകാരന് കൂടിയായ നവവരന് ഫര്ഹാന് ഹാശ്മി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.