മണിപ്പൂർ ഭീകരാക്രമണം; ഉത്തരവാദിത്തം ഏറ്റെടുത്ത് സംഘടനകൾ
text_fieldsഇംഫാൽ: മണിപ്പൂരിൽ അസം റൈഫിൾസ് കമാൻഡിങ് ഓഫിസറും ഭാര്യയും മകനും സൈനികരുമടക്കം ഏഴു പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സംഘടനകൾ. പീപ്പിൾസ് ലിബറേഷൻ ആർമി (പി.എൽ.എ), മണിപ്പൂർ നാഗാ പീപ്പിൾസ് ഫ്രണ്ട് (എം.എൻ.പി.എഫ്) എന്നീ സംഘടനകളാണ് ഉത്തരവാദിത്തമേറ്റത്. മണിപ്പൂരിലെ ചുരാചന്ദ് ജില്ലയിലായിരുന്നു സൈനിക വാഹനവ്യൂഹത്തിന് നേരെ ആക്രമണമുണ്ടായത്.
സംയുക്ത പ്രസ്താവനയിലാണ് ഇരു സംഘടനകളും ഉത്തരവാദിത്തമേറ്റത്. സ്വന്തം ആളുകളെ സംരക്ഷിക്കാനായാണ് ആക്രമണം നടത്തിയതെന്ന് പ്രസ്താവനയിൽ പറയുന്നു. അവകാശങ്ങൾ തിരികെ ലഭിക്കുംവരെ ഞങ്ങൾ നിശബ്ദരാകില്ല. ഭൂമിയുടെയും ജനങ്ങളുടെയും അവകാശങ്ങൾ അടിച്ചമർത്താൻ ശ്രമിക്കുന്നവർക്കെതിരായ പ്രക്ഷോഭമാണിത് -പ്രസ്താവനയിൽ പറയുന്നു.
അസം റൈഫിൾസ് കേണൽ വിപ്ലവ് ത്രിപാഠിയും നാല് സൈനികരും, വിപ്ലവ് ത്രിപാഠിയുടെ ഭാര്യ, നാലുവയസുകാരനായ മകൻ എന്നിവരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ശനിയാഴ്ച രാവിലെ 10ഓടെയായിരുന്നു ആക്രമണം.
കേണലിന്‍റെ ഭാര്യയും മകനും വാഹനവ്യൂഹത്തോടൊപ്പം ഉണ്ടായിരുന്ന കാര്യം തങ്ങൾക്ക് അറിയില്ലായിരുന്നെന്ന് സംഘടനകൾ പറഞ്ഞു. അക്രമസാധ്യതയുള്ള മേഖലയായി സർക്കാർ പ്രഖ്യാപിച്ചയിടത്തേക്ക് സൈനികർ കുടുംബത്തെ ഒപ്പം കൂട്ടരുതെന്നും പ്രസ്താവനയിൽ പറഞ്ഞു.
മണിപ്പൂരിനെ ഇന്ത്യയിൽ നിന്ന് വിഭജിച്ച് പ്രത്യേക രാഷ്ട്രമാക്കുകയെന്ന ലക്ഷ്യത്തോടെ 1978ൽ രൂപീകൃതമായ സംഘടനയാണ് പി.എൽ.എ. യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ടിൽ നിന്ന് വിഘടിച്ചാണ് സംഘടനയുടെ രൂപീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.