നാട്ടിലെത്താൻ 1000 കിലോമീറ്റർ സൈക്കിളിൽ യാത്രചെയ്ത തൊഴിലാളി വഴിമധ്യേ കാറിടിച്ച് മരിച്ചു
text_fieldsന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് സ്വദേശമായ ബിഹാറിലെ കിഴക്കൻ ചമ്പാരനിലേക്ക് സൈക്കിളില്‍ മടങ്ങുകയായിരുന്ന അന്തർ സംസ്ഥാനതൊഴിലാളി കാറിടിച്ച് മരിച്ചു. ലഖ്നോവിൽ ശനിയാഴ്ചയുണ്ടായ കാറപകടത്തിൽ ഇരുപത്താറുകാരനായ സഗീര്‍ അന്‍സാരിയാണ് മരിച്ചത്.
മേയ് അഞ്ചിനാണ് സഗീർ അൻസാരിയും അഞ്ച് സുഹൃത്തുക്കളും ഡല്‍ഹിയില്‍ നിന്ന് 1000 കിലോമീറ്റര്‍ അകലെയുള്ള ചമ്പാരനിലേക്ക് സൈക്കിളില്‍ യാത്ര തുടങ്ങിയത്. അഞ്ചു ദിവസം യാത്ര ചെയ്താണിവർ ലഖ്നോവിൽ എത്തിയത്.
ശനിയാഴ്ച രാവിലെ 10 മണിയോടെ ഭക്ഷണം കഴിക്കാനായി റോഡിലെ ഡിവൈഡറില്‍ ഇരിക്കുകയായിരുന്നു തൊഴിലാളികള്‍. നിയന്ത്രണം വിട്ടെത്തിയ കാര്‍ ഡിവൈഡറില്‍ ഇടിച്ച ശേഷം അന്‍സാരിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഡിവൈഡറില്‍ ഒരു മരം നട്ടുപിടിച്ചിരുന്നതിനാല്‍ അന്‍സാരിക്കൊപ്പമുണ്ടായിരുന്നവര്‍ അപകടത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടു. ലഖ്‌നൗ രജിസ്‌ട്രേഷനിലുള്ള കാറാണ് അപകടത്തിൽപെട്ടത്.
അപകടം നടന്നയുടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അന്‍സാരിയെ രക്ഷിക്കാനായില്ല. സന്നദ്ധസംഘടനയും പ്രദേശത്തെ രാഷ്ട്രീയപ്രവര്‍ത്തകരും ചേര്‍ന്നാണ് അന്‍സാരിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ആംബുലന്‍സിനുള്ള പണം സംഘടിപ്പിച്ചത്. അപകടം നടന്നയുടൻ പരിക്കേറ്റയാളെ ചികിത്സിക്കാൻ പണം നൽകാമെന്ന് കാർ ഡ്രൈവർ അറിയിച്ചെങ്കിലും പിന്നീട് ഇയാൾ മുങ്ങുകയായിരുന്നു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. അന്‍സാരിക്ക് ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്.
വ്യാഴാഴ്ചയുണ്ടായ മറ്റൊരപകടത്തില്‍ ലഖ്‌നൗവില്‍ നിന്ന് ഛത്തീസ്ഗഡിലേക്ക് 750 കിലോമീറ്റര്‍ ദൂരം സൈക്കിളില്‍ മടങ്ങിയ അന്തർസംസ്ഥാന തൊഴിലാളിയും ഭാര്യയും വാഹനമിടിച്ച് മരിച്ചിരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് കുട്ടികള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. കഴിഞ്ഞയാഴ്ച മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ ട്രാക്കില്‍ കിടന്നുറങ്ങിയ 16 തൊഴിലാളികള്‍ ചരക്ക് തീവണ്ടി തട്ടി മരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.