'ഞങ്ങൾ ഇനി ഒരു സർക്കാറിനേയും വിശ്വസിക്കില്ല'; ഡൽഹിയിൽ നിന്ന് പലായനം ചെയ്ത് അന്തർ സംസ്ഥാന തൊഴിലാളികൾ
text_fieldsന്യൂഡൽഹി: കോവിഡ് അതിരൂക്ഷമായ സാഹചര്യത്തിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഡൽഹിയിൽ ഒരാഴ്ചത്തെ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ഡൽഹി വിട്ട് അന്തർ സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങി.
തിങ്കളാഴ്ച രാത്രി പത്ത് മണി മുതൽ ഏപ്രിൽ 26ന് വൈകുന്നേരം അഞ്ച് മണി വരെ ലോക്ഡൗൺ പ്രഖ്യാപിച്ചതായി മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വന്നതോടെ ഡൽഹിയിലെ അനന്ത്വിഹാർ ബസ് ടെർമിനൽ തൊഴിലാളികളെക്കൊണ്ട് നിറഞ്ഞു. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ഡൽഹിയിലെത്തി തൊഴിലെടുത്ത് ജീവിതം പുലർത്തുന്നവർ കുടുംബസമേതം ബസ് ടെർമിനലിലേക്ക് ഒഴുകിയെത്തുകയായിരുന്നു. ഇതോടെ കോവിഡ് മാനദണ്ഡങ്ങളെല്ലാം പേരിനു മാത്രമായി. പൊലീസ് ഇടപെട്ടിട്ടുപോലും വലിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ സാധിച്ചില്ല.
കുറഞ്ഞ ദിവസത്തേക്ക് മാത്രമാണ് ലോക്ഡൗൺ ഏർപ്പെടുത്തുന്നതെന്ന് കെജ്രിവാൾ പറഞ്ഞിരുന്നു. തൊഴിലാളികൾ ഡൽഹി വിടേണ്ടതില്ലെന്നും ലോക്ഡൗൺ കാലത്ത് അവരുടെ എല്ലാം ആവശ്യങ്ങളും സർക്കാർ നിറവേറ്റുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നെങ്കിലും തൊഴിലാളികൾ അത് വിശ്വാസത്തിലെടുത്തിട്ടില്ല.
''ഞാനൊരു ദിവസക്കൂലിക്കാരനാണ്. പെയിന്‍റിങ്ങും മറ്റ് ചെറിയ ജോലികളുമെല്ലാമാണ് ചെയ്യുന്നത്. ഇപ്പോൾ എന്‍റെ മുതലാളി എന്നോട് പറഞ്ഞത് സാഹചര്യം മെച്ചപ്പെടുന്നതുവരെ എന്നെ ജോലിക്ക് നിർത്താൻ സാധിക്കില്ലെന്നാണ്. കഴിഞ്ഞ തവണത്തേതു പോലെ ലോക്ഡൗൺ നീട്ടുമെന്ന് ഞങ്ങൾക്കറിയാം. എന്നാൽ ഇത്തവണ സർക്കാറിന് ഞങ്ങളെ മരണത്തിന് വിട്ടുകൊടുക്കാനായി ഡൽഹിയിൽ കാത്തു നിൽക്കുന്നില്ല. ഞങ്ങൾ ഇനി ഒരിക്കലും ഒരു സർക്കാറിനേയും വിശ്വസിക്കില്ല. ഞാൻ യു.പിയിലെ ഗോണ്ടയിലേക്ക് കുടുംബവുമായി പോവുകയാണ്. ഞാൻ കോവിഡിനെ ഭയക്കുന്നില്ല, ഡൽഹിയിലെ സ്ഥിതി മെച്ചപ്പെട്ടില്ലെങ്കിൽ എന്‍റെ കുട്ടികൾ പട്ടിണി മൂലം മരിച്ചുപോകുമെന്നതിലാണ് ഞാൻ ഭയപ്പെടുന്നത്. അതുകൊണ്ട് ഇപ്പോൾ സ്ഥലം വിടുന്നതാണ് നല്ലത്.'' -നിർമാണ തൊഴിലാളിയായ രമേശ് കുമാർ പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,59,170 പേർക്കു കൂടിയാണ് കോവിഡ് സ്ഥിരീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.