മുംബൈയിൽ കുടുങ്ങിയ തൊഴിലാളികളെ ചാർട്ടേർഡ് വിമാനത്തിൽ ഝാർഖണ്ഡിലെത്തിച്ചു
text_fieldsറാഞ്ചി: അന്തർസംസ്ഥാന തൊഴിലാളികൾ കാൽനടയായി കിലോമീറ്ററുകൾ സഞ്ചരിക്കുന്ന ദുരിതക്കാഴ്ചകൾക്കാണ് ഈ ലോക്ഡൗൺ കാലം സാക്ഷിയായത്. ഇവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന ആവശ്യത്തിന് മുറവിളി ഉയരുന്നുണ്ടെങ്കിലും ശാശ്വതമായ പരിഹാരം ഉണ്ടായിട്ടില്ല. ഇതിനിടയിലാണ് ഝാർഖണ്ഡിൽനിന്ന് ആശ്വാസ വാർത്ത വരുന്നത്. ലേക്ഡൗൺ കാരണം മുംബൈയിൽ കുടുങ്ങിയ 174 അന്തർ സംസ്ഥാന തൊഴിലാളികളെയാണ് എയർ ഏഷ്യയുടെ ചാർട്ടേർഡ് വിമാനത്തിൽ ഝാർഖണ്ഡിലെത്തിച്ചത്.
വ്യാഴാഴ്ച രാവിലെ ആറിന് പുറപ്പെട്ട വിമാനം ഒമ്പത് മണിയോടെ റാഞ്ചിയിലെത്തി. ഇവരെ വിമാനത്താവളത്തിൽ നിന്ന് സ്വദേശത്തേക്ക് എത്തിക്കാൻ പ്രത്യേക ബസുകളും ഏർപ്പാടാക്കിയിരുന്നു. ഇവർക്ക് ആവശ്യമായ ഭക്ഷണവും നൽകി.
ബംഗളൂരുവിലെ നാഷനൽ ലോ സ്കൂൾ ഓഫ് ഇന്ത്യൻ യൂനിവേഴ്സിറ്റി അലുംനി അസോസിയേഷെൻറ നേതൃത്വത്തിലാണ് വിമാനം ചാർട്ടർ ചെയ്തത്. ബുധനാഴ്ച റാഞ്ചിയിലേക്ക് സർവിസ് നടത്തുമെന്ന് പറഞ്ഞ വിമാനത്തിൽ അസോസിയേഷൻ തൊഴിലാളികൾക്കായി 45 ടിക്കറ്റുകൾ ബുക്ക് ചെയ്തിരുന്നു. എന്നാൽ, വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കി.
ഇതോടെയാണ് ചാർട്ടേർഡ് വിമാനത്തെക്കുറിച്ച് ഇവർ ചിന്തിക്കുന്നത്. എയർ ഏഷ്യയുടെ പ്രധാന ഓഹരികൾ ടാറ്റയുടെ കൈവശമാണ്. ടാറ്റയുടെ കൂടി സഹായത്തോടെയാണ് വിമാനം ചാർട്ടർ ചെയ്തത്. ഇതിനായി 13 ലക്ഷം ചെലവഴിച്ചു. ഒറ്റദിവസം കൊണ്ടാണ് ഇത്രയും തുക അലുംനി അസോസിയേഷൻ പിരിച്ചെടുത്തത്.
വിവിധ സംസ്ഥാനങ്ങളുടെ അനുമതി ലഭ്യമാക്കുന്നതിലെ ബുദ്ധിമുട്ടും ഉയർന്ന ടിക്കറ്റ് നിരക്കും കാരണമാണ് ബസ് യാത്ര ഒഴിവാക്കി വിമാനം ഏർപ്പാടാക്കിയതെന്ന് അസോസിയഷൻ ഭാരവാഹികൾ പറഞ്ഞു.
മെയ് ഒന്നിന് ഝാർഖണ്ഡിലേക്ക് തന്നെയായിരുന്നു ആദ്യമായി അന്തർസംസ്ഥാന െതാഴിലാളികളുമായി ശ്രമിക് ട്രെയിൻ ഓടിയത്. തെലങ്കാനയിൽ നിന്ന് റാഞ്ചിയിലേക്കായിരുന്നു സർവിസ്. ഇപ്പോൾ ആദ്യമായി ചാർട്ടേർഡ് വിമാനവും റാഞ്ചിയിലേക്ക് തന്നെയാണ് പറന്നത്. നേരത്തെ മുഖ്യമന്ത്രി ഹേമന്ദ് സോറൻ ലഡാഖ്, ആന്തമാൻ നിക്കോബാർ എന്നിവിടങ്ങളിൽ കുടുങ്ങിയവരെ വിമാനത്തിൽ എത്തിക്കണമെന്ന് കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.