'ഇന്ത്യൻ വാർത്തകളെ പക്ഷപാതപരമായി സമീപിക്കുന്നു'; യു.എസ് മാധ്യമങ്ങൾക്കെതിരെ മന്ത്രി ജയ്ശങ്കർ
text_fieldsവാഷിങ്ടൺ: കശ്മീർ അടക്കം വിഷയങ്ങളിൽ പ്രമുഖ യു.എസ് മാധ്യമങ്ങൾ ഇന്ത്യക്കെതിരെ പക്ഷപാതപരമായ റിപ്പോർട്ടുകൾ നൽകുന്നതായി, യു.എസ് സന്ദർശനത്തിനിടയിൽ ആരോപണമുന്നയിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ.
വാഷിങ്ടൺ പോസ്റ്റ് അടക്കമുള്ള മാധ്യമങ്ങൾ ഇന്ത്യൻ വാർത്തകളെ പക്ഷപാതപരമായി സമീപിക്കുന്നുവെന്നും വാഷിങ്ടണിൽ നടന്ന അമേരിക്കൻ ഇന്ത്യക്കാരുടെ കൂട്ടായ്മയിൽ സംസാരിക്കവെ ജയ്ശങ്കർ ആരോപണമുന്നയിച്ചു. ''ചില പത്രങ്ങൾ, ഈ നഗരത്തിൽനിന്ന് പ്രസിദ്ധീകരിക്കുന്നതടക്കമുള്ളവ എന്തൊക്കെയാണ് എഴുതുന്നതെന്ന് നാം കാണുന്നു. പക്ഷപാതപരമായ സമീപനം കാണുന്നു. ഇന്ത്യയെ രൂപപ്പെടുത്തിയവർ തങ്ങളാണെന്ന് വിചാരിക്കുന്ന ചിലരുണ്ട്.
രാജ്യം മുന്നോട്ടു പോകവെ അത്തരക്കാർക്ക് അടിത്തറ നഷ്ടമായി. രാജ്യത്തിനകത്ത് തോറ്റുപോയ അത്തരക്കാർ ഇപ്പോൾ പുറത്തുനിന്ന് വിജയിക്കാൻ ശ്രമിക്കുകയാണ്.'' -യു.എസിൽ വർധിച്ചുവരുന്ന ഇന്ത്യാവിരുദ്ധ ശക്തികളെകുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി വിദേശകാര്യ മന്ത്രി പറഞ്ഞു. ഇത്തരം സാഹചര്യത്തെ കുറിച്ച് നാം ബോധവാന്മാരായിരിക്കണമെന്നും നമ്മെ നിർവചിക്കാൻ മറ്റുള്ളവർക്ക് നിന്നുകൊടുക്കേണ്ടതില്ലെന്നും ജയ്ശങ്കർ അഭിപ്രായപ്പെട്ടൂ. കശ്മീരിൽ ഇന്ത്യൻ പട്ടാളക്കാരും പൊലീസുകാരുമെല്ലാം കൊല്ലപ്പെടുമ്പോൾ അത്തരം കാര്യങ്ങൾ ഈ മാധ്യമങ്ങൾ ചർച്ചചെയ്യുന്നില്ല. ഇങ്ങനെയെല്ലാമാണ് രാജ്യത്തിനു പുറത്ത് ധാരണകൾ രൂപപ്പെട്ടുവരുന്നത്. ഇന്റർനെറ്റ് റദ്ദാക്കിയതിനെതിരെ വൻ ബഹളമുയർന്നത് നാം കണ്ടു. ജനങ്ങൾ കൊല്ലപ്പെടുന്നതിനേക്കാൾ അഭികാമ്യം ഇന്റർനെറ്റ് റദ്ദാക്കുന്നതാണ് എന്ന സാഹചര്യം വരുമ്പോൾ നാം പിന്നെന്താണ് ചെയ്യേണ്ടത്. ഇത്തരം പ്രചാരണങ്ങൾ തുടരാൻ നാം അനുവദിക്കരുത്.
നാം ബോധവത്കരിക്കാനിറങ്ങണം. ചർച്ചകൾ നാം രൂപപ്പെടുത്തണം. നമ്മുടെ സന്ദേശങ്ങൾ പുറത്തുവരണം. അതാണ് എനിക്ക് പറയാനുള്ളത്'' -പ്രവാസി അമേരിക്കക്കാരോടായി ജയ്ശങ്കർ പറഞ്ഞു.
'യു.എസ്-പാക് ബന്ധം ഇരുവർക്കും 'ഗുണമാകില്ല'
വാഷിങ്ടൺ: പാകിസ്താനുമായുള്ള അമേരിക്കയുടെ ബന്ധം ഇരുരാജ്യങ്ങൾക്കും 'ഗുണം ചെയ്യില്ലെന്ന്' ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ. ഇന്ത്യക്കാരും അമേരിക്കക്കാരുമടങ്ങുന്ന സദസ്സുമായി സംവദിക്കുന്നതിനിടെ, പാകിസ്താന് 450 മില്യൺ യു.എസ് ഡോളറിന്റെ എഫ്-16 ഫൈറ്റർ ജെറ്റ് ഫ്ലീറ്റ് സസ്റ്റൈൻമെന്റ് പ്രോഗ്രാമിന് ബൈഡൻ ഭരണകൂടം അംഗീകാരം നൽകിയത് സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തീവ്രവാദ ഭീഷണികളെ നേരിടാൻ പാകിസ്താനെ സഹായിക്കുന്നതിനാണ് പാക്കേജ് എന്ന അമേരിക്കയുടെ വാദത്തെയും ജയ്ശങ്കർ എതിർത്തു. 'എവിടെ, ആർക്കെതിരെയാണ് എഫ്-16കൾ ഉപയോഗിക്കുകയെന്ന് എല്ലാവർക്കും അറിയാം. ഇത്തരം കാര്യങ്ങൾ പറഞ്ഞ് ആരെയും മണ്ടന്മാരാക്കാൻ നോക്കേണ്ട' -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.