ഉത്തർപ്രദേശിൽ സൈക്കിൾ യാത്രികരായ തൊഴിലാളി ദമ്പതികൾ വാഹനമിടിച്ച് മരിച്ചു
text_fieldsലഖ്നോ: ലോക്ഡൗണിനെ തുടർന്ന് ഉത്തർപ്രദേശിലെ ലഖ്നോവിൽ കുടുങ്ങിയ തൊഴിലാളി ദമ്പതികൾക്ക് സ്വന്തം നാട്ടിലേക്കുള്ള യാത്രാമധ്യേ ദാരുണാന്ത്യം. െസെക്കിളിൽ ലഖ്നോവിൽ നിന്നും ഝാർഖണ്ഡിലേക്ക് തിരിച്ച ദമ്പതികൾ വീടണയുന്നതിന് മുമ്പ് വാഹനമിടിച്ച് മരിക്കുകയായിരുന്നു. കൃഷ്ണ സാഹു(45), ഭാര്യ പ്രമീള(40) എന്നിവരാണ് അമിത വേഗതയിൽ വന്ന വാഹനമിടിച്ച് മരിച്ചത്. അഞ്ചു വയസിൽ താഴെയുള്ള ഇവരുടെ രണ്ട് കുട്ടികൾക്കും പരിക്കേറ്റു.
വ്യാഴാഴ്ച പുലർച്ചെ ലഖ്നോവിലെ ഷഹീദ് പാത്ത് ബൈപാസ് റോഡിലാണ് അപകടം സംഭവിച്ചത്. അമിതവേഗത്തിൽ എത്തിയ വാഹനം ദമ്പതികളെയും മക്കളെയും ഇടിച്ചു തെറിപ്പിച്ചു. പൊലീസ് എത്തി ഇവരെ അടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടികളുടെ ആരോഗ്യനില ഗുരുതരമല്ല. കൃഷ്ണ സാഹുവിെൻറ സഹോദരന് കുട്ടികളെ കൈമാറുമെന്ന് െപാലീസ് അറിയിച്ചു.
ദമ്പതികളെ ഇടിച്ച വാഹനത്തെയും ഡ്രൈവറെയും പൊലീസിന് കണ്ടെത്താനായിട്ടില്ല.
ലഖ്നോവിൽ അന്തർ സംസ്ഥാന തൊഴിലാളികൾ കഴിയുന്ന ചേരിയിലെ ഒറ്റമുറി കുടിലിലാണ് കൃഷണസാഹുവും കുടുംബവും കഴിഞ്ഞിരുന്നത്. ഇത്തരത്തിൽ നൂറുകണക്കിന് അന്തർ സംസ്ഥാന തൊഴിലാളികളാണ് ആവശ്യത്തിന് ഭക്ഷണമോ അടിസ്ഥാന സൗകര്യങ്ങളോയില്ലാതെ കഴിയുന്നത്. പല സംസ്ഥാനങ്ങളും തൊഴിലാളികൾക്ക് തിരിച്ചുപോകാനുള്ള യാത്രസൗകര്യം ഒരുക്കുന്നുണ്ടെങ്കിലും പലരുടെ കയ്യിലും ടിക്കറ്റിന് പണമില്ലാത്തതിനാൽ കാൽനടയായും സൈക്കിളിലും തിരിച്ചുപോകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.