സച്ചിന്‍ പൈലറ്റിന് താല്‍ക്കാലിക ആശ്വാസം; ഹൈകോടതി വിധി സ്റ്റേ ചെയ്യില്ലെന്ന് സുപ്രീകോടതി
text_fieldsന്യൂഡല്‍ഹി: രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിന് താല്‍ക്കാലിക ആശ്വാസം. സച്ചിന്‍ പൈലറ്റ് ഉള്‍പ്പെടെ 19 കോണ്‍ഗ്രസ് വിമത എം.എല്‍.എ.മാര്‍ക്കെതിരെ വെള്ളിയാഴ്ചവരെ നടപടി പാടില്ലെന്ന ഹൈകോടതി ഉത്തരവ് സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. ഹൈകോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാന്‍ സ്പീക്കറാണ് സുപ്രീംകോടതിയെ സമീപിച്ചത്. സ്പീക്കറുടെ നടപടി ചോദ്യം ചെയ്തുള്ള ഹരജിയിൽ ഹൈകോടതിക്ക് വിധി പ്രസ്താവിക്കാമെങ്കിലും ഹൈകോടതി ഉത്തരവ് സുപ്രീംകോടതിയുടെ തീര്‍പ്പിന് വിധേയമായിരിക്കുമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
എം.എൽ.എമാരെ അയോഗ്യരാക്കുന്നത് സംബന്ധിച്ച നടപടിക്രമങ്ങളിൽ കോടതിക്ക് ഇടപെടാനാകില്ല. സുപ്രീം കോടതി അഞ്ചംഗ ബഞ്ചിന്‍റെ വിധി പ്രകാരം രാജ്യത്ത് സ്ഥാപിതമായ നിയമമാണ് ഇത്. ഇത് മറികടന്നാണ് സച്ചിൻ പൈലറ്റ് ക്യാമ്പിലെ എം.എൽ.എമാരുടെ അയോഗ്യത സംബന്ധിച്ച് രാജസ്ഥാൻ ഹൈകോടതി തീരുമാനമെടുത്തത് എന്നായിരുന്നു സ്പീക്കറുടെ വാദം. മുതി൪ന്ന അഭിഭാഷകൻ കപിൽ സിബലാണ് സ്പീക്കർക്ക് വേണ്ടി ഹാജരായത്.
സ്പീക്കറുടെ അധികാര പരിധി സംബന്ധിച്ച കൂടുതൽ വാദം കേൾക്കേണ്ടതുണ്ട്. തിങ്കളാഴ്ച കേസിൽ മുതൽ വാദം കേൾക്കുമെന്നും സുപ്രീം കോടതി അറിയിച്ചു. എങ്കിൽ ഹൈകോടതി നടപടിക്രമങ്ങൾ സുപ്രീം കോടതിയിലേക്ക് മാറ്റുകയോ നടപടിക്രമങ്ങൾ സ്റ്റേ ചെയ്യുകയോ വേണമെന്ന് കപിൽ സിബൽ വാദിച്ചെങ്കിലും കോടതി വഴങ്ങിയില്ല. സച്ചിൻ പൈലറ്റ് ക്യാമ്പിലെ എം.എൽ.എമാ൪ നൽകിയ ഹരജിയിൽ രാജസ്ഥാൻ ഹൈകോടതി നാളെ വിധി പറയും.
sachin pilot, rajastan congress, india news
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.