ഹരിയാനയിലെ മദ്രസകളിൽ ദേശീയഗാനം നിർബന്ധമാക്കുമെന്ന സൂചന നൽകി വിദ്യാഭ്യാസ മന്ത്രി
text_fieldsചണ്ഡീഗഡ്: ഉത്തർപ്രദേശിലെ മദ്രസകളിൽ ദേശീയഗാനം നിർബന്ധമാക്കിയതിന് പിന്നാലെ ഹരിയാനയിലും നടപ്പിലാക്കുമെന്ന സൂചന നൽകി വിദ്യാഭ്യാസ മന്ത്രി കൻവർ പാൽ.
"മദ്രസയായാലും സ്കൂളായാലും ഒരു കുഴപ്പവുമില്ല. എല്ലായിടത്തും ദേശീയഗാനം ആലപിക്കണം. അതിൽ ആർക്കും എതിർപ്പുണ്ടാകരുത്"- മന്ത്രി പറഞ്ഞു. യു.പി സർക്കാരിന്‍റെ നീക്കത്തിന് പിന്നാലെ ഹരിയാനയിലും ഇത് നടപ്പിലാക്കുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.
വ്യാഴാഴ്ചയാണ് സംസ്ഥാനത്തെ എല്ലാ മദ്രസകളിലും ദേശീയഗാനം ആലപിക്കുന്നത് യു.പി സർക്കാർ നിർബന്ധമാക്കിയത്. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് മേയ് ഒൻപതിന് മദ്രസ വിദ്യാഭ്യാസ ബോർഡ് രജിസ്ട്രാർ ജില്ല ന്യൂനപക്ഷ ക്ഷേമ ഓഫിസർമാർക്ക് കൈമാറി.
1947ലെ രാജ്യ വിഭജനത്തിന്‍റെ കാരണങ്ങളിലൊന്നായി കോൺഗ്രസിന്‍റെ 'അനുമോദന നയം' സംസ്ഥാനത്തെ ഒൻപതാം ക്ലാസുകളിലെ ചരിത്ര പുസ്തകത്തിൽ ഉൾപ്പെടുത്തിയത് വൻ പ്രതിഷേധങ്ങൾക്ക് വഴി വെച്ചിരുന്നു. വിഷയം പുസ്തകത്തിൽ നിന്ന് പിൻവലിക്കണമെന്ന് കോൺഗ്രസ് നേതാവ് രൺദീപ് സിങ് സുർജേവാല ആവശ്യപ്പെട്ടിരുന്നു.
ചരിത്രത്തെ വെള്ളപൂശാൻ ആർക്കും സാധിക്കില്ലെന്ന് സുർജേവാലയുടെ പ്രതികരണത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. സ്വാതന്ത്ര്യ സമര സേനാനിയും ഹിന്ദുത്വ സൈദ്ധാന്തികനുമായ വീർ സവർക്കറെ കുറിച്ചുള്ള പാഠങ്ങൾ സ്‌കൂൾ പാഠ്യ വിഷയത്തിൽ നേരത്തെ ഭാഗമായിരുന്നെന്നും അത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.