ബീഫിന്‍റെ പേരിൽ വീണ്ടും ആൾക്കൂട്ടക്കൊല; ഹരിയാനയിൽ മുസ്‌ലിം യുവാവിനെ ഗോരക്ഷാ ഗുണ്ടകൾ തല്ലിക്കൊന്നു
text_fieldsന്യൂഡൽഹി: ബീഫിന്റെ പേരിൽ വീണ്ടും ആൾക്കൂട്ടക്കൊല. ഹരിയാനയിൽ ബീഫ് കഴിച്ചെന്നാരോപിച്ച് മുസ്‌ലിം യുവാവിനെ ഗോരക്ഷാ ഗുണ്ടകൾ തല്ലിക്കൊന്നു. കഴിഞ്ഞ 27ന് ചർഖി ജില്ലയിലെ ബന്ധാര ഗ്രാമത്തിലാണ് സംഭവം. പശ്ചിമബംഗാൾ സ്വദേശിയായ സാബിർ മാലിക്കാണ് കൊല്ലപ്പെട്ടത്.
ആക്രിത്തൊഴിലാളിയായ സാബിറിനെ ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികൾ വിൽക്കാനുണ്ടെന്ന വ്യാജേന ഒരു കടയിലേക്ക് വിളിച്ചുവരുത്തിയശേഷം പ്രതികൾ ക്രൂരമായി മർദിച്ചു. സമീപവാസികൾ ഇടപെട്ടതോടെ സാബിറിനെ മറ്റൊരു സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി മർദിച്ച് കൊല്ലപ്പെടുത്തുകയായിരുന്നു. സാബിറിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്തിനും മർദനമേറ്റു. ബന്ധാര ഗ്രാമത്തിനടുത്തുള്ള ഒരു കുടിലിൽ താമസിച്ചുവന്നിരുന്ന സാബിർ, ആക്രി പെറുക്കി വിറ്റാണ് ജീവിച്ചിരുന്നത്.
സംഭവത്തിൽ പ്രായപൂർത്തിയാവാത്ത രണ്ട് പേരടക്കം ഏഴു ഗോരക്ഷാ ഗുണ്ടകളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ ബി.ജെ.പി സർക്കാറിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തി. കഴിഞ്ഞ 10 വർഷത്തിനിടെ, ഹരിയാനയിൽ ഗോരക്ഷാ ഗുണ്ടകളുടെ നേതൃത്വത്തിൽ ആൾക്കൂട്ട കൊലപാതകങ്ങളും ആക്രമണങ്ങളും വ്യാപകമായിട്ടുണ്ട്.
2023 ഫെബ്രുവരിയിൽ രാജസ്ഥാനിലെ ഭരത്പൂർ ജില്ലയിൽ നിന്നുള്ള രണ്ട് മുസ്‌ലിം യുവാക്കളെ ഹരിയാനയിലേക്ക് തട്ടിക്കൊണ്ടുപോയി ഗോരക്ഷാ ഗുണ്ടകൾ കാറിനുള്ളിലിട്ട് കത്തിച്ച് കൊലപ്പെടുത്തിയിരുന്നു. നാസിർ (25), ജുനൈദ് (35) എന്നിവരാണ് കൊല്ലപ്പെട്ടത്. ഹരിയാനയിലെ ഭിവാനി ജില്ലയിലെ ലോഹരു പട്ടണത്തിന് സമീപം കാറിൽ കത്തിക്കരിഞ്ഞ നിലയിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.
കൊലപാതകത്തിൽ ബജ്‌റങ്ദൾ നേതാവും ഗോരക്ഷാ സേനാ തലവനുമായ മോഹിത് യാദവ് എന്ന മോനു മനേസർ അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.