‘100 കുടുംബങ്ങളുണ്ടായിരുന്നു, ഇപ്പോൾ അവശേഷിക്കുന്നത് 15 മാത്രം’; ഹരിയാനയിലെ ഗുരുഗ്രാമിൽ കുടിയേറിയവർ ജീവിക്കുന്നത് ഭയപ്പെട്ട്
text_fieldsഗുരുഗ്രാം: ഹരിയാനയിലെ നൂഹിൽ പൊട്ടിപുറപ്പെടുകയും വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്ത വർഗീയ ലഹളയിൽ ജീവൻ നഷ്ടമായവരുടെയും പരിക്കേറ്റവരുടെയും എണ്ണം തിട്ടപ്പെടുത്താൻ കഴിയുന്നതിലും അധികമെന്ന് റിപ്പോർട്ട്. ഇതിൽ ചൂണ്ടിക്കാട്ടാവുന്ന ഉദാഹരണമാണ് ഗുരുഗ്രാമിലെ ഒരു പ്രദേശത്തേത്.
പശ്ചിമ ബംഗാളിൽ നിന്നുള്ള നൂറിലധികം മുസ്ലിം കുടുംബങ്ങളിൽ 15 പേർ മാത്രമാണ് ഈ പ്രദേശത്ത് നിലവിൽ താമസിക്കുന്നത്. ഭയത്തിൽ കഴിയുന്ന ഇവരുടെ കൈവശം പണമില്ലാത്തതിനാൽ മടങ്ങിപ്പോകാനും സാധിക്കില്ലെന്നാണ് എൻ.ഡിടിവി റിപ്പോർട്ട് ചെയ്യുന്നത്.
ഗുരുഗ്രാമിൽ താമസിക്കുന്നവരുടെ സാഹചര്യം 25കാരനായ ഷമീം ഹുസൈന്‍ വിവരിക്കുന്നത് ഇങ്ങനെയാണ്. ''ചിലർ വന്ന് മുഴുവൻ മുസ്ലിംകളോടും പോകാൻ ആവശ്യപ്പെട്ടു. തിരികെ പോകാൻ മാത്രമല്ല നാട്ടിലെ കച്ചവടക്കാരോട് വാങ്ങിയ കടം വീട്ടാൻ പോലും തങ്ങളുടെ കൈവശം പണമില്ല. എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ കുഴപ്പമില്ല. പക്ഷെ, എനിക്ക് ഒരു വയസുള്ള മകനുണ്ട്. സർക്കാറിനോടും ജില്ല ഭരണകൂടത്തോടും നാട്ടുകാരോടും ഞങ്ങളെ സംരക്ഷിക്കണമെന്ന് അഭ്യർഥിക്കുകയാണ്. ഞങ്ങളെ ദയവായി സഹായിക്കൂ''-ഷമീം ഹുസൈൻ വ്യക്തമാക്കി.
അതേസമയം, കുടിയേറ്റക്കാരായ കുടുംബങ്ങളെ സംരക്ഷിക്കുമെന്നാണ് ഗുരുഗ്രാം ജില്ല കമീഷണർ ഉറപ്പ് നൽകുന്നത്. സംഘർഷ സാധ്യതയുള്ള പ്രദേശങ്ങളിലും ഇരു സമുദായങ്ങളുടെ ആരാധനാലയങ്ങൾക്കും സുരക്ഷ ഒരുക്കുമെന്ന് കമീഷണർ പറയുന്നു.
ചൊവ്വാഴ്ച വൈകുന്നേരം അറുപതോളം വരുന്ന ആളുകൾ പ്രദേശത്തെ ഒരു ഭൂവുടമയെ സന്ദർശിച്ചിരുന്നു. എല്ലാ മുസ്ലിം കുടുംബങ്ങളോടും രണ്ട് ദിവസത്തിനുള്ളിൽ ഒഴിഞ്ഞു പോകണമെന്ന് ആവശ്യപ്പെടമെന്നാണ് ഇവർ നിർദേശിച്ചത്.
ഹരിയാനയിലെ നൂഹിലുണ്ടായ വർഗീയ ലഹളയിൽ ആറു പേർ കൊല്ലപ്പെട്ടു. വി.എച്ച്.പിയും ബജ്റംഗദളും സംയുക്തമായി നടത്തിയ മതഘോഷയാത്രയാണ് അക്രമത്തിന് വഴിവെച്ചത്. ഗുരുഗ്രാമിലും സമീപ പ്രദേശങ്ങളിലേക്കും അക്രമം വ്യാപിക്കുകയും ചെയ്തു.
പള്ളിയിലെ ഇമാമിനെ കൊന്ന കേസിൽ നാലുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നൂഹിൽ 41 കേസുകൾ രജിസ്റ്റർ ചെയ്തു. ആകെ 116 പേർ അറസ്റ്റിലായി. സംശയത്തിന്റെ പേരിൽ 100 പേരെ കസ്റ്റഡിയിലെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.