അനുമതിയില്ലാതെ ബാനർ കെട്ടിയതിന് മന്ത്രി പ്രിയങ്ക് ഖാർഗെക്ക് 5000 രൂപ പിഴ; ചുമത്തിയത് ബി.ജെ.പി ഭരിക്കുന്ന നഗരസഭ
text_fieldsമംഗളൂരു: അനുമതിയില്ലാതെ ബാനർ സ്ഥാപിച്ചു എന്നതിന് ഗ്രാമവികസന-പഞ്ചായത്തീരാജ് മന്ത്രിയും എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ മകനുമായ പ്രിയങ്ക് ഖാർഗെക്ക് പിഴ. ബി.ജെ.പി ഭരിക്കുന്ന കലബുറുഗി മുനിസിപ്പൽ കോർപറേഷനാണ് മന്ത്രിക്ക് 5,000 രൂപ പിഴയിട്ടത്.
ബുധനാഴ്ച രാഹുൽ ഗാന്ധിയും മല്ലികാർജ്ജുൻ ഖാർഗെയും പങ്കെടുത്ത കർണാടക സർക്കാറിന്റെ ഗൃഹലക്ഷ്മി പദ്ധതി ഉദ്ഘാടനം സംബന്ധിച്ച ബാനറിന്റെ പേരിലാണ് നടപടി. അലൻഡ് ചെക്ക് പോസ്റ്റ് പരിസരത്താണ് ബാനർ ഉയർത്തിയിരുന്നത്. തുടർന്ന്, കലബുറുഗി ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രിക്ക് കലബുറുഗി മുനിസിപ്പൽ കോർപറേഷൻ പിഴ ചുമത്തുകയായിരുന്നു. തുക കോർപറേഷനിലെ കോൺഗ്രസ് കൗൺസിലർമാർ അടക്കാമെന്ന് മന്ത്രിയെ അറിയിച്ചു.
നേരത്തെ ബംഗളൂരു ക്വീൻസ് റോഡിലെ കെ.പി.സി.സി ആസ്ഥാന പരിസരത്ത് അനുമതിയില്ലാതെ ബാനർ കെട്ടിയതിന് പാർട്ടി കർണാടക അധ്യക്ഷൻ കൂടിയായ ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന് ബ്രഹത് ബംഗളൂരു മഹാനഗര പാലികെ(ബിബിഎംപി)50,000 രൂപ പിഴയിട്ടിരുന്നു.
മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധി, കർണാടക മുൻ മുഖ്യമന്ത്രി ഡി.ദേവരാജ് അർസ് എന്നിവയുടെ ജന്മദിന ആഘോഷവുമായി ബന്ധപ്പെട്ട് കെ.പി.സി.സിയുടെ പിന്നാക്ക വിഭാഗ സംഘടനകൾ പാർട്ടി നേതാക്കളുടെ പടങ്ങൾ ഉൾപ്പെട്ട ബാനർ പ്രദർശിപ്പിച്ചതിനായിരുന്നു പാർട്ടി അധ്യക്ഷൻ എന്ന നിലയിൽ പിഴ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.