കോൺഗ്രസ് വിട്ട മിലിന്ദിന്റെ പിന്നിൽ ബി.ജെ.പിയെന്ന് ജയ്റാം രമേശ്: ‘ലക്ഷ്യം ജോഡോ യാത്രയിൽനിന്ന് ജനശ്രദ്ധ തിരിക്കൽ’
text_fieldsമുംബൈ: മുൻ കേന്ദ്രമന്ത്രി മിലിന്ദ് ദേവ്റ കോൺഗ്രസ് വിട്ട് ഏകനാഥ് ഷിൻഡെപക്ഷ ശിവസേനയിൽ ചേർന്നു. ഞായറാഴ്ച മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ സാന്നിധ്യത്തിലാണ് ശിവസേനയിൽ ചേർന്നത്.
മിലിന്ദിന്റെ പിന്നിൽ ബി.ജെ.പിയാണെന്നും മണിപ്പൂരിൽനിന്നും രാഹുൽ ഗാന്ധി ആരംഭിക്കുന്ന ‘ജോഡോ ന്യായ് യാത്രയിൽ’നിന്ന് ജനശ്രദ്ധ തിരിക്കുകയാണ് ലക്ഷ്യമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് പ്രതികരിച്ചു. മണ്ഡലം നഷ്ടപ്പെടുന്നതുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയുമായി ചർച്ച ചെയ്യണമെന്ന് മിലിന്ദ് തന്നോട് ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം പറഞ്ഞു.
2004 മുതൽ മിലിന്ദ് മത്സരിക്കുന്ന സൗത്ത് മുംബൈ ലോക്സഭ മണ്ഡലം ഇത്തവണ കോൺഗ്രസ് ഉദ്ധവ് പക്ഷ ശിവസേനക്ക് വിട്ടുകൊടുക്കേണ്ട സാഹചര്യത്തിലാണ് കൂറുമാറ്റം.
2004ലും 2009ലും മണ്ഡലത്തിൽ വിജയിച്ചപ്പോഴാണ് മിലിന്ദ് മന്ത്രിയായത്. 2014ലും 2019 ലും ഉദ്ധവ്പക്ഷ ശിവസേനയിലെ അരവിന്ദ് സാവന്തിനോട് മിലിന്ദ് തോൽക്കുകയായിരുന്നു.
ഇൻഡ്യ സഖ്യത്തിൽ മണ്ഡലത്തിനായി ഉദ്ധവ് പക്ഷം അവകാശവാദമുന്നയിച്ചിട്ടുണ്ട്. സീറ്റ് വിട്ടുനൽകില്ലെന്ന് ഉദ്ധവ്പക്ഷ ശിവസേന നേതാവ് സഞ്ജയ് റാവുത്ത് വ്യക്തമാക്കി.
മിലിന്ദിനൊപ്പം 10 കോർപറേറ്റർമാർ അടക്കം നിരവധിപേർ ഷിൻഡെ പക്ഷ ശിവ സേനയിലേക്ക് പോയേക്കും. വരുന്ന ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ ഇത് കോൺഗ്രസിന് തിരിച്ചടിയായേക്കും.
മുസ്‍ലിം, മറാത്തി, വ്യവസായികൾ എന്നിവർ നിർണായകമായ മണ്ഡലത്തിൽ സ്വാധീനമുള്ള നേതാവാണ് മിലിന്ദ്.
കൂറുമാറിയാലും സൗത്ത് മുംബൈ മണ്ഡലത്തിൽ മിലിന്ദിന് മത്സരിക്കാനാകില്ല. മണ്ഡലത്തിന് ബി.ജെ.പി അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. നിലവിലെ മഹാരാഷ്ട്ര സ്പീക്കർ രാഹുൽ നർവേക്കറെ ബി.ജെ.പി മത്സരിപ്പിക്കാനിരിക്കുകയാണ്. മിലിന്ദിന് ഷിൻഡെ പക്ഷം രാജ്യസഭ സീറ്റ് നൽകിയേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.