വ്യാജവാർത്തകളിൽ ഓൺലൈൻ ചാനലുകൾക്ക് മുന്നറിയിപ്പുമായി അനുരാഗ് താക്കൂർ
text_fieldsന്യൂഡൽഹി: വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്ന ഓൺലൈൻ ചാനലുകൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂർ. 22 യൂട്യുബ് ചാനലുകൾ നിയന്ത്രണമേർപ്പെടുത്തിയതിന് പിന്നാലെയാണ് താക്കൂറിന്റെ പ്രസ്താവന.
"കേന്ദ്ര സർക്കാർ 22 യൂട്യൂബ് ചാനലുകൾ ബ്ലോക്ക് ചെയ്തു. 18 എണ്ണം ഇന്ത്യയിൽ പ്രവർത്തിക്കുന്നതും നാലെണ്ണം പാകിസ്ഥാനിലും. ഇതിന് മുമ്പും ഇത്തരം ചാനലുകളുടെ പ്രവർത്തനം കേന്ദ്രസർക്കാർ തടഞ്ഞിട്ടുണ്ട്". ഇന്ത്യയിൽ ആകെ 78 ചാനലുകളാണ് കേന്ദ്രം ബ്ലോക് ചെയ്തതെന്നും താക്കൂർ പറഞ്ഞു. ഇത്തരം ചാനലുകൾക്കെതിരെ നടപടിയെടുക്കുന്നതിൽ നിന്നും സർക്കർ ഒരിക്കലും പിൻമാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ പരമാധികാരം, ദേശീയ സുരക്ഷ, മറ്റ് രാജ്യങ്ങളുമായുള്ള ബന്ധങ്ങൾ എന്നിവയെ ബാധിക്കുന്ന വിധത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ ഈ ചാനലുകൾ ഏർപ്പെട്ടതായി കണ്ടെത്തിയിരുന്നു. അവർ കോവിഡിനെ കുറിച്ചും റഷ്യ-യുക്രെയ്ൻ പ്രതിസന്ധിയെ കുറിച്ചും വ്യാജ വാർത്തകൾ പ്രചരിപ്പിച്ചുവെന്നും താക്കൂർ പറഞ്ഞു.
ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം 22 യൂട്യൂബ് അധിഷ്ഠിത വാർത്താ ചാനലുകളും മൂന്ന് ട്വിറ്റർ അക്കൗണ്ട്, ഒരു ഫേസ്ബുക്ക് അക്കൗണ്ട്, ഒരു വാർത്താ വെബ്‌സൈറ്റ് എന്നിവയുടെ പ്രവർത്തനാനുമതി തടഞ്ഞുകൊണ്ട് ഉത്തരവിട്ടിരുന്നു. ഇന്ത്യയുടെ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് 2021ലെ ഐ.ടി ചട്ടങ്ങൾക്ക് കീഴിലുള്ള അടിയന്തര അധികാരങ്ങൾ ഉപയോഗിച്ചാണ് ഇവയുടെ പ്രവർത്തനം തടഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.