സാമ്പത്തിക തട്ടിപ്പ്: ജനാർദ്ദന റെഡ്ഡിയും സഹായിയും അറസ്റ്റിൽ
text_fieldsബംഗളൂരു: കോടികളുടെ തട്ടിപ്പു നടത്തിയ മണി ചെയിൻ കമ്പനി ഉടമയിൽനിന്ന് കൈക്കൂലി വാങ്ങിയെന്ന കേസിൽ ബെള്ളാരിയിലെ ഖനി വ്യവസായ ഭീമനും മുൻ ബി.ജെ.പി മന്ത്രിയുമായ ഗലി ജനാർദന റെഡ്ഡി അറസ്റ്റിൽ.
ശനിയാഴ്ച വൈകീട്ട് നാലുമണിയോടെ ബംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായ ജനാർദന റെഡ്ഡിയെ മാരത്തൺ ചോദ്യം ചെയ്യലിനുശേഷം ഞായറാഴ്ച ഉച്ചക്ക് ഒരുമണിയോടെയാണ് അറസ്റ്റ് ചെയ്തത്. തുടർന്ന് വൈദ്യപരിശോധനക്കുശേഷം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി നവംബർ 24വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. റെഡ്ഡിയെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് അന്വേഷണ സംഘവും ജാമ്യം നൽകണമെന്ന് റെഡ്ഡിയും ആവശ്യപ്പെട്ടെങ്കിലും കോടതി ഇക്കാര്യങ്ങൾ പരിഗണിച്ചില്ല.
വൈകീട്ട് മൂന്നരയോടെ ജനാർദന റെഡ്ഡിയെ പരപ്പന അഗ്രഹാര സെൻട്രൽ ജയിൽ എത്തിച്ചു. റെഡ്ഡിയുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച ബംഗളൂരു സെഷൻസ് കോടതി പരിഗണിക്കും. മുൻകൂർ ജാമ്യാപേക്ഷ പരിഗണനയിലിരിക്കെയാണ് റെഡ്ഡിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും അദ്ദേഹത്തിൽനിന്നും പണം കണ്ടെത്തി നിക്ഷേപകർക്ക് നൽകുമെന്നും സി.സി.ബി എ.സി.പി അലോക് കുമാർ പറഞ്ഞു.
പരപ്പന അഗ്രഹാര ജയിലിൽ പ്രത്യേക പരിഗണനകളൊന്നുമില്ലാതെ സാധാരണ തടവുകാരനായിരിക്കും റെഡ്ഡിയെന്നും ജയിൽ അധികൃതർ വ്യക്തമാക്കി. ജനാർദന റെഡ്ഡിയുടെ അനുയായിയും കൈക്കൂലി കേസിൽ ഇടനിലക്കാരനാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയ അലിഖാനെയും അറസ്റ്റ് ചെയ്തു.
സാമ്പത്തിക ഇടപാട് നടത്തിയിട്ടില്ലെന്നും കമ്പനിയുമായി ഒരു ബന്ധവുമില്ലെന്നായിരുന്നു റെഡ്ഡിയുടെ മൊഴി. ശനിയാഴ്ച വൈകീട്ട് ആരംഭിച്ച ചോദ്യം ചെയ്യൽ ഞായറാഴ് പുലർച്ചെ രണ്ടുമണിവരെ നീണ്ടു. തുടർന്ന് ചാമരാജ്പേട്ടയിലെ സി.സി.ബി ഒാഫിസിൽതന്നെ വിശ്രമിച്ച റെഡ്ഡിയെ ഞായറാഴ്ച രാവിലെയും ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നോട്ടീസ് ലഭിച്ചതിെൻറ അടിസ്ഥാനത്തിൽ ഒളിവിലായിരുന്ന ജനാർദന റെഡ്ഡി ശനിയാഴ്ച വൈകീട്ടാണ് ചോദ്യം ചെയ്യലിന് ഹാജരായത്.
വൻ പലിശ വാഗ്ദാനം ചെയ്ത് വിവിധ നിക്ഷേപകരിൽനിന്നും 600 കോടിയോളം സമാഹരിച്ച് തട്ടിപ്പുനടത്തിയ കേസിൽ, എൻഫോഴ്സ്മെൻറ് അന്വേഷണം നേരിടുന്ന ആംബിഡൻറ് മാർക്കറ്റിങ് കമ്പനിയുമായുള്ള ഇടപാടിെൻറ പേരിലാണ് റെഡ്ഡിക്കെതിരെ കേസ് എടുത്തത്.
കമ്പനിയുടെ ഉടമയായ അഹമ്മദ് ഫരീദിൽനിന്നും രണ്ടു കോടി പണമായും 18 കോടി രൂപയുടെ 57 കിലോ സ്വർണവും ജനാർദന റെഡ്ഡി കൈപ്പറ്റിയെന്ന പരാതിയിലാണ് സെൻട്രൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നത്. കേന്ദ്രത്തിൽ സ്വാധീനം ചെലുത്തി കേസിൽനിന്നും രക്ഷപ്പെടുന്നതിനും ജാമ്യം ലഭിക്കുന്നതിനുമാണ് ഫരീദ് കൈക്കൂലി നൽകിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അഹമ്മദ് ഫരീദ് തന്നെയാണ് ഇക്കാര്യം അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.