ലോകത്തേറ്റവും കുടിയേറ്റക്കാരുള്ളത് അമേരിക്കയിൽ; ഇന്ത്യയോടുള്ള താൽപ്പര്യം കുറഞ്ഞു
text_fieldsലോകത്തേറ്റവും കുടിയേറ്റക്കാരുള്ളത് അമേരിക്കയിലെന്ന് യു.എൻ റിപ്പോർട്ട്. 2020ലെ കണക്കനുസരിച്ച് 5.1 കോടി കുടിയേറ്റക്കാരാണ് അമേരിക്കയിലുള്ളത്. ഇത് ലോകത്തിന്‍റെ മൊത്തം കുടിേയറ്റക്കാരുടെ 18 ശതമാനമാണ്. ഇന്ത്യയോടുള്ള കുടിയേറ്റക്കാരുടെ താൽപ്പര്യം കുറഞ്ഞതായും യു.എൻ റിപ്പോർട്ട് പറയുന്നു. ഏറ്റവും കൂടുതൽ കുടിയേറ്റക്കാരുള്ള രണ്ടാമത്തെ രാജ്യം ജർമ്മനി (1.6 കോടി)യും മൂന്നാമത്തെ രാജ്യം സൗദി അറേബ്യ (1.3 കോടി)യുമാണ്. റഷ്യ (1.2 കോടി), യുകെ (90 ലക്ഷം) എന്നിവർ നാലും അഞ്ചും സ്ഥാനങ്ങളിൽ വരും.
കോവിഡ് അന്താരാഷ്ട്ര കുടിയേറ്റക്കാരുടെ എണ്ണം കുറച്ചതായും യുഎൻ പുറത്തിറക്കിയ 'ഇന്‍റർനാഷണൽ മൈഗ്രേഷൻ 2020 ഹൈലൈറ്റുകൾ' എന്ന റിപ്പോർട്ട് പറയുന്നു. രണ്ട് ദശകങ്ങളായി അന്താരാഷ്ട്ര കുടിയേറ്റക്കാരുടെ എണ്ണത്തിൽ വളർച്ച ശക്തമാണെന്നും 2020 ൽ 28.1 കോടി പേർ തങ്ങളുടെ രാജ്യത്തിന് പുറത്ത് താമസിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. 2000 ൽ ഇത് 17.3 കോടിയും 2010 ൽ 22.1 കോടിയുമായിരുന്നു. നിലവിൽ അന്താരാഷ്ട്ര കുടിയേറ്റക്കാർ ലോക ജനസംഖ്യയുടെ 3.6 ശതമാനം പ്രതിനിധീകരിക്കുന്നുണ്ട്. 2000നും 2020നും ഇടയിൽ 179 രാജ്യങ്ങളിലോ പ്രദേശങ്ങളിലോ കുടിയേറ്റക്കാരുടെ എണ്ണം വർദ്ധിച്ചു.
ജർമ്മനി, സ്പെയിൻ, സൗദി അറേബ്യ, യു.എ.ഇ, യുഎസ് എന്നിവയാണ് ഈ കാലയളവിൽ ഏറ്റവും കൂടുതൽ കുടിയേറ്റക്കാരെ നേടിയത്. ഇതിനു വിപരീതമായി 53 രാജ്യങ്ങളിലോ പ്രദേശങ്ങളിലോ അന്താരാഷ്ട്ര കുടിയേറ്റക്കാരുടെ എണ്ണം 2000 നും 2020 നും ഇടയിൽ കുറഞ്ഞു. അർമേനിയ, ഇന്ത്യ, പാകിസ്ഥാൻ, ഉക്രെയ്ൻ, ടാൻസാനിയ എന്നിവയാണ് ഏറ്റവും കൂടുതൽ ഇടിവ് നേരിട്ട രാജ്യങ്ങൾ. ലോകത്ത് ഏറ്റവും കൂടുതൽ പണം പ്രവാസികളിൽ നിന്ന് ലഭിക്കുന്ന രാജ്യംഇന്ത്യയാണ്. 2019 ൽ 83 ബില്യൺ യുഎസ് ഡോളർ പ്രവാസികളിൽ നിന്ന് ഇന്ത്യക്ക് ലഭിച്ചു. 2020 ൽ ഈ തുക ഒമ്പത് ശതമാനം കുറഞ്ഞ് 76 ബില്യണായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.